തൃശൂര്‍: ജില്ലയിലെ മുളങ്കുന്നത്തുകാവില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി വകുപ്പിന് കീഴിലുള്ള സിമെറ്റും കെല്‍ട്രോണും പങ്കാളികളാകുന്ന സെന്‍സര്‍ മാനുഫാക്ചറിംഗ് കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ ധാരണയായതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. മുളങ്കുന്നത്തു കാവിലെ കെല്‍ട്രോണിന്റെ ഭൂമി ഇതിനായി പ്രയോജനപ്പെടുത്താനാണ് മന്ത്രി പി. രാജീവും കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐ.ടി മന്ത്രാലയ സെക്രട്ടറി എസ് കൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള ധാരണ. നിലവില്‍ ലിക്വിഡേഷനിലുള്ള ഭൂമി തിരിച്ചെടുത്ത് പദ്ധതിക്കായി ഉപയോഗപ്പെടുത്തും. ഇതിനായി ഹൈക്കോടതിയുടെ അംഗീകാരം തേടും. സിമെറ്റി (C-MET) ന്റെ വിപുലീകരണം, സി മെറ്റുമായി ചേര്‍ന്നുള്ള സെന്‍സര്‍ മാനുഫാക്ചറിംഗ് കോമണ്‍ ഫെസിലിറ്റി സെന്റര്‍ എന്നീ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സെന്‍സര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള വ്യവസായ വികസനത്തിന് വഴിയൊരുങ്ങുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
സി മെറ്റ് സമര്‍പ്പിച്ച നിര്‍ദ്ദേശം ആധാരമാക്കി കെല്‍ട്രോണ്‍ ആണ് പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര സ്ഥാപനമായ സിമെറ്റിന്റെ വിപുലീകരണത്തിനായി കെല്‍ട്രോണിന്റെ 5 ഏക്കര്‍ ഭൂമി കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് കൈമാറും. നേരത്തെ പ്രവര്‍ത്തനം നിലച്ച കെല്‍ട്രോണ്‍ ഉപകമ്പനികളുടെ ബാധ്യതയും ഇതിലൂടെ തീര്‍ക്കാന്‍ കഴിയും. സിമെറ്റുമായി ചേര്‍ന്ന് സെന്‍സര്‍ മാനുഫാക്ചറിംഗ് കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിന് അവശേഷിക്കുന്ന 7 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തും. സെന്‍സര്‍ ഇന്‍കുബേഷന്‍ സെന്റര്‍, സെന്‍സര്‍ ഇന്റഗ്രേറ്റഡ് ചിപ്‌സ്, ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്ത് സെന്‍സര്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളുടേയും വ്യവസായങ്ങളുടേയും വികസനത്തിന് സഹായകരമാവുന്ന കേന്ദ്രമായിരിക്കും ഇത്.
കെല്‍ട്രോണിന്റെ 12.19 ഏക്കര്‍ ഭൂമി തിരിച്ചെടുത്ത് വ്യവസായ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മികച്ച നിര്‍ദ്ദേശമാണ് തയ്യാറാക്കിയിരിക്കുന്നതെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
Related News