ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പാക്കിസ്ഥാന്‍ വളര്‍ത്തിയെടുത്ത ഭീകരതാവളങ്ങളാണ് ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന കൃത്യമായ ആസൂത്രിത സൈനിക നീക്കത്തിലൂടെ തകര്‍ത്തതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും അറിയിച്ചു. സാധാരണ ജനങ്ങള്‍ക്ക് യാതൊരു അപകടവുമുണ്ടാകാത്ത വിധത്തില്‍ നിശ്ചിത കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത്ആക്രമണം നടന്നതെന്നും അവര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം സംസാരിച്ച അവര്‍, കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും ചൂണ്ടിക്കാട്ടി. 'ഭീകരതക്കെതിരായ നമ്മുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നതാണ്,' വിക്രം മിശ്രി വ്യക്തമാക്കി.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശക്തമായ മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ അരങ്ങേറിയത്. ആക്രമണത്തെത്തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ നടപടി സ്വീകരിച്ചത്. 'കുടുംബാംഗങ്ങളുടെ മുന്നില്‍ ആളുകള്‍ വെടിയേറ്റ് വീണതായിരുന്നു പഹല്‍ഗാമില്‍ സംഭവിച്ചത്. ഇന്ത്യയ്ക്കെതിരായും സാമുദായിക സൗഹാര്‍ദത്തിനെതിരായുമായിരുന്നു ആ ആക്രമണം,' മിശ്രി വിശദീകരിച്ചു.
2008ന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു പഹല്‍ഗാമിലേത് എന്നും അതിന് പിന്നില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍ ഭീകരവാദത്തിന് ആശ്രയ കേന്ദ്രമാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഇന്ത്യ സഹിക്കില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ഭീകരസംഘടനകളെ, പ്രത്യേകിച്ച് ടിആര്‍എഫ്, ലഷ്‌കറേ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഗ്രൂപ്പുകള്‍ക്കു പിന്തുണ നല്‍കി ഉപയോഗിക്കുന്നു. ഭീകരതയ്ക്ക് പാക്കിസ്ഥാന്‍ ഏറെക്കാലമായി സംരക്ഷണമാണ് നല്‍കുന്നത്. ഇന്ത്യ നയതന്ത്രപരമായി പലവട്ടം മുന്നോട്ട് പോയെങ്കിലും പാക്കിസ്ഥാന്‍ പ്രതികരിക്കാതെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു.
ഏപ്രില്‍ 22-ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നല്‍കി. ഇന്ത്യ ഇന്നു പുലര്‍ച്ചെ പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. പഹല്‍ഗാമിലെ ആക്രമണത്തിനു പാകിസ്ഥാന്‍ 14 ദിവസത്തിനുള്ളില്‍ യാതൊരു നടപടിയും എടുത്തില്ല. അതിനാല്‍ തന്നെ ഇന്ത്യ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമായിരുന്നുവെന്ന് മിശ്രി പറഞ്ഞു. 'പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യം. അതിര്‍ത്തി കടന്ന് ഭീകരര്‍ ഇന്ത്യയിലേക്കും വരരുത് എന്നതാണ് പ്രധാന ലക്ഷ്യം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര തലത്തില്‍ ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് ശക്തമാകുന്നതിന് ഈ നീക്കം ഒരു സന്ദേശമാണെന്ന് കേന്ദ്രം വ്യക്തമാക്കി.
Related News