ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിക്ക് പിന്നാലെ നീതി നടപ്പായെന്ന് പ്രതികരിച്ച് കരസേന. എക്‌സിലൂടെയാണ് കരസേനയുടെ പ്രതികരണം.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമ്പത് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. പാകിസ്താന്‍ സൈന്യത്തിന്റെ ഒരു കേന്ദ്രത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല. ലക്ഷ്യം തെരഞ്ഞെടുക്കുന്നതിലും ആക്രമണം നടത്തുന്നതിലും ഇന്ത്യ സംയമനം പാലിച്ചുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഭാരത് മാതാ കീ ജയ്' എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്‌സില്‍ കുറിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്ത മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രവലിയ മോക്ഡ്രില്‍ സംഘടിപ്പിക്കപ്പെടുന്നത്.
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് ഇന്ത്യന്‍ തിരിച്ചടി. പഹല്‍ഗാം ആക്രമണത്തിന് ശേഷം നിരവധി തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Related News