ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍. 35 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമായ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹമ്മദ് ഷരീഫ് പറഞ്ഞു. രണ്ടു പേരെ കാണാതായതായും പാക് ഐടി മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് ഷരീഫ് അറിയിച്ചു.
പാകിസ്താനിലെ എട്ട് പ്രദേശങ്ങളിലായി ഇന്ത്യ 24 ആക്രമണങ്ങൾ നടത്തിയതായി പാകിസ്താന്‍ ആരോപിച്ചു. അതേസമയം, പാകിസ്താനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമായി ഒമ്പതിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്ന് രാവിലെ 10-ന് ദേശീയ സുരക്ഷാ സമിതി (NSC) യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെയും പഞ്ചാബ് പ്രവിശ്യയിലേയും സ്‌കൂളുകള്‍ അടയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related News