ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെച്ചു. മേയ് 15ന് പുതിയ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് യുടെ നേതൃത്വത്തിലുള്ള ബെഞ്ച് എല്ലാ ഹരജികളും പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
വഖഫ് ഭേദഗതി നിയമം സ്റ്റേചെയ്യണമെന്ന ആവശ്യത്തില്‍ ഇന്ന് വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. ഇതിനായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് ചേരുകയും ചെയ്തു. എന്നാല്‍ ഇടക്കാല ഉത്തരവില്‍ വിശദമായ വാദം കേള്‍ക്കേണ്ടിവരുമെന്നും അടുത്ത ആഴ്ച വിരമിക്കുന്ന സാഹചര്യത്തില്‍ അതിന് സമയമില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.
മേയ് 14ന് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റതിന് പിന്നാലെ വഖഫ് ഹരജികള്‍ സുപ്രീംകോടതി പരിഗണിക്കും. മേയ് 13നാണ് സഞ്ജീവ് ഖന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. ജസ്റ്റിസ് ബി.ആര്‍. ഗവായ് ആണ് അടുത്ത ചീഫ് ജസ്റ്റിസ്.
വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രീം കോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് മേയ് അഞ്ച് വരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യുകയോ കേന്ദ്ര വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും നിയമനങ്ങള്‍ നടത്തുകയോ ചെയ്യില്ലെന്നും ഏപ്രില്‍ 17ന് കേന്ദ്രം സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കുന്നു.
Related News