ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ യുവതിയെ വിവാഹം കഴിക്കുകയും അതു മറച്ചുവക്കുകയും ചെയ്ത സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പണി പോയി. മുനീര്‍ അഹമ്മദ് എന്ന ഉദ്യോഗസ്ഥനാണ് ജോലി നഷ്ടപ്പെട്ടത്. പാക്കിസ്ഥാന്‍ പൗരയായ മിനാല്‍ ഖാനുമായുള്ള വിവാഹം അറിയിക്കാതിരുന്നതും വിസ കാലാവധി കഴിഞ്ഞും ഭാര്യയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയതും രാജ്യസുരക്ഷയ്ക്ക് എതിരാണെന്നും ഇതാണ് പിരിച്ചുവിടലിന് കാരണമെന്നും സിആര്‍പിഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജമ്മു കശ്മീരിലെ സുരക്ഷാ മേഖലയില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി.
മിനാല്‍ ഖാനെ വിവാഹം കഴിക്കാന്‍ മുനീര്‍ അഹമ്മദ് 2023ല്‍ വകുപ്പുതല അനുമതി തേടിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം ആകും മുന്‍പ് 2024 മേയില്‍ ഇരുവരും വിവാഹിതരായി. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്. 2025 ഫെബ്രുവരിയില്‍ ടൂറിസ്റ്റ് വിസയില്‍ മിനാല്‍ ഖാന്‍ ഇന്ത്യയിലെത്തി. പിന്നീട് ദീര്‍ഘകാല വീസയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞെങ്കിലും മുനീര്‍ ഭാര്യയെ ഇന്ത്യയില്‍ താമസിപ്പിക്കുകയായിരുന്നു.
പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് പാക്ക് പൗരന്മാര്‍ ഇന്ത്യ വിടണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മിനാല്‍, വാഗഅട്ടാരി അതിര്‍ത്തി വരെ എത്തിയിരുന്നു. പക്ഷേ, ദീര്‍ഘകാല വിസയ്ക്ക് അപേക്ഷ നല്‍കിയിരുന്നത് പരിഗണിക്കണം എന്നാവശ്യപ്പെട്ട് മുനീറിന്റെ കുടുംബം ഇതിനിടെ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് അവസാനനിമിഷം രാജ്യം വിടുന്നത് കോടതി താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു.
Related News