ദുബായ്: പ്രവാസി സംരംഭമായി എയര്‍ കേരളക്ക് അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്റെ (അയാട്ട) എയര്‍ലൈന്‍ കോഡ് ലഭിച്ചു. എയര്‍ കേരളയുടെ സി.ഇ.ഒ ഹരീഷ് കുട്ടിയാണ് ഇത് സംബന്ധിച്ച് അറിയിച്ചത്. കെ.ഡി എന്നാണ് അയാട്ട അനുവദിച്ച കോഡ്. എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എ.ഒ.സി) കൂടി ലഭിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി.
കേരള ഡ്രീം എന്നതിന്റെ ചുരുക്കപ്പേരായി കെ.ഡിയെ പരിഗണിക്കാമെന്ന് എയര്‍ കേരളയുടെ സ്ഥാപകനും ചെയര്‍മാനുമായ അഫി അഹമ്മദ് പറഞ്ഞു. പ്രവാസി മലയാളികളുടെ സ്വപ്നം എന്ന നിലയിലാണ് 'കേരള ഡ്രീമാ'യി കണക്കാക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ടു ദുബായ്, കേരള ടു ദോഹ എന്നിങ്ങനെ പല അര്‍ഥവും കെ.ഡിക്ക് നല്‍കാവുന്നതാണെന്ന് അഫി അഹമ്മദ് പറഞ്ഞു. എ.ഒ.സി അടുത്ത മാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ രണ്ട് അക്ഷരങ്ങളോ, അല്ലെങ്കില്‍ ഒരു അക്ഷരവും ഒരു അക്കവും ചേര്‍ന്നതോ ആയിരിക്കും അയാട്ട നല്‍കുന്ന കോഡ്. എയര്‍ ഇന്ത്യയുടെ കോഡ് എ.ഐ എന്നാണ്. ഇന്‍ഡിഗോയുടേത് 6ഇ എന്നുമാണ്. കഴിഞ്ഞ മാസം എയര്‍ കേരളയുടെ കേരളത്തിലെ കോര്‍പറേറ്റ് ഓഫിസ് ആലുവയില്‍ തുറന്നിരുന്നു. മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിശാലമായ ഓഫിസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര സര്‍വിസ് ആരംഭിക്കുന്ന എയര്‍ കേരള വൈകാതെ അന്താരാഷ്ട്ര സര്‍വിസിനും തുടക്കമിടും. എയര്‍ കേരളയുടെ ആദ്യ വിമാനം ജൂണില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. 76 സീറ്റുകളുള്ള എ.ടി.ആര്‍ വിമാനങ്ങളാണ് സര്‍വിസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.
Related News