അയോധ്യ: അയോധ്യയെയും തൊട്ടടുത്തുള്ള ഫൈസാബാദിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റാം പഥ് റോഡില്‍ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിച്ചു. അയോധ്യ മുനിസിപ്പല്‍ കോര്‍പറേഷന്റേതാണ് ഉത്തരവ്. ക്ഷേത്രനഗരമായ അയോധ്യയില്‍ പതിറ്റാണ്ടുകളായി മദ്യവും മാംസവും നിരോധിച്ചിട്ടുണ്ട്. ഇത് ഫൈസാബാദിലേക്ക് കൂടി നീട്ടുകയാണെന്ന് അറിയിപ്പില്‍ പറയുന്നു. 14 കിലോമീറ്റര്‍ നീളമുള്ളതാണ് റാം പഥ് റോഡ്.
ഗുഡ്ക, ബീഡി, പാന്‍, സിഗരറ്റ് എന്നിവയുടെ വില്‍പനയും ഈ റോഡില്‍ നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടെയോ പുരുഷന്മാരുടെയോ അടിവസ്ത്രങ്ങളുടെ പരസ്യങ്ങളും ഇവിടെ പാടില്ല. നഗരത്തിലെ പ്രധാന പാതയായ റാം പഥ് ഭഗവാന്‍ ശ്രീരാമന്റെ പേര് ഉള്‍ക്കൊള്ളുന്നതാണ്. നഗരത്തിന്റെ യഥാര്‍ത്ഥ ഭക്തിനിര്‍ഭരമായ ആത്മാവ് നിലനിര്‍ത്താനാണ് കോര്‍പറേഷന്‍ ഈ ഉത്തരവിറക്കിയിട്ടുള്ളതെന്ന് മേയര്‍ ഗിരീഷ് പാടി ത്രിപാഠി പറഞ്ഞു.
ഈ വഴിയില്‍ നിന്നും അര കിലോമീറ്റര്‍ ദൂരത്ത് മാത്രമേ ഇനി മദ്യവും മാംസാഹാരവും വില്‍ക്കാന്‍ പാടുള്ളൂവെന്നും നിലവില്‍ അത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അവയുടെ വില്‍പന അവസാനിപ്പിക്കണമെന്നും കോര്‍പറേഷന്‍ ആവശ്യപ്പെട്ടു.
Related News