ന്യൂഡൽഹി: പടിഞ്ഞാറൻ അതിർത്തിയിൽ അത്യാധുനിക ജാമിങ് സംവിധാനങ്ങൾ വിന്യസിച്ച് ഇന്ത്യ. ഏപ്രിൽ 30 മുതൽ മെയ് 23 വരെ പാക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് പാകിസ്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജി.എൻ.എസ്.എസ്.) സിഗ്നലുകളെ തടസ്സപ്പെടുത്തുന്നതിനായി ഇന്ത്യ ജാമിങ് സംവിധാനങ്ങൾ വിന്യസിച്ചത്. ഇന്ത്യൻ നീക്കം പാക് വിമാനങ്ങളുടെ ദിശാ നിർണയശേഷിയും ആക്രമണശേഷിയും ഗണ്യമായി കുറയ്ക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ജിപിഎസ് (യുഎസ്), ഗ്ലോനാസ് (റഷ്യ), ബെയ്‌ഡൗ (ചൈന) എന്നിവയുൾപ്പെടെ ഒന്നിലധികം ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ പ്ലാറ്റ്‌ഫോമുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ ജാമിങ് സംവിധാനങ്ങൾക്ക് കഴിയും. ഇവയെല്ലാം പാകിസ്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ഭീകരാക്രമണത്തിന് പിന്നാലെ സിന്ധുനദീ ജല കരാർ മരവിപ്പിച്ചതുൾപ്പെടെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെ പാകിസ്താൻ അടിയന്തരമായി വ്യോമമേഖല അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമമേഖല അടച്ച് ഇന്ത്യ പ്രതിരോധം വീണ്ടും കടുപ്പിച്ചത്. പാകിസ്താൻ എയർലൈൻസ് വിമാനങ്ങൾക്കും പാകിസ്താനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കും ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല.
Related News