ന്യൂഡല്‍ഹി: അടുത്ത 24-36 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി ആരംഭിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അത്തൗല്ല തരാര്‍ വെളിപ്പെടുത്തി. അത്തരം നടപടി ഉണ്ടായാല്‍ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വയം ജഡ്ജിയും ആരാച്ചാരുമാകുകയാണെന്നും മന്ത്രി ആരോപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനു തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണസ്വാതന്ത്ര്യം നല്‍കിയെന്ന റിപ്പോര്‍ട്ടു പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാക്ക് മന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടു ചേര്‍ന്ന 90 മിനിറ്റ് ഉന്നതതല യോഗത്തിലാണ് തിരിച്ചടിക്കാന്‍ സൈന്യത്തിനു പൂര്‍ണ സ്വതന്ത്ര്യം പ്രധാനമന്ത്രി നല്‍കിയത്. ഇന്നു രാവിലെ മന്ത്രിതല സുരക്ഷാസമിതിയും കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. തിരിച്ചടി നീക്കങ്ങള്‍ക്ക് അന്തിമ അംഗീകാരം നല്‍കുക കാബിനറ്റിലാകും.
ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് എന്നിവരും പങ്കെടുത്തു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
Related News