റിയാദ്: റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ തറവാട് സംഘടിപ്പിച്ച ജെപി കപ്പ് മെഗാ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സീസണ്‍ 3 സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഇന്ത്യ, സൗദി, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ സ്വദേശികളായ മുന്നൂറിനടുത്ത് ബാഡ്മിന്റണ്‍ താരങ്ങള്‍ ടൂര്‍ണമെന്‌റില്‍ പങ്കെടുത്തു. റിയാദിന് പുറമെ ദമ്മാം, അബഹ, ജിദ്ദ എന്നിവടങ്ങളില്‍ നിന്നുമുള്ള താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കാളികളായി. എല്ലാ വിഭാഗങ്ങളിലെയും വിജയികള്‍ക്കും റണ്ണേര്‍സ് അപ്പിനും സര്‍ട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ്, ട്രോഫി എന്നിവയും സെമി ഫൈനലിസ്റ്റുകള്‍ക്ക് മെഡലും സമ്മാനമായി നല്‍കി.
സമാപന ചടങ്ങില്‍ വച്ച് തറവാടിന്റെ അഭ്യുദയകാംക്ഷിയും കായിക പ്രേമിയും ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറുമായ യുഐസി യുടെ സിഇഒ യും മാനേജിങ് ഡയറക്ടറുമായ ബദറുദ്ദീന്‍ അബ്ദുള്‍ മജീദിന് തറവാടിന്റെ സ്‌നേഹാദരമായി ഗുഡ്വില്‍ അംബാസഡര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. താരങ്ങള്‍ക്കും കാണികള്‍ക്കും വിതരണം ചെയ്ത റാഫില്‍ ഡ്രോ കൂപ്പണ്‍ നറുക്കെടുപ്പിന്റെ സമ്മാന വിതരണത്തോടെയായിരുന്നു സമാപനം.
കാരണവര്‍ ഷിജു എം പി, ടൂര്‍ണമെന്റ് ഡയറക്ടര്‍ ജോസഫ് കൈലാത്ത് എന്നിവരുടെ നേതൃത്വത്തില്‍, തറവാടിന്റെ കാര്യനിര്‍വ്വാഹക സമിതിക്കും ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കമ്മിറ്റിക്കും ഒപ്പം തോളോട്‌തോള്‍ ചേര്‍ന്ന് പ്രായഭേദമന്യേ മുഴുവന്‍ തറവാട് കുടുംബാംഗങ്ങളും ഒത്തൂ ചേര്‍ന്ന് നടത്തിയ ടൂര്‍ണമെന്റ് എന്നത്തേയും പോലെ തറവാട് കുടുംബ കൂട്ടായ്മയുടെ ഒരുമയുടെ സാക്ഷാത്കാരമായിരുന്നു.
Related News