മംഗളൂരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ മംഗളൂരുവില്‍ യുവാവിനെ തല്ലിക്കൊന്നു. കുടുപ്പു എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു. 19 പേര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തതായും മംഗളുരു കമ്മീഷണര്‍ അനുപം അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. 35-നും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളയാളാണ് മരിച്ചത്.
പ്രാദേശിക താമസക്കാരനായ ദീപക് കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.
Related News