പഹൽഗാം താഴ്‌വരയിലെ ബൈസരൺ വാലിയിൽ ഭീകരർ നിറയൊഴിച്ചപ്പോൾ 28 ജീവനുകളാണ് ഇല്ലാതായത്. കൊല്ലപ്പെട്ടവരിലേറെയും പുരുഷന്മാരായിരുന്നു. അവധിക്കാലം ആഘോഷിക്കാൻ എത്തിയവർ, വിവാഹം കഴിഞ്ഞ് ഹണിമൂൺ ട്രിപ്പിനെത്തിയവർ, മക്കളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കാൻ എത്തിയവർ തുടങ്ങി നിരവധിപ്പേരാണ് ചൊവ്വാഴ്ച ബൈസരൺ വാലിയിൽ ഒത്തുകൂടിയത്.
ഭീകരർ വെടിവെച്ചു കൊന്ന 28 പേരിൽ ഒരാൾ മുപ്പതുകാരനായ യുപി സ്വദേശി ശുഭം ദ്വിവേദിയായിരുന്നു. രണ്ടു മാസം മുന്‍പാണ് ശുഭം ദ്വിവേദിയുടെ വിവാഹം കഴിഞ്ഞത്. ഫെബ്രുവരി 12നായിരുന്നു ഐശ്വന്യയുമായുള്ള വിവാഹം. പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഐശ്വന്യയും മറ്റു ബന്ധുക്കളും നോക്കിനില്‍ക്കെയാണ് ഭീകരര്‍ ശുഭം ദ്വിവേദിയുടെ തലയ്ക്ക് നേരെ നിറയൊഴിച്ചത്.
തോക്കുചൂണ്ടി പേരു ചോദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. അതോടെ ഐശ്വന്യ അവളെയും വെടിവെച്ച് കൊല്ലണമെന്ന് ഭീകരരോട് അപേക്ഷിച്ചു. അതിന് തയ്യാറാകാതിരുന്ന ആക്രമികൾ, തങ്ങൾ ചെയ്ത കാര്യങ്ങൾ പോയി സർക്കാരിനെ അറിയിക്കാൻ നിർദേശിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
എംബിഎ ബിരുദധാരിയായ ശുഭം കാണ്‍പൂരില്‍ ബിസിനസുകാരനായിരുന്നു.വിവാഹം കഴിഞ്ഞ് രണ്ടാമത്തെ യാത്രയായിരുന്നു ഇത്.ശുഭം ഉള്‍പ്പെടെ 11 പേരടങ്ങിയ കുടുംബ സംഘം ഏപ്രില്‍ 11നാണ് കാശ്മീരിലേക്ക് വിനോദയാത്ര പോയത്. സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദർശിച്ച ശേഷമാണ് പഹല്‍ഗാമിലെത്തിയത്.
Related News