ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി ബുധനാഴ്ച രാവിലെ ന്യൂദല്‍ഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശമന്ത്രി ഡോ. എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ജിദ്ദയില്‍നിന്ന് പുറപ്പെട്ടത്. സൗദി ഉദ്യോഗസ്ഥര്‍ ഒരുക്കിയ ഔദ്യോഗിക വിരുന്ന് പ്രധാനമന്ത്രി ഒഴിവാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കാബിനറ്റ് സുരക്ഷാ കാര്യ കമ്മിറ്റിയുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ജിദ്ദയില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പഹല്‍ഗാം ആക്രമണം ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി മോദിയെ അറിയിച്ചിരുന്നു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് സ്ഥലം സന്ദര്‍ശിക്കാന്‍ അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത് ഷാ ഇപ്പോള്‍ ശ്രീനഗറിലാണ്.
ആക്രമണകാരികളെ വെറുതെ വിടില്ലെന്ന് എക്സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നു- അദ്ദേഹം പറഞ്ഞു.
ഈ ഹീനമായ പ്രവൃത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും... അവരെ വെറുതെ വിടില്ല. അവരുടെ ദുഷിച്ച അജണ്ട ഒരിക്കലും വിജയിക്കില്ല. തീവ്രവാദത്തിനെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതല്‍ ശക്തമാകും - അദ്ദേഹം പറഞ്ഞു.
Related News