ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ചാര സംഘടനക്കു ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) എന്ന സംഘടനയുടെ മറവില്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയും ഐഎസ്ഐയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഐഎസ്‌ഐ പിന്തുണച്ചു, ലഷ്‌കര്‍ ആസൂത്രണം ചെയ്തു, ടിആര്‍എഫ് നടപ്പാക്കിയെന്നാണ് രഹസ്യാന്വേഷണം ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ലഷ്‌കര്‍ ഡപ്യൂട്ടി കമാന്‍ഡറായ 'കസൂരി' എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്നും കണ്ടെത്തിയിട്ടുണ്ട്.
അഞ്ചോ ആറോ പാക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം ബൈക്കുകളിലെത്തിയായിരുന്നു ആക്രമണം. നമ്പര്‍ പ്ലേറ്റില്ലാതെ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഘമായി തിരിഞ്ഞ് എകെ47 ഉപയോഗിച്ചാണ് വിനോദ സഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത്. നാട്ടുകാരന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സൈനികവേഷത്തിലെത്തിയ ഭീകരര്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം.
സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്നു രാവിലെ ഡല്‍ഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, അജിത് ഡോവല്‍, വിക്രം മിസ്രി എന്നിവരുമായായിരുന്നു് കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ശ്രീനഗറിലും ഉന്നതതല യോഗം ചേരും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുരാവിലെ ന്യൂഡല്‍ഹിയില്‍ എത്തിയത്. മുന്‍നിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ശ്രീനഗറില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ നടത്തും. വിനോദ സഞ്ചാരികള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കുമായി പ്രത്യേക ഹെല്‍പ്‌ഡെസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. അനന്ത്‌നാഗ്: 01932222337, 7780885759, 9697982527, 6006365245. ശ്രീനഗര്‍: 01942457543, 01942483651,7006058623
ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മലയാളിയായ കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍. രാമചന്ദ്രനും് (65) ഉള്‍പ്പെടും. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരിക്കേറ്റു. കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നര്‍വലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഓഫിസര്‍ മനീഷ് രഞ്ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ദക്ഷിണ കശ്മീരില്‍ 'മിനി സ്വിറ്റ്സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്.
Related News