കൊച്ചി: യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് നിയന്ത്രണം. ഇനി മുതല്‍ ആര്‍ക്കും തോന്നുന്നതുപോലെ ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാവില്ല. വാഹന വകുപ്പിന് മുന്‍കൂട്ടി അപേക്ഷ നല്‍കി ലൈസന്‍സ് കരസ്ഥമാക്കി മാത്രമേ ഇനി മുതല്‍ ഷോറൂമുകള്‍ തുറക്കാന്‍ കഴിയൂ. നിലവിലുള്ള ഷോറൂമുകള്‍ ലൈസന്‍സ് കരസ്ഥമാക്കുകയും വേണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണ് പുതിയ നടപടി.
ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂമുടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കാരണമെന്ന ആര്‍.ടി.ഒ അധികൃതര്‍ വ്യക്തമാക്കി. യൂസ്ഡ് കാര്‍ ഷോറൂം ഉടമകള്‍ ലൈസന്‍സ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയെങ്കിലും ആരും സഹകരിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന്, മോട്ടോര്‍ വാഹന വകുപ്പ് ഷോറൂമുകളില്‍ മിന്നല്‍ പരിശോധന നടത്തി ചട്ടലംഘനം നടത്തിയ മുപ്പതോളം ഷോറൂമുകള്‍ക്ക് മുന്നറിയിപ്പു നോട്ടീസ് നല്‍കി.
വാഹനം വില്‍ക്കുന്നവര്‍ കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്ത കാരണത്താല്‍ ഇവിടങ്ങളില്‍നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും സംശയമുണ്ട്. ഇതും നിയന്ത്രണം കൊണ്ടുവരാന്‍ കാരണമാണ്.
Related News