മലപ്പുറം: സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ പരിചരിക്കുന്നതിന് വേണ്ടി തന്റെ ജീവിതം മുഴുവന്‍ നാലു ചുവരുകള്‍ക്കുള്ളിലൊതുക്കിയ ഐക്കരപ്പടിയിലെ കെ.സി നജീബ തന്റെ കഠിനാദ്ധ്വാനത്തിന്റെയും സഹപാഠികളുടെയും പുളിക്കല്‍ എ എം എം ഹൈസ്‌കൂള്‍ അധ്യാപകരുടേയും സഹായ സഹകരണത്തിന്റെയും ഫലമായി, കൊച്ചു കുട്ടികള്‍ക്കു വേണ്ടി രചിച്ച 'വര്‍ണ്ണശലഭങ്ങള്‍ ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. പ്രൊഫ: ഗോപിനാഥ് മുതുകാട് പ്രകാശനം നിര്‍വ്വഹിച്ചു. 'വര്‍ണ്ണശലഭങ്ങള്‍ ' ലോകത്തിലെ തന്നെ പ്രസിദ്ധിയാര്‍ജ്ജിച്ച പുസ്തകോത്സവമായ ഷാര്‍ജ ഇന്റര്‍നാഷ്ണല്‍ പുസ്തകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
LOVE THE QURAN MASTERS CLUB ല്‍ അംഗമായ നജീബ, ക്ലബ്ബ് സംഘടിപ്പിച്ച എന്നെ സ്വാധീനിച്ച ഖുര്‍ആന്‍ വചനം എന്ന പരിപാടിയില്‍ പങ്കെടുത്തു ഒരു വീഡിയോ ചെയ്തതിലൂടെയാണ് നജീബയുടെയും മകളുടെയും വിശേഷങ്ങള്‍ പൊതു സമൂഹത്തിലെത്തിയത്. അതിലൂടെ ഒരുപാട് പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും നജീബക്ക് ലഭിച്ചു. പിന്നീട് LOVE THE QURAN MASTERS CLUB അതിലെ പഠിതാക്കള്‍ക്കായി ഒരുക്കിയ മാഗസിനിലെ നജീബ രചിച്ച മൗനനൊമ്പരങ്ങള്‍ എന്ന ഹൃദയസ്പര്‍ശിയായ കവിതയാണ് നജീബയിലെ സര്‍ഗ്ഗവാസന കണ്ടെത്തുന്നതിനും വര്‍ണ്ണശലഭങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ സൃഷ്ടിപ്പിന് കാരണമായതും.
തന്റെ മകളെയും കൂട്ടി ഷാര്‍ജയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് നജീബ. പ്രമുഖ എഴുത്തുകാരനും കവിയുമായ ചെറിയമുണ്ടം അബ്ദുറസാഖ് അവതാരിക എഴുതിയ വര്‍ണ്ണശലഭങ്ങളില്‍ തന്റെ മൂത്ത മകള്‍ അമീഖയാണ് ഓരോ കവിതക്കുമുള്ള ചിത്രങ്ങള്‍ വരച്ചതെന്ന പ്രത്യേകത കൂടി ഈ പുസ്തകത്തിനുണ്ട്.
Related News