ബംഗളൂരു: ഈസ്റ്റര്‍ ദിനത്തില്‍ ബംഗളൂരു നഗരത്തെ ഞെട്ടിച്ച് 68 കാരനായ കര്‍ണാടക റിട്ട. ഡി.ജി.പി ഓം പ്രകാശ് കൊല്ലപ്പെടാനുണ്ടായ കാരണത്തിനു പിന്നില്‍ കുടുംബ വഴക്ക്. ഭാര്യ പല്ലവിയുടെ കുത്തേറ്റാണ് ഓം പ്രകാശ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യയെയും മകളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നു തെളിഞ്ഞത്.
അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്ഥലം സഹോദരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെച്ചൊല്ലി നിരന്തരം വീട്ടില്‍ വഴക്കുണ്ടായിരുന്നു. വഴക്കിനിടെ ഭാര്യ പല്ലവി ഓം പ്രകാശിനെ കുത്തി വീഴ്ത്തുകയായിരുന്നു. വയറിലും നെഞ്ചിലും ആഴത്തിലുള്ള പത്ത് മുറിവുകളുണ്ട്. നിലത്തുവീണ ഓം പ്രകാശ് പിടഞ്ഞു മരിക്കുന്നത് വരെ ഭാര്യ നോക്കി നിന്നു. ഈ സമയം വീട്ടിലുണ്ടായ മകളും ഓം പ്രകാശിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ടിലെ വീട്ടിലാണ് ഓം പ്രകാശിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു നിലയുള്ള വീട്ടിലെ താഴെ നിലയില്‍ പരിക്കുകളോടെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
ഓം പ്രകാശ് എന്നും തന്നോട് വഴക്കിടാറുണ്ടെന്നും തന്നെ ആക്രമിച്ചപ്പോള്‍ സ്വയരക്ഷക്കായി കത്തിയെടുത്ത് കുത്തുകയായിരുന്നെന്നുമാണ് ഭാര്യയുടെ ആദ്യ മൊഴി. പിന്നീടുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് സ്ഥലത്തെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് വെൡപ്പെട്ടത്. എന്നാല്‍ മാതാവ് മാനസിക രോഗത്തിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നുവെന്നും പിതാവ് ആക്രമിക്കാന്‍ വരുന്നുവെന്ന തോന്നലാണ് പിതാവിനെ കുത്താന്‍ മാതാവിനെ പ്രേരിപ്പിച്ചതെന്നും മകന്‍ കാര്‍ത്തിക് പറഞ്ഞു. പോലീസ് ഇതു പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സ്ഥലത്തെ ചൊല്ലിയുള്ള കുടുംബ വഴക്കാണ് പല്ലവിയെ ഓം പ്രകാശിനെ വകവരുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാര്‍ ചമ്പാരന്‍ സ്വദേശിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
Related News