കൊച്ചി: പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി കേരളത്തില്‍ ആരംഭിക്കുന്ന ആദ്യ സ്വകാര്യ വിമാനക്കമ്പനി എയര്‍ കേരളയുടെ കോര്‍പറേറ്റ് ഓഫീസ് ആലുവയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. വ്യവസായ മന്ത്രി പി രാജീവാണ് എയര്‍ കേരള ഓഫീസ് ഉദ്ഘാടനം ചെയ്തത്. എയര്‍ കേരളയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
മൂന്ന് നിലകളിലായി ആലുവയില്‍ ഒരുക്കിയിട്ടുള്ള ഓഫീസില്‍ ഒരേസമയം ഇരുനൂറിലധികം പേര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. കേരളത്തില്‍ നിന്ന് തന്നെ ഒരു വ്യോമയാന കമ്പനി കടന്നുവരുന്നത് നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കമ്പനി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങളും മലയാളികള്‍ക്ക് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകളും സാധ്യമാകാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
എയര്‍ കേരളയുടെ ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ നെടുമ്പാശേരിയില്‍നിന്ന് തുടങ്ങും. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത്. 72 സീറ്റര്‍ ഇക്കോണമി ക്ലാസ് എടിആര്‍ വിമാനങ്ങളായിരിക്കും സര്‍വീസിന് ഉപയോഗിക്കുക. പിന്നീട് അനുമതി ലഭ്യമാകുന്നതനുസരിച്ച് വിദേശ സര്‍വീസുകളും ആരംഭിക്കും
മലയാളികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന സര്‍വീസ് നല്‍കുകയാണ് എയര്‍ കേരള ലക്ഷ്യമെന്ന് ചെയര്‍മാന്‍ അഫി അഹമ്മദ് വ്യക്തമാക്കി. വാടകയ്ക്ക് എടുത്ത വിമാനങ്ങളുമായാണ് തുടക്ക സര്‍വീസ്. തുടക്കത്തില്‍ അഞ്ച് വിമാനങ്ങള്‍ പാട്ടത്തിന് വാങ്ങാന്‍ ഐറിഷ് കമ്പനിയുമായി എയര്‍ കേരള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പിന്നീട് സ്വന്തമായി വിമാനം വാങ്ങാനും പദ്ധതിയുണ്ട്.
എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹന്നാന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ ജോണ്‍, വൈസ് ചെയര്‍മാന്‍ സൈജി ജോളി, മുനവ്വറി ശിഹാബ് തങ്ങള്‍, കില്‍ണ്‍ സിഎംഡിയും ഇന്റര്‍നാഷണല്‍ ബിസിനസ് പ്രമോഷന്‍സ് (ഐപിഎ) വൈസ് ചെയര്‍മാനുമായ റിയാസ് കില്‍ട്ടണ്‍, എയര്‍ കേരള വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, ലീഗല്‍ കണ്‍സള്‍ട്ടന്റ് സി.എസ് ആഷിഖ്, ക്യാപിറ്റല്‍ കണ്‍സള്‍ട്ടന്റ് ശ്രീജിത്, യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഫോട്ടോ: എയര്‍ കേരളയുടെ കോര്‍പറേറ്റ് ഓഫീസ് ആലുവയില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
Related News