ന്യൂഡല്‍ഹി: നിലവിലുള്ള വഖഫ് സ്വത്തുക്കള്‍ക്ക് ഒരു മാറ്റവും വരുത്തരുതെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി. നിലവില്‍ വഖഫായി ഗണിക്കുന്ന രജിസ്റ്റര്‍ ചെയ്തതും വിജഞാപനമിറക്കിയതും ഉപയോഗത്താലുള്ളതുമായ എല്ലാ വഖഫ് സ്വത്തുക്കള്‍ക്കും ഉത്തരവ് ബാധകമാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും നിയമനങ്ങള്‍ നടത്തുന്നതിനും സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും കേള്‍ക്കാന്‍ മാറ്റിവെച്ചു. ഇടക്കാല ഉത്തരവ് ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ കോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തില്‍ പോസിറ്റീവായ ചിലതുണ്ടെന്നും നിയമം അപ്പാടെ സ്റ്റേ ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും വഖഫ് ബോര്‍ഡുകളും ബില്ലിനെതിരായ ഹരജികള്‍ക്ക് ഒരാഴ്ചക്കകം മറുപടി നല്‍കണം. അതിനുള്ള മറുപടി അഞ്ച് ദിവസത്തിനകം നല്‍കുകയും വേണം. 125-ാളം ഹരജികള്‍ ഇതിനകം വന്ന സാഹചര്യത്തില്‍ അഞ്ച് പേരെ മാത്രം ഇരുപക്ഷത്തു നിന്നും ഹരജിക്കാരായി പരിഗണിക്കുമെന്നും മറ്റുള്ള ഹരജികള്‍ അപേക്ഷകളായി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Related News