ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത് വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടു. എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ (എസിഐ) വേള്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2024ല്‍ ആഗോളതലത്തില്‍ ഏകദേശം 9.5 ബില്യന്‍ യാത്രക്കാര്‍ സഞ്ചരിച്ചുവെന്നാണ് കണക്ക്. ഇത് 2023നെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണ്. കോവിഡിന് മുന്‍പുള്ള സ്ഥിതിയുമായി താരതമ്യം ചെയ്താല്‍ 3.8 ശതമാനം ആണ് വര്‍ധന. ആഗോള ഗതാഗതത്തിന്റെ 9 ശതമാനം (855 ദശലക്ഷം യാത്രക്കാര്‍) ഉള്‍ക്കൊള്ളുന്ന ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബായ് രണ്ടാം സ്ഥാനത്താണ്. മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികളാണ് ദിനം പ്രതി ദുബായ് രാജ്യാന്തര വിമാനത്താവളിലൂടെ സഞ്ചരിക്കുന്നത്. 2024 ല്‍ ദുബായ് വിമാനത്താവളത്തിലൂടെ 92.3 ദശലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 6.1 ശതമാനം അധികമാണ്. 2024 ല്‍ എയര്‍ കാര്‍ഗോയുടെ അളവ് 8.4 ശതമാനം വര്‍ധിച്ച് 124 ദശലക്ഷം മെട്രിക് ടണ്ണായി. 2019 നെ അപേക്ഷിച്ച് ഇത് 3.9 ശതമാനം കൂടുതലാണ്.
രാജ്യാന്തര തലത്തിലും പ്രാദേശിക തലത്തിലുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ അറ്റ്‌ലാന്റാ രാജ്യാന്തര വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ഡാലസ് ഫോര്‍ട് വര്‍ത് രാജ്യാന്തര വിമാനത്താവളത്തിനാണ്. ആഗോളതലത്തിലുള്ള വെല്ലുവിളികള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങള്‍ മുന്നേറ്റം നടത്തുകയാണെന്ന് എസിഐ വേള്‍ഡ് ഡയറക്ടര്‍ ജനറല്‍ ജസ്റ്റിന്‍ എര്‍ബാച്ചി പറഞ്ഞു.
Related News