ഡെറാഡൂണ്‍: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ഭാര്യയെ ചുറ്റികയും സ്‌ക്രൂഡ്രൈവറും കൊണ്ട് ആക്രമിച്ച ഭര്‍ത്താവ് പിടിയില്‍. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
2022 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ അന്ന് മുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പെണ്‍കുട്ടി ജനിച്ചതോടെ കൂടുതല്‍ ക്രൂര മര്‍ദനങ്ങളായെന്നും യുവതി പറഞ്ഞു. വിവാഹമോചനം നേടിയാല്‍ ജീവനാംശം നല്‍കാതിരിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഒരിക്കല്‍ ക്രൂരമായി ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ട തന്നെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.
പ്രതി നിലവില്‍ റിമാന്‍ഡിലാണെന്നും അന്വേഷണം തുടരുകയാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപക് സിങ് പറഞ്ഞു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ തെളിവുകളായി ഉണ്ടായിരുന്നിട്ടും പോലീസ് തുടക്കത്തില്‍ കര്‍ശന നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി പരാതിപ്പെട്ടു. ഭര്‍ത്താവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും വനിതാ ഹെല്‍പ്പ് ലൈനിലും ദേശീയ വനിതാ കമ്മീഷനിലും യുവതി പരാതി നല്‍കി.
Related News