ദമാം: മയക്കുമരുന്നിനെതിരെ ഗോള്‍ നേടൂ, ഫുട്ബോളിലൂടെ ജയിക്കൂ എന്ന ശീര്‍ഷകത്തില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ (ഡിഫ) സഹകരണത്തോടെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്ബാള്‍ ക്ലബായ ദല്ല എഫ് സി സംഘടിപ്പിക്കുന്ന കാക്കു അമേരിക്കാസ് ഡിഫ്‌സി സൂപ്പര്‍ കപ്പ് ഇലവെന്‍സ് ടൂര്‍ണമെന്റ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദഹ്റാന്‍ അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ കിഴക്കന്‍ പ്രവിശ്യയിലെ പതിനെട്ട് പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്.
സേഫ്റ്റി രംഗത്തെ പ്രമുഖ സ്ഥാപനമായ കാക്കു അമേരിക്കാസ് ആണ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍. വിജയികള്‍ക്ക് ട്രോഫിയും 10,000 റിയാല്‍ പ്രൈസ് മണിയും സമ്മാനിക്കും. ഗള്‍ഫ് സ്റ്റാന്‍ഡേഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി സ്പോണ്‍സര്‍ വിന്നേഴ്സ് പ്രൈസ് മണിയും ട്രോഫിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. നേരെത്തെ മൂന്ന് സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്ന ദല്ല എഫ് സി ഇതാദ്യമായാണ് ഇലവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കാണികള്‍ക്കായുള്ള റാഫിള്‍ കൂപ്പണ്‍ വഴി വിജയികളാവുന്നവര്‍ക്ക് ഒന്നാം സമ്മാനമായി സുസുക്കി ആക്സിസ് ബൈക്കും മറ്റു സമ്മാനങ്ങളും നല്‍കും. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷുക്കൂര്‍ ആലിക്കല്‍, ചെയര്‍മാന്‍ ഫസല്‍ ജിഫ്രി, ഡിഫ ആക്ടിങ് പ്രസിഡന്റ് ടൈറ്റസ്, റാഫി യൂണിഗാര്‍ബ്, സന്‍ഫീര്‍ കല്ലിങ്ങല്‍, യൂനുസ് കെപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Related News