നന്നായി സംസാരിക്കുന്നവര്‍, പാടുന്നവര്‍, പെരുമാറുന്നവര്‍, കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍, വൃത്തിയും വെടുപ്പും കാത്ത് സൂക്ഷിക്കുന്നവര്‍, സമയം പാലിക്കുന്നവര്‍ തുടങ്ങി ഏതെങ്കിലും ഗുണങ്ങള്‍ നിങ്ങളുടെ കൂടെയുള്ളവര്‍ക്കുണ്ടാകും, അതിനെ പ്രശംസിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും വേണം. നമ്മള്‍ കൂടെയുള്ളവര്‍ക്കൊരു ഹരമായി മാറണം. 'നല്ലത് പറയുന്നവന്‍' എന്ന് നമ്മെ കുറിച്ചവര്‍ പറയണം.
ഒരു ദിവസം നാം എത്ര പേരെ അഭിനന്ദിക്കാറുണ്ട്....? നമ്മുടെ ചുറ്റുമുള്ളവര്‍ ഒരു നല്ല കാര്യവും ചെയ്യാത്തത് കൊണ്ടാണോ നമുക്ക് അഭിനന്ദിക്കാന്‍ അവസരം കിട്ടാത്തത് .....? മറുപടിക്ക് പോലും നമുക്ക് മനസ്സില്ല. മര്‍ക്കടമുഷ്ടിയുള്ള മനസ്സിനോട് മല്ലടിച്ച് നേടേണ്ട ഒരു ഗുണമാണത്. ഒരാള്‍ക്ക് സന്തോഷം പകരുക എന്നത് എത്രയോ പുണ്യമുള്ള കാര്യമല്ലേ? നമുക്കും ഒരു മാനസീകൊല്ലാസം അത് നിമിത്തം കിട്ടും.
'മറ്റൊരാളെ സന്തോഷിപ്പിക്കല്‍ ഏറെ പുണ്യമാണ്' മുഹമ്മദ്(സ)യുടെ ഈ വചനം നമ്മെ പ്രചോദിപ്പിക്കണം. പ്രോല്‍സാഹനം കൊണ്ട് പരലോകത്തും കൂടെയുള്ളവര്‍ക്കിടയിലും നേട്ടമുണ്ടാകും. ഒരാളുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ കുറവുകള്‍ ചൂണ്ടിക്കാണിക്കാനും നമുക്ക് ഇടം കിട്ടും. ആരും മുറുമുറുപ്പ് പ്രകടിപ്പിക്കില്ല. കാരണം നിങ്ങള്‍ നല്ലത് കണ്ടാല്‍ പ്രശംസിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന മതിപ്പ് അവര്‍ക്കിടയിലുണ്ട്.
കുറവുകള്‍ മാത്രം പറയുമ്പോള്‍ കുറ്റം നോക്കി എന്ന ടൈറ്റിലായിരിക്കും നേട്ടം. നിങ്ങളുടെ കുറവുകള്‍ കണ്ട് പിടിക്കാനും പാരപണിയാനും പാത്തും പതുങ്ങിയും നല്ല പിള്ള ചമഞ്ഞ് ചാരത്ത് തന്നെ അവരുണ്ടാകും. കൂടെയുള്ളവര്‍ തന്നെക്കാള്‍ വളരുമോ എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. മരത്തിനേക്കാള്‍ വലിയ കൊമ്പ് ഉണ്ടാകില്ലല്ലോ?
കുടുംബത്തിന്റെ, കൂട്ടുകാരുടെ, വിദ്യാര്‍ത്ഥികളുടെ, അനുയായികളുടെ വളര്‍ച്ചയുടെ ക്രഡിറ്റ് നമുക്കുള്ളത് തന്നെയാണ്. പ്രോല്‍സാഹിപ്പിക്കലിന്റെ നേട്ടം സുഖിപ്പിക്കലല്ല. പ്രചോദനവും ഉത്തേജനവുമാണ്. ബുദ്ധിജീവികള്‍, പ്രതിഭകള്‍ തുടങ്ങിയവരെയൊക്കെ അഭിനന്ദിക്കുന്നതിന്റെ രഹസ്യം അവരുടെ കഴിവുകള്‍ കൂടുതല്‍ പുറത്ത് കൊണ്ടുവരാനാണ്. 'പ്രശംസ ഊഷ്മളമായ മനുഷ്യന്റെ ആത്മാവിന് സൂര്യപ്രകാശം പോലെയാണ്. അതില്ലാതെ പൂക്കാനും വളരാനും കഴിയില്ല' [Jess Lair]
അഭിനന്ദനവും പ്രോല്‍സാഹനവും പ്രശംസയും ഒരാളുടെ വളര്‍ച്ചക്കായി ഉപയോഗിക്കാവുന്ന ഒരു അദൃശ്യ ശക്തിയാണ്. പക്ഷേ അറിയാഞ്ഞിട്ടോ മറ്റോ ഇത് വിരളമായേ നടക്കാറുള്ളൂ. 'നമ്മുടെ ശാരീരികവും മാനസികവുമായ വിഭവങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ നാം ഉപയോഗപ്പെടുത്തുന്നുള്ളൂ ' [William James ]
നമ്മളും ഭാര്യയും തമ്മിലുള്ള അടുക്കള പ്രശ്‌നങ്ങള്‍ മുതല്‍ രാഷ്ട്രതലവന്‍മാര്‍ തമ്മിലുള്ള അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍വരെ ഉടലെടുക്കുന്നതിന്റെ അടിസ്ഥാന കാരണം എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിചിട്ടുണ്ടോ......?
'അംഗീകാരത്തിന് വേണ്ടി നാം ദാഹിക്കുന്നത് പോലെ അപലിക്കലിനെ നാം ഭയപ്പെടുകയും ചെയ്യുന്നു' . [Psychologist : Hans Selye]
ഭാര്യ, മക്കള്‍ സുഹൃത്തുക്കള്‍, അനുയായികള്‍, എതിരാളികള്‍ ' ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ഭൂരിപക്ഷമാളുകളും ഉപയോഗിക്കുന്ന വലിയ ടൂളാണ് വിമര്‍ശനം.
ഏതൊരാളും നമ്മെപ്പോല തന്നെ വിമര്‍ശനം ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നു. അതുമായി വരുന്നവരോട് വിഷപ്പാമ്പിനോടുള്ള സമീപനമായിരിക്കും ആട്ടും അടിയും ഉറപ്പാണല്ലോ?
'വിമര്‍ശനം അപകടകരമാണ് കാരണം അത് ഒരു വ്യക്തിയുടെ വിലയേറിയ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്നു' [ Dale Carnegie]. എട്ടും പൊട്ടും തിരിയാത്ത കുട്ടിയെപ്പോലും വിമര്‍ശിച്ചാല്‍ നിലവിളിക്കുകയോ കൂടുതല്‍ വികൃതി കാണിക്കുകയോ ചെയ്യുമെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കുവന്നതേയുള്ളൂ. ഓരോര്‍ത്തര്‍ക്കും അവരുടേതായ അഭിമാനബോധമുണ്ട്. വിമര്‍ശന ശരം ചെന്ന് പതിക്കുന്നത് ആ മര്‍മ്മത്തിലാണ്. അതിന്റെ അസ്വസ്ഥത കാണുക തന്നെ ചെയ്യും. 'ജനങ്ങളോട് ഇടപഴകുമ്പോള്‍ നാം ഇടപഴകുന്നത് വികാര ജീവികളോടും മുന്‍വിധികളാല്‍ പൊറുതിമുട്ടുന്ന അഹങ്കാരത്താലും മായയാലും പ്രചോദിതരായ ജീവികളുമായാണ് ' [ How to Win Friends & Influence people ]
വിമര്‍ശനം വിഷമയമാണെങ്കിലും ചിലപ്പോള്‍ വിമര്‍ശിച്ചില്ലെങ്കില്‍ വഴികേടിലുമാകാം. അത്തരം വിമര്‍ശനങ്ങളെ വീണ് കിട്ടുന്ന ഉപദേശങ്ങളായി കാണാന്‍ സന്മനസ്സുണ്ടാകണം. അതിനെ വളരാനുള്ള വളമായി കാണണം. തെറ്റ് തിരുത്താന്‍ വിമര്‍ശനം വേണ്ടി വരുമ്പോള്‍ അത് പരുഷമാകാതെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മധുപുരട്ടിയതാക്കാന്‍ ശ്രമിക്കണം.
'കൂട് ഇളക്കാതെ തേന്‍ ശേഖരിക്കുക' എന്നാണ് മാനേജ്‌മെന്റ് വിദഗ്ധന്‍ ഡേല്‍ കാര്‍നെഗി ഇതിനെ വിശേഷിപ്പിക്കുന്നത്. വിമര്‍ശനത്തെ സര്‍ഗാത്മകമാക്കണം. വിമര്‍ശനത്തിലൂടെ നമ്മുടെ സാംസ്‌കാരിക നിലവാരം, വീക്ഷണം, ലക്ഷ്യം, വിജ്ഞാനം എന്നിവയെ വിലയിരുത്തപ്പെടുമെന്ന് മറക്കരുത്. പള്ളിയില്‍ മൂത്രമൊഴിച്ച വ്യക്തിക്കെതിരെ സ്വഹാബാക്കള്‍ തിരിഞ്ഞപ്പോള്‍ മുഹമ്മദ് നബി (സ) പറഞ്ഞത് ഇതായിരുന്നല്ലോ ' നിങ്ങളെ പ്രയാസപ്പെടുത്താനല്ല നിയോഗിക്കപ്പെട്ടത് കാര്യങ്ങള്‍ ലളിതവല്‍ക്കരിക്കാനാണ് നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് ' ഇത് തന്നെയായിരിക്കണം നമ്മുടെയും പോളിസി.
Related News