കോഴിക്കോട്: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരളയുടെ തേരോട്ടം തുടരുന്നു. ഉഗാണ്ടന്‍ താരം ഫസീലയുടെ ഗോളിന്റെ കരുത്തിലായിരുന്നു ഗോകുലം ജയിച്ചു കയറിയത്. സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സേതു എഫ്.സിയെയാരുന്നു ഗോകുലം തോല്‍പ്പിച്ചത്. അവസാന മത്സരത്തില്‍ ശ്രീഭൂമി എഫ്.സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഗോകുലം. ശക്തരായ സേതുവിനെതിരേ തുടക്കത്തില്‍ കരുതലോടെയായിരുന്നു ഗോകുലം കളിച്ചു തുടങ്ങിയത്. മത്സരത്തില്‍ തുടക്കത്തില്‍ ഇരു ടീമുകളും തുടരെ ഗോള്‍മുഖം അക്രമിച്ച് കൊണ്ടിരുന്നു. മത്സരം പുരോഗമിക്കുന്നതിടെ 14ാം മിനുട്ടില്‍ ഗോകുലം ഗോള്‍ കണ്ടെത്തി. ഫസീലയായിരുന്നു ഗോകുലത്തിനായി ലീഡ് സമ്മാനിച്ചത്. തൊട്ടുമുന്‍പ് നടന്ന മത്സരത്തില്‍ ഗോകുലത്തിനായി ഹാട്രിക് നേടാനും ഫസീലക്ക് കഴിഞ്ഞിരുന്നു. ഒരു ഗോള്‍ ലീഡ് നേടിയതോടെ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഗോകുലത്തിന് കഴിഞ്ഞു. ആദ്യ പകുതി 1-0 എന്ന സ്‌കോറിന് അവസാനിച്ചു.
ഒരു ഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തില്‍ മികച്ച ആത്മവിശ്വാസത്തോടെയായിരുന്നു ഗോകുലം രണ്ടാം പകുതി തുടങ്ങിയത്. രണ്ടാം പകുതിയില്‍ സേതു ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോകുലം ശക്തമായി പ്രതിരോധിച്ചു. ഗോളിലേക്കായി സേതുവിന്റെ മികച്ച നീക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രതിരോധത്തില്‍ മാര്‍ട്ടിനയുടെയും ഗോള്‍കീപ്പര്‍ പാലയിന്റെയും ഇടപെടലുകള്‍ അപകടം ഒഴിവാക്കി. പിന്നീട് സേതുവിനെ ഗോള്‍ നേടുന്നതില്‍നിന്ന് തടയിട്ടതോടെ മത്സരം 1-0 എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു.
'' ശക്തരായ എതിരാളികള്‍ക്കെതിരേ ജയം നേടിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മത്സരത്തില്‍ പ്രതിരോധ നിര ഉണര്‍ന്ന് പ്രവര്‍ത്തിച്ചതായിരുന്നു ജയത്തിലേക്ക് പ്രധാന കാരണമായത്. മുന്നേറ്റത്തില്‍ വിരളമായി ലഭിച്ച അവസരം മുതലാക്കിയത് ടീമിന് തുണയായി. ഈ ജയം അടുത്ത മത്സരത്തിലേക്കുള്ള ഊര്‍ജമാണ്. പരിശീലകന്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. അഞ്ചിന് കിക്സ്റ്റാര്‍ട്ട് എഫ്.സിക്കെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.
Related News