തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളും പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഉപയോഗിക്കുന്നവര്‍ ഇന്നു മുതല്‍ അധിക നികുതി അടക്കണം. പുതിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലായി. നേരത്തെ ഏതു തരം ഇലക്ട്രിക് വാഹനങ്ങള്‍ക്കും വിലയുടെ 5 ശതമാനമാണ് നികുതിയാണ് ചുമത്തിയിരുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 15 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5 ശതമാനം നികുതി തുടരും. എന്നാല്‍ 15 ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ളവക്ക് 8 ശതമാനം നികുതിയാണ് ഇന്നു മുതല്‍ നല്‍കേണ്ടത്. 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 10 ശതമാനമാണ് നികുതി. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും നികുതിയില്‍ മാറ്റമില്ല. 5 ശതമാനം ആയി തുടരും.
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള മോട്ടോര്‍ സൈക്കിളുകളുടെയും സ്വകാര്യ മുച്ചക്ര വാഹനങ്ങളുടെയും നികുതി 400 രൂപയാണ് കൂട്ടിയത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3,200 രൂപയും 750 കിലോഗ്രാം മുതല്‍ 1,500 കിലോഗ്രാം വരെയുള്ളവയ്ക്ക് 4,300 രൂപയും 1,500 കിലോഗ്രാമില്‍ കൂടുതലുളളവയ്ക്ക് 5,300 രൂപയും തോതില്‍ നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.
പെട്രോള്‍, ഡീസല്‍ വില വര്‍ധനയും നികുതി കുറവും എന്ന നിലയിലായിരുന്നു ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ അധികപേരേയും പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ ഇ.വി കള്‍ക്ക് നികുതി നിരക്ക് വര്‍ധിപ്പിച്ചത് വാഹന ഉടമകളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതു ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും.
Related News