നയ്പീഡോ: മ്യാന്‍മറിനെ തകര്‍ത്തു തരിപ്പിണമാക്കിയ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 334 അണുബോംബുകള്‍ക്ക് തുല്യമായ ഊര്‍ജമാണ് പുറത്തുവിട്ടതെന്ന് അമേരിക്കന്‍ ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സ്. ഇത്തരമൊരു ഭൂകമ്പം പുറപ്പെടുവിക്കുന്ന ശക്തി ഏകദേശം 334 അണുബോംബുകള്‍ക്ക് തുല്യമാണ്. മേഖലയില്‍ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ട്, അത് മാസങ്ങളോളം നീണ്ടു നില്‍ക്കാമെന്നും ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സ് മുന്നറിയിപ്പ് നല്‍കിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂകമ്പത്തില്‍ മരണം സംഖ്യ 1600 കവിഞ്ഞു. 3000ത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്. കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 12.50ന് ആണ് മ്യാന്മറിനെയും തായ്‌ലന്‍ഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാന്‍മറിലെ സാഗെയിങ് നഗരത്തിനു സമീപത്താണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്.
ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാന്മര്‍ സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ആറു മേഖലകളില്‍ സൈനിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത ഭൂമിയിലേക്ക് വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സഹായങ്ങളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.
Related News