തൃശൂര്‍: 'പൂരം' തൃശ്ശൂരും 'യോഗ് ലോണ്‍സ്സും' സംയുക്തമായി അണിയിച്ചൊരുക്കിയ ദൃശ്യ-ശ്രവ്യ കലാവിരുന്ന് 'അഭയം' സാമൂഹിക സംഗീത നാടകം മാര്‍ച്ച് 30 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് തൃശ്ശൂര്‍ സംഗീത-നാടക അക്കാദമി ഹാളില്‍ അരങ്ങേറും. പ്രവേശനം സൗജന്യമെങ്കിലും പാസുകള്‍ മുഖേന നിയന്ത്രിക്കും. സൗജന്യ പ്രവേശന പാസ്സുകള്‍ക്കായി 'പൂരം തൃശ്ശൂര്‍' അംഗങ്ങളുമായി ബന്ധപ്പെടുക.
ഒരു കൂട്ടം തൃശ്ശൂര്‍ നിവാസികളായ പ്രവാസികള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ 1998 ല്‍ തുടക്കം കുറിച്ചതാണ് 'പൂരം ജിദ്ദ' എന്ന സംഘടന. പിന്നീട് അതിലെ അംഗങ്ങള്‍ ജോലി സംബന്ധമായ മാറ്റങ്ങളാല്‍ ദുബായില്‍ പ്രവാസ ജീവിതം തുടങ്ങിയപ്പോള്‍ അവിടെ 'പൂരം ദുബായ്' പിറവിയെടുത്തു. തുടര്‍ന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മദേശത്തേക്ക് തിരിച്ചെത്തിയ അവരില്‍ കുറച്ചുപേര്‍ 'പൂരം തൃശ്ശൂര്‍' എന്ന സംഘടനയ്ക്ക് 2022 ല്‍ രൂപം നല്‍കി. അംഗങ്ങള്‍ക്ക് അവരുടെയുള്ളില്‍ ഒളിച്ചിരിക്കുന്ന സര്‍ഗ്ഗവാസനകളെ പുറത്തുകൊണ്ടുവരുവാനും, ജാതി-മത-രാഷ്ട്രീയത്തിനതീതമായി ഒത്തുചേരുവാനും വേണ്ടിയാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്.
'പൂരം' തൃശ്ശൂര്‍ രൂപീകൃതമായ 2022 ല്‍ യശ:ശരീരനായ ഭാവഗായകന്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ 'കൊടിയേറ്റം' എന്ന പേരില്‍ ഒരു ഗാനമേളയും, രണ്ടാം വര്‍ഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൃത്ത രൂപങ്ങളെ കോര്‍ത്തിണക്കി 'മഞ്ജീരധ്വനി' എന്ന പേരില്‍ ഇന്ത്യന്‍ നൃത്തോത്സവവും, 'പൂരം' അംഗങ്ങളെ മാത്രം അണിനിരത്തി 'അശ്വമേധം' എന്ന നാടകത്തിന്റെ പുനരാവിഷ്‌കാരവും നടത്തി. അതിനുശേഷമാണ് 'പൂരം' തൃശ്ശൂരും 'യോഗ് ലോണ്‍സ്സും' സംയുക്തമായി മറ്റൊരു ദൃശ്യ-ശ്രവ്യ കലാവിരുന്നായ 'അഭയം' സാമൂഹിക സംഗീത നാടകം അണിയിച്ചൊരുക്കിയിട്ടുള്ളത്.
യുക്തിവാദികള്‍ക്കിടയിലും ആത്മീയ-മത വ്യാപാരികള്‍ക്കിടയിലും പെട്ട് കാലിടറി പോകുന്ന സാധാരണ മനുഷ്യന്റെ ചിന്തകളിലേക്ക് വെളിച്ചം പകര്‍ന്നു നല്‍കുന്ന ഒരു സാമൂഹിക വിമര്‍ശനമാണ് 'അഭയം' എന്ന ഈ കലാസൃഷ്ടി. 'പൂരം' കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് 'അഭയം' എന്ന ഈ നാടകം എന്നുള്ളതാണ് ഇതിന്റെ സവിശേഷത. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് 'പൂരം' പ്രസിഡന്റ് പാര്‍ത്ഥസാരഥിയാണ്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വിഭു പിരപ്പന്‍കോടും, സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് കല്ലറ ഗോപനുമാണ്.
Related News