ഗാസ: വെടിനിര്‍ത്തല്‍ കരാറിനു ശേഷവും അതു ലംഘിച്ച്് ഇസ്രായേല്‍ ഗാസ യുദ്ധം തുടരുന്നതിനിടെ ഹമാസിനെതിരെ ഒരു വിഭാഗം ഫലസ്തീനികള്‍ പ്രതിഷേധ പ്രകടനം നടത്തി. വടക്കന്‍ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലായിരുന്നു പ്രതിഷേധം. നൂറുകണക്കിനു ഫലസ്തീനികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിന്‍വാങ്ങണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
അതിനിടെ ഗാസയുടെ കൂടുതല്‍ ഭാഗങ്ങളില്‍നിന്ന് ഒഴിയാന്‍ ഫലസ്തീനികളോട് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. 20ലേറെ പേരാണ് ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഇസ്രായേല്‍ വീണ്ടും യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 792 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നായിരുന്നു യുദ്ധം ആരംഭിച്ചത്. ഹമാസ് ആക്രമണത്തില്‍ 1218 പേര്‍ കൊല്ലപ്പെടുകയും നിരവധിപേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം 50,021 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. ഗാസയെ തരിപ്പിണമാക്കിയുള്ള ബോംബിംഗ് ഇപ്പോഴും തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നു ഉയര്‍ന്നുവെങ്കിലും ഇസ്രായേല്‍ അതിനു തയാറായിട്ടില്ല. ഇതിനിടെയാണ് ഗാസയില്‍നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.
Related News