ജിദ്ദ: ഇതിനോടകം ഏറെ ആസ്വാദകശ്രദ്ധ നേടിയ എസ്. ഹരീഷിന്റെ ' പട്ടുനൂല്‍പ്പുഴു' എന്ന നോവലിലിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍ സമീക്ഷ സാഹിത്യവേദിയുടെ റമദാനിലെ പാതിരാവായന ഉദ്ഘാടനം ചെയ്തു. സാംസ എന്ന പതിമൂന്നു വയസ്സുകാരന്റെ സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യങ്ങളും ഇടകലര്‍ന്ന മനോവ്യാപാരങ്ങളിലൂടെ വികസിക്കുന്ന നോവലിലെ മറ്റു കഥാപാത്രങ്ങള്‍ പലരും ലോകസാഹിത്യത്തിലെ വിശ്രുത കഥാപാത്രങ്ങളുടെ ഛായയുളളവരായി സാംസയ്ക്ക് അനുഭവപ്പെടും വിധമുള്ള കഥാകഥന രീതി, നോവലിനെ വേറിട്ടൊരു വായനാനുഭവമാക്കുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
മുസാഫിറിന്റെ പുതിയ ലേഖന സമാഹാരമായ 'ആഫ്രിക്കന്‍ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം' എന്ന കൃതിയുടെ ആസ്വാദനം നജീബ് വെഞ്ഞാറമൂട് നിര്‍വഹിച്ചു. കല, സാഹിത്യം, വ്യക്തികള്‍, യാത്രകള്‍, തുടങ്ങി ഏതു വിഷയവും ഭാഷാചാരുതയും ആശയഗരിമയും ചോരാതെ അവതരിപ്പിക്കാനുള്ള എഴുത്തുകാരന്റെ വൈദഗ്ധ്യത്തിന് ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചുകൊണ്ടുള്ള അവതരണം ഏറെ ശ്രദ്ധേയമായി.
ഷിബു തിരുവനന്തപുരം ( കാളി- അശ്വതി ശ്രീകാന്ത് ), റഫീഖ് പത്തനാപുരം ( എ.കെ.ജി- ജീവിതവും പ്രവര്‍ത്തനങ്ങളും-ഒരു സംഘം ലേഖകര്‍), ഹംസ മദാരി (വേറിട്ട കാഴ്ചകള്‍- വി.കെ. ശ്രീരാമന്‍), ഷാജു അത്താണിക്കല്‍ (വിശപ്പ്, ഉന്‍മാദം, പ്രണയം- മുഹമ്മദ് അബ്ബാസ്), സന്തോഷ് വടവട്ടത്ത് ( വ്യത്യസ്തരാകാന്‍-ഡോ. അലക്സാണ്ടര്‍ ജേക്കബ് IPS), അനുപമ ബിജുരാജ് (മൗണ്ട് അഥോസ്- ബെന്യാമിന്‍) എന്നിവര്‍ വായനാനുഭങ്ങള്‍ പങ്കുവച്ചു. റെമി പി. ആര്‍, നജീബ് വെഞ്ഞാറമൂട് എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
സമീക്ഷയുടെ സജീവാംഗങ്ങളായ അബ്ദുള്ള മുക്കണ്ണി രചനയും അലി അരീക്കത്ത് സംവിധാനവും നിര്‍വഹിക്കുന്ന ' കൊലൈസ്' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് മുസാഫിര്‍ നിര്‍വഹിച്ചു. അലി അരീക്കത്തിനെ സമീക്ഷ ഉപഹാരം നല്‍കി ആദരിച്ചു. ഫൈസല്‍ മമ്പാട്, സീമ, അയ്യൂബ് മാസ്റ്റര്‍, ഹാരിസ് ഹുസൈന്‍, നിഷ നൗഫല്‍, സലീന മുസാഫിര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പണ്ടെടുത്തു. കിസ്മത്ത് മമ്പാട് യോഗാവ ലോകനം നടത്തി. ബിജു രാമന്തളി, അദ്‌നാന്‍, മുഹമ്മദ് സാദത്ത് തുടങ്ങിയര്‍ സംഘാടനത്തിനു നേതൃത്വം നല്‍കി.
ഷറഫിയ്യയിലെ എം.ആര്‍.എ. റസ്റ്റോറന്റില്‍ സമീക്ഷ ചെയര്‍മാന്‍ ഹംസ മദാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ അസ്സൈന്‍ ഇല്ലിക്കല്‍ സ്വാഗതം പറഞ്ഞു. സമീക്ഷ എക്‌സിക്യൂട്ടീവ് അംഗം നൂറുന്നിസ ബാവ നന്ദി പറഞ്ഞു.
Related News