മക്ക: വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിധ്യം അറിയിച്ചതിന് പിന്നാലെ മക്കയില്‍ റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കി ലുലു ഗ്രൂപ്പ്. മക്ക അല്‍ റുസൈഫയില്‍ ലുലു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. സൗദി അറേബ്യയുടെ വിഷന്‍ 2030ന് കരുത്തേകുന്നത് കൂടിയാണ് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ മക്ക ചേംബര്‍ സെക്രട്ടറി ജനറല്‍ അബ്ദുള്ള ഹനീഫ്, റുസൈഫ മേയര്‍ ഫഹദ് അബ്ദുള്‍റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്ന് അല്‍ റുസൈഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മക്കയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സൗദി അറേബ്യയുടെ വിഷന്‍ 20230ന് കരുത്തേകുന്ന കൂടുതല്‍ പദ്ധതികളും കൂടുതല്‍ അവസരങ്ങളും യാഥാര്‍ത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ വ്യക്തമാക്കി. സൗദി അറേബ്യയിലടക്കം ജിസിസിയില്‍ മൂന്ന് വര്‍ഷത്തിനകം പുതിയ 45 ലേറെ സ്റ്റോറുകള്‍ കൂടി യാഥാര്‍ത്ഥ്യമാക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു.
രണ്ട് ലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റിലുള്ള അല്‍ റുസൈഫ ലുലു, നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകള്‍ക്ക് നല്‍കുക. ദൈനംദിന ഉത്പന്നങ്ങള്‍, ഫ്രഷ് ഫുഡ്, ഗ്രോസറി ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റും, വിലപുലമായ വസ്ത്രശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോര്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ലുലു കണക്ടും ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ക്ക് പുറമേ കുറഞ്ഞ നിരക്കില്‍ മികച്ച ഉത്പന്നങ്ങള്‍ ഉറപ്പാക്കിയിരിക്കുന്ന ലോട്ട് സ്റ്റോറും ഉടന്‍ ഉപഭോക്താകള്‍ക്കായി ഷോപ്പിങ് വാതില്‍ തുറക്കും. 72 സ്‌ക്വയര്‍ ഫീറ്റിലുള്ള ഡൈനിങ്ങ് ഏരിയയും, ആറ് സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും അടക്കം ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 8 മുതല്‍ പുലര്‍ച്ചെ 1 മണി വരെയും വ്യാഴം വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ 2 വരെയും അല്‍ റുസൈഫ ലുലുവില്‍ നിന്ന് ഷോപ്പ് ചെയ്യാം. ലുലു സൗദി ബിസിനസ് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ റഫീക്ക് മുഹമ്മദ് അലി, ലുലു സൗദി വെസ്റ്റേണ്‍ റീജിയണ്‍ ഡയറക്ടര്‍ നൗഷാദ് എം.എ തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി.
Related News