കൊച്ചി; വലിയതോതില്‍ ഉയര്‍ന്ന സ്വര്‍ണ വില താഴാന്‍ തുടങ്ങി. ഇന്ന് ഗ്രാമിന് 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇന്നലേയും ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 80 രൂപ കുറഞ്ഞത് കേരളത്തിലെ കല്യാണ പാര്‍ട്ടികള്‍ക്ക് ആശ്വാസമായി. വരും ദിവസങ്ങളിലും സ്വര്‍ണ വില താഴാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അങ്ങനെ വന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കേ കുടുംബങ്ങള്‍ക്ക് അത് വളരെ ആശ്വാസം പകരും.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,230 രൂപയാണ്. പവന്‍ വില 65,840 രൂപ. പവന് കുറഞ്ഞത് 320 രൂപയാണ്. മാര്‍ച്ച് തുടക്കത്തില്‍ സ്വര്‍ണവില പവന് 63,520 രൂപയായിരുന്നു. പിന്നീട് വില കുതിച്ചുയരുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് പവന് 66,480 രൂപ വരെ ഉയര്‍ന്നിരുന്നു.
ഓഹരി വിപണിയിലും മറ്റും നിക്ഷേപിച്ചിരുന്നവര്‍ സ്വര്‍ണത്തിലേക്ക് ശ്രദ്ധ തിരിച്ചതും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവുമെല്ലാമാണ് സ്വര്‍ണ വില കുത്തന ഉയരാന്‍ ഇടയാക്കിയത്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ ലാഭമെടുപ്പ് നടത്തിയതും ഓഹരി വിപണികള്‍ തിരിച്ചുവരുന്നത് സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റിയവരുടെ മനസ് മാറ്റാനും ഇടയുണ്ട്. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തെങ്കിലും വലിയ തോതിലുള്ള യുദ്ധത്തിലേക്ക് ഇത് മാറിയേക്കില്ലെന്ന നിരീക്ഷണങ്ങളും കൂടി നിലനില്‍ക്കുന്നതിനാല്‍ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കയറ്റം ഉ്ണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ലാഭമെടുപ്പ് പ്രവണത വര്‍ധിച്ചാല്‍ സ്വര്‍ണത്തില്‍ വലിയൊരു ഇടിവിന് സാധ്യതയുണ്ട്.
Related News