ന്യൂയോര്‍ക്ക്: ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്ന അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. ഫോര്‍മാന്റെ കുടുംബം സമൂഹമാധ്യമങ്ങളിലൂടെയാണ് മരണവിവരം അറിയിച്ചത്. രണ്ട് തവണ ഇദ്ദേഹം ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു. റിങ്ങില്‍ ബിഗ് ജോര്‍ജ് എന്നറിയപ്പെട്ടിരുന്ന ഫോര്‍മാന്‍ 1968ല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു.
1960കളില്‍ തുടങ്ങിയ കരിയര്‍ 1997ലാണ് ഫോര്‍മാന്‍ അവസാനിപ്പിച്ചത്. 60കളില്‍ ചക് വെപണര്‍, 70കളില്‍ ജോ ഫ്രേസിയറും മുഹമ്മദലിയും, 80കളില്‍ ഡൈ്വറ്റ് മുഹമ്മദ് ഖ്വാസി, 90കളില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്, മൈക്ക് ടൈസന്‍ തുടങ്ങിയ വമ്പന്മാരുമായി ഏറ്റുമുട്ടിയ ഫോര്‍മാന്‍ തലമുറകള്‍ക്ക് പ്രചോദനമായിരുന്നു. കരിയറിലാകെ 81 മത്സരങ്ങളില്‍ 76ലും ജയം (ഇതില്‍ 68 നോക്കൗട്ട് മത്സരങ്ങള്‍) സ്വന്തമാക്കിയ ഫോര്‍മാന്‍ അഞ്ച് തോല്‍വി മാത്രമാണ് വഴങ്ങിയത്.
1973ല്‍ അന്നത്തെ പ്രമുഖ ബോക്‌സറായിരുന്ന ജോ ഫ്രേസിയറെ തോല്‍പ്പിച്ചതോടെ ഫോര്‍മാന്റെ പ്രശസ്തിയുടെ ഗ്രാഫ് ഉയരുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 'റമ്പ്ള്‍ ഇന്‍ ദ് ജംഗ്ള്‍' എന്നറിയപ്പെട്ട വിഖ്യാത മത്സരത്തില്‍ മുഹമ്മദലിയോട് പരാജയപ്പെട്ടു. 1977ല്‍ ജിമ്മി യങ്ങുമായുള്ള മത്സരത്തില്‍ തോറ്റതോടെ പ്രഫഷനല്‍ ബോക്‌സിങ്ങില്‍നിന്ന് ഇടവേളയെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷം റിങ്ങിലേക്ക് തിരിച്ചെത്തിയ ഫോര്‍മാന്‍ പിന്നീടു നടത്തിയ മുന്നേറ്റം വിസ്മയമായിപ്പിക്കുന്നതായിരുന്നു.
Related News