ന്യൂയോര്‍ക്ക്: ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തി. 17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ലോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്. നാസയുടെ നിക് ഹേഗും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ അലക്‌സാണ്ടര്‍ ഗോര്‍ബുനോവും സുനിതക്കും വില്‍മോറിനുമൊപ്പം ഡ്രാഗണ്‍ പേടകത്തില്‍ സഹയാത്രികരായി ഉണ്ടായിരുന്നു.
കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടു പോയി.
സുനിത വില്യംസിന്രെ തിരിച്ചുവരവ് ജന്മനാടായ ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം ആഘോഷമാക്കി. അവധി ആഘോഷഇക്കാന്‍ സുനിത താമസിയാതെ ഇന്ത്യയിലെത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുനിതയും സംഘവും ചരിത്രം തിരുത്തി എഴുതിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും സുനിത വില്യംസിനും വില്‍മോറിനും ആശംസകളും ആയുരാരോഗ്യവും നേര്‍ന്നു.
എട്ട് ദിവസത്തെ പരീക്ഷണയാത്രക്ക് പുറപ്പെട്ട് ഒമ്പത് മാസത്തോളം (286 ദിവസം) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടിവന്നു സുനിത വില്യംസിനും ബുച്ച് വില്‍മോറിനും. ഇതോടൊപ്പം ഏറ്റവും കൂടുതല്‍ സമയം സ്‌പേസ് വാക് നടത്തിയെന്ന നേട്ടവും സുനിതയും വില്‍മോറും കരസ്ഥമാക്കി.
Related News