ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ വീണ്ടും കനത്ത ആക്രമണവുമായി ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ 200 ലേരെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ജനുവരി 19ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണിത്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതിനാലാണ് ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം പുനരാരംഭിച്ചതെന്നാണ് ഇസ്രായേല്‍ വിശദീകരണം. വടക്കന്‍ ഗാസ, ഗാസ സിറ്റി, മദ്ധ്യ, തെക്കന്‍ ഗാസ മുനമ്പിലെ ദെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റാഫ എന്നിവിടങ്ങളിലുള്‍പ്പെടെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്.
ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിച്ചതാണ് ആക്രമണത്തിന് ഉത്തരവിടാന്‍ കാരണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്‍ഷ്യല്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന്റെയും മറ്റ് മദ്ധ്യസ്ഥരുടെയും നിര്‍ദേശങ്ങള്‍ ഹമാസ് നിരസിച്ചതായും ഇസ്രയേല്‍ ആരോപിച്ചു. അതേസമയം, ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രയേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിയാലോചിച്ചിരുന്നതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതും അട്ടിമറിച്ചതും നെതന്യാഹു ആണെന്ന് ഹമാസ് പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനം ഗാസയിലെ ഇസ്രയേല്‍ തടവുകാരെ 'അജ്ഞാതമായ ഒരു വിധിയിലേക്ക് തള്ളിവിടുന്നു' എന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും ഹമാസ് വ്യക്തമാക്കി.
Related News