കുറെ ഫാക്ടറി തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതില്‍ നിന്നും ഉടലെടുത്തതാണ് വനിതാദിനം. വനിതകളുടെ അവകാശങ്ങളെ കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ് ഇന്ന് നമ്മള്‍ ആഘോഷിക്കുന്ന വനിതാദിനം. വര്‍ഷങ്ങള്‍ക്കു മുമ്പ് മിക്ക നാടുകളിലും സ്ത്രീകളുടെ സാന്നിധ്യം അടുക്കളയിലും കിടപ്പറയിലും മാത്രമായി ഒതുങ്ങിയിരുന്നു. ആ കാലഘട്ടത്തില്‍ നിന്നും സ്ത്രീകളുടെ സ്ഥിതിക്ക് ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും സ്ത്രീകളുടെ സ്ഥിതി ഇപ്പോഴും മോശമാണ്.
ജനനം മുതല്‍ തുടങ്ങുകയാണ് ഒരു സ്ത്രീയുടെ ദുരിത ജീവിതം. ആദ്യത്തെ കണ്മണി ആണായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നപ്പോള്‍ പെണ്ണായി പിറന്ന കുട്ടിയായിരിക്കും അവള്‍. പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന സ്ഥലങ്ങളും നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. ഒരു പെണ്‍കുഞ്ഞ് ജനനംതൊട്ട് കല്യാണം കഴിഞ്ഞ് ഭാര്യയായി അമ്മയായി മുത്തശ്ശിയായി ജീവിച്ചു തീരുമ്പോഴേക്കും അവള്‍ നേരിട്ടുണ്ടാവുക ഒരുപാട് കടമ്പകളാണ്. അവളുടെ ജീവിതത്തില്‍ തലയണയില്‍ മുഖം അമര്‍ത്തി കരഞ്ഞു തളര്‍ന്ന എത്രയോ ദിനരാത്രങ്ങള്‍ കടന്നു പോയിരിക്കാം. കുട്ടി ഒന്ന് വളര്‍ന്നു കഴിഞ്ഞാല്‍ തുടങ്ങും വിവേചനം. മാതാപിതാക്കള്‍ പറയും ആണ്‍കുട്ടിയോട് നീ നന്നായി പഠിക്കണം നീയാണ് ഞങ്ങളെ വയസ്സുകാലത്ത് നോക്കേണ്ടത് എന്ന്. ഈയൊരു വര്‍ത്തമാനം പെണ്‍കുട്ടികള്‍ പലപ്പോഴും ഒരുപാട് അവസരത്തില്‍ കേള്‍ക്കേണ്ടി വരുന്നുണ്ട്. ഇനി വീട്ടില്‍ ജോലിക്ക് ആളില്ലെങ്കില്‍ മുതിര്‍ന്നവരെ സഹായിക്കേണ്ട ജോലി പെണ്‍കുട്ടികള്‍ക്കാണ്. ആണ്‍കുട്ടികള്‍ക്ക് അപ്പോഴും സുഖവാസമാണ്. കളിക്കാം പഠിക്കാം അതുകഴിഞ്ഞ് അച്ഛനൊപ്പം പുറത്തേക്ക് സര്‍ക്കീട്ട് പോകാം . ഇനി പെണ്‍കുട്ടി എന്തെങ്കിലും ചോദിച്ചാലോ. അപ്പോള്‍ പറയും അവന്‍ ആണ്‍കുട്ടിയല്ലേ എന്ന്. ആണ്‍കുട്ടികള്‍ക്ക് ചോദിച്ചാല്‍ പെട്ടെന്ന് തന്നെ സൈക്കിള്‍ മേടിച്ചു കൊടുക്കും. സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെണ്‍കുട്ടികള്‍ ചോദിച്ചാലോ സൈക്കിള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. പെണ്‍കുട്ടികള്‍ എന്തിനാണ് സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുന്നത് എന്നാണ് പലരുടെയും വിചാരം. പെണ്‍കുട്ടികള്‍ മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റുന്ന കാലമാണ് ഇന്ന്. പക്ഷേ എത്ര പേരാണ് ഈ ഭാഗ്യവതികള്‍? ചിന്തിക്കേണ്ട കാര്യം തന്നെയാണ്.
ഇനി വീട്ടില്‍ രണ്ടു പെണ്‍കുട്ടികളാണ് ആണ്‍കുട്ടികള്‍ ഇല്ല എങ്കില്‍ വരുന്ന ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആയിരിക്കും ഏറ്റവും സങ്കടം. ഒരു വായ്ക്കരി ഇടാന്‍ പോലും ഒരു ആണ്‍തരി ഇല്ലല്ലോ എന്ന ദുഃഖം. വയസ്സുകാലത്ത് നോക്കാനായി ആണ്‍കുട്ടി ഇല്ല എന്ന പരാതിയും. എന്താ പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളെ നോക്കാന്‍ കഴിയില്ലേ? പിന്നെ സാധനങ്ങള്‍ വാങ്ങി കൊടുക്കുന്ന കാര്യത്തില്‍ ആയാലും അവിടെയുമുണ്ട് പക്ഷപാതം. പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ അറിഞ്ഞ് വളരണമെന്നും അതുകൊണ്ട് മിതമായി ചെലവാക്കി ജീവിക്കണമെന്നും പറയും. അവിടെയും ആണ്‍കുട്ടികള്‍ ഭാഗ്യവാന്മാരാണ്. അവരുടെ ആഗ്രഹങ്ങള്‍ പെട്ടെന്ന് തന്നെ നടത്തിക്കൊടുക്കും. സ്‌കൂളില്‍ നിന്നും ടൂര്‍ പോകുകയാണെങ്കിലോ പെണ്‍കുട്ടികള്‍ക്കാണ് വിലക്കു കൂടുതല്‍. ആണ്‍കുട്ടികള്‍ക്ക് അവിടെയും കാര്യങ്ങള്‍ എളുപ്പം. പെണ്‍കുട്ടികളെ ടൂറിന് വിടാന്‍ പല മാതാപിതാക്കള്‍ക്കും താല്പര്യമില്ല. എന്തുകൊണ്ടാണ് ഈ വിവേചനം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഇനി വലിയ ക്ലാസുകളില്‍ എത്തിയാലോ. ആണ്‍കുട്ടികള്‍ കുടുംബം നോക്കണ്ട വരല്ലേ അതുകൊണ്ട് എത്ര വേണമെങ്കിലും പഠിപ്പിക്കും. പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു വിടാന്‍ ആയിരിക്കുമല്ലോ ധൃതി. കല്യാണം കഴിഞ്ഞു പഠിക്കാമല്ലോ എന്നൊരു അഭിപ്രായവും. പെണ്‍കുട്ടികള്‍ അല്ലേ ഒരുപാട് പഠിപ്പുണ്ടായിട്ടെന്താ. ചിലരുടെ ചോദ്യം ഇങ്ങനെയായിരിക്കും. ഇനി നല്ല കോളേജില്‍ ദൂരസ്ഥലങ്ങളില്‍ അഡ്മിഷന്‍ കിട്ടിയാലോ. അവിടെയും കടമ്പകള്‍ പെണ്‍കുട്ടികള്‍ക്കാണ് ഏറെയും. ദൂരെ സ്ഥലങ്ങളിലേക്ക് പെണ്‍കുട്ടികളെ വിടില്ല. ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ ബോംബെയിലോ ബാംഗ്ലൂരിലോ, ഡല്‍ഹിയിലോ ഒക്കെ പോയി പഠിക്കാം. ഇതിനൊക്കെ വിപരീതമായി ചിന്തിക്കുന്ന ഒരുപാട് മാതാപിതാക്കള്‍ ഉണ്ട്. എന്നാലും ഭൂരിഭാഗത്തിന്റെയും അഭിപ്രായം ഇങ്ങനെയൊക്കെ തന്നെയാണ്. നീറ്റ് പരീക്ഷയ്ക്ക് ടോപ്പ് മാര്‍ക്ക് വാങ്ങി അഡ്മിഷന്‍ കിട്ടിയ കുട്ടിയെ ദൂരെ ആയിപ്പോയി എന്ന ഒറ്റ കാരണത്താല്‍ വിടാതിരുന്ന കഥയും എനിക്കറിയാം. ഇതാണ് പെണ്‍കുട്ടികളുടെ അവസ്ഥ. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എത്തിയെങ്കിലും എങ്ങും എത്താത്ത സ്ഥിതിയാണ്.
ഇനി കല്യാണത്തിന്റെ കാര്യമെടുക്കാം. പെണ്‍കുട്ടികള്‍ക്ക് വലിയ അഭിപ്രായ സ്വാതന്ത്ര്യം ഒന്നുമില്ല. കല്യാണം കഴിക്കേണ്ട പ്രായം പോലും അവര്‍ക്ക് തീരുമാനിക്കാന്‍ അവകാശമില്ല. പെണ്ണുകാണല്‍ ചടങ്ങുപോലും ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നു. ഒരു പ്രദര്‍ശന വസ്തുവായി പല കുടുംബങ്ങളിലും ഈ പെണ്ണുകാണല്‍ ചടങ്ങ് നടന്നുപോരുന്നുണ്ട്. പെണ്‍കുട്ടികളുടെ കുറ്റവും കുറവും എല്ലാം ചികഞ്ഞു മനസ്സിലാക്കി അവളെ ആ കുടുംബത്തിലേക്ക് എടുക്കണമോ വേണ്ടയോ എന്നാണ് അവിടെ തീരുമാനിക്കപ്പെടുന്നത്. പിന്നെ സ്ത്രീധനം. സ്ത്രീയാണ് ധനം എന്നുള്ളത് ഇവിടെ വിസ്മരിക്കപ്പെടുന്ന ഒരു അവസ്ഥയാണ്. കഷ്ടപ്പെട്ട് സ്ത്രീധനം കൊടുത്ത് മാതാപിതാക്കള്‍ പെണ്‍മക്കളെ കെട്ടിച്ചു അയക്കുന്നു. വീട്ടില്‍ ചെന്നാലോ കൊണ്ടുവന്ന ആഭരണത്തിന്റെയും പണത്തിന്റെയും കണക്കുപറഞ്ഞ് പീഡനങ്ങള്‍. ഈ നൂറ്റാണ്ടിലും സ്ത്രീധനം മൂലമുള്ള ആത്മഹത്യകള്‍ മുറയ്ക്ക് നടക്കുന്നുണ്ട്. പീഡനം സഹിക്കവയ്യാതെ അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളെയും മാറോടണക്കി ആത്മഹത്യയില്‍ അഭയം തേടുന്നു. എന്തുകൊണ്ട്? ആര്‍ക്കും ഉത്തരമില്ല.
കല്യാണം കഴിഞ്ഞാല്‍ തീരുന്നതാണോ ബുദ്ധിമുട്ട്. ഇല്ല പഠിപ്പിക്കും എന്നു പറഞ്ഞ ആളുകള്‍ പഠിക്കാന്‍ വിടില്ല .പഠിത്തം അതോടുകൂടി അവസാനിക്കുന്നു. ഇനി ജോലി കിട്ടിയാലോ. ദൂരസ്ഥലത്ത് ആണെങ്കില്‍ പറയുകയേ വേണ്ട. ജോലിക്കും വിടില്ല. ഇനി അടുത്ത സ്ഥലത്താണ് ജോലിയെങ്കിലോ. ജോലിക്ക് പോയ പെണ്ണുങ്ങള്‍ ഭര്‍ത്താക്കന്മാരെ വില വയ്ക്കുകയില്ല എന്ന കാരണത്താല്‍ ജോലിക്ക് പോകാന്‍ അനുവദിക്കാത്ത ആളുകളും ഉണ്ട്. എല്ലാ വീടുകളിലും അങ്ങനെയല്ല എന്നാലും നടക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ആര്‍ഭാടമായി കല്യാണം നടത്തിയാലും പോരാ, അങ്ങോട്ടുമിങ്ങോട്ടും ഉള്ള വിരുന്ന്, ഗര്‍ഭിണിയായാല്‍ ഉള്ള ചടങ്ങുകള്‍, പ്രസവകാലത്തെ ചെലവുകള്‍ ഇങ്ങനെ പെണ്‍കുട്ടികള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. ഗര്‍ഭിണി ആയാലോ. ആദ്യത്തെ കണ്മണി ആണായിരിക്കാനുള്ള കാത്തിരിപ്പില്‍ ആയിരിക്കും എല്ലാവരും. ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. ഇനി പെണ്‍കുട്ടി ആയാലും തല്‍ക്കാലം കുഴപ്പമൊന്നുമില്ല അടുത്തത് ആണ്‍കുട്ടി ആയാല്‍ മതി. തുടര്‍ച്ചയായി പെണ്‍കുട്ടികളാണ് ജനിക്കുന്നത് എങ്കില്‍ പ്രശ്‌നം തന്നെയാണ്. അപ്പോഴും ആണ്‍കുട്ടി ഉണ്ടാവാത്തതിന് കാരണം പെണ്ണിന്റെ കുറ്റമാണെന്നാണ് പറയുക. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കല്യാണം കഴിച്ച പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാം സഹിച്ച് കഴിയുന്നു. പലപ്പോഴും സ്വന്തം മാതാപിതാക്കളെ ഒരു കാര്യവും അറിയിക്കാറില്ല. കണ്ണീര്‍ കടലായി മാറുന്നു അവളുടെ നരക ജീവിതം. അവള്‍ക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. പക്ഷേ ആ സ്വപ്നങ്ങള്‍ക്കൊന്നും ഒരു വിലയും ഉണ്ടാവില്ല.
കല്യാണത്തിനു മുമ്പ് ഏതെങ്കിലും മാതാപിതാക്കള്‍ പെണ്‍മക്കളോട് ചോദിക്കാറുണ്ടോ. മോളെ നിനക്ക് എങ്ങനെയുള്ള ആളെയാണ് ഭര്‍ത്താവായി വേണ്ടതെന്ന്. ഒരിക്കലുമില്ല. ഞങ്ങള്‍ക്ക് അറിയാം നിനക്കെങ്ങനെയുള്ള ഭര്‍ത്താവിനെയാ വേണ്ടതെന്ന്. ഇത്രനാളും നിന്നെ ഞങ്ങളല്ലേ വളര്‍ത്തിയത് .നിനക്ക് ദോഷമുള്ള വല്ലതും ഞങ്ങള്‍ ചെയ്യുമോ? നിനക്ക് അതിനുള്ള പക്വത ഇല്ല. എന്നായിരിക്കും മിക്ക മാതാപിതാക്കളും മറുപടി പറയുക. എന്നാല്‍ ഈ പക്വതയില്ലാത്ത പെണ്‍കുട്ടിയെ തന്നെയാണ് അവര്‍ കല്യാണം കഴിപ്പിച്ചു വിടുന്നതും. കല്യാണം കഴിക്കാനുള്ള പക്വത ആയിട്ടുണ്ടെങ്കില്‍ തന്റെ ഭാവിവരനെ തിരഞ്ഞെടുക്കാനുള്ള പക്വതയും അവള്‍ക്കുണ്ടായിരിക്കും. ഇല്ലെങ്കില്‍ ആ പക്വത വരുന്ന കാലത്ത് മതി വിവാഹം. ഇവിടെയും ആണ്‍കുട്ടികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പെണ്‍കുട്ടികള്‍ക്ക് നിറം വേണം നല്ല മുടി വേണം ജോലി വേണം അല്ലെങ്കില്‍ പാടാന്‍ അറിയണം ഇങ്ങനെ പോകുന്നു ആണ്‍കുട്ടികളുടെ ഡിമാന്‍ഡുകള്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് തന്റെ വരനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മുടെ നാട് ഇപ്പോഴും ആ ഒരു ചിന്താഗതിയിലേക്ക് എത്തിപ്പെട്ടിട്ടില്ല. കുറെയൊക്കെ വ്യത്യാസം വന്നിട്ടുണ്ട് എങ്കിലും ഭൂരിഭാഗം പെണ്‍കുട്ടികളും തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉപേക്ഷിച്ചിട്ടാണ് കതിര്‍ മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്.
പിന്നെ പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ വരാനും പോകാനും ഒക്കെ സമയം കൃത്യമായിട്ടുണ്ട് കേട്ടോ. ആണ്‍കുട്ടികള്‍ക്ക് രാത്രി വളരെ വൈകിയും വീട്ടില്‍ കയറി വരാം. ഒരു സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പോയി വീട്ടില്‍ വൈകി വന്നാല്‍ പോലും പ്രശ്‌നമാണ്. ഇത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ കാര്യമാണ് പറഞ്ഞത്. കോളേജില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ആണ്‍ പെണ്‍ വിവേചനം പെണ്‍കുട്ടികളുടെ മനസ്സില്‍ കുട്ടിക്കാലത്ത് തന്നെ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടത് ആവശ്യമാണ്. ഇങ്ങനെയുള്ള വിവേചനം കണ്ടു വളരുന്ന ആണ്‍കുട്ടികളിലും ഒരു ആണ്‍ മേല്‍ക്കോയ്മ മനസ്സില്‍ ഉടലെടുക്കുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ തങ്ങളെക്കാള്‍ വളരെ താഴെയാണ് എന്നൊരു ചിന്താഗതി അവര്‍ അറിയാതെയെങ്കിലും അവരുടെ മനസ്സില്‍ ഉടലെടുക്കുന്നു.
ഇന്നു കാണുന്ന പല പ്രശ്‌നങ്ങള്‍ക്കും മൂല കാരണം കുടുംബങ്ങളിലെ ഈ വിവേചനം തന്നെയാണ്. കുട്ടികളെ പ്രസവിക്കാനും ഭര്‍ത്താവിനെ നോക്കാനും മാത്രമാണോ സ്ത്രീ. ആ ഒരു ഉദ്ദേശം വച്ചു കൊണ്ടാണല്ലോ തങ്ങളെക്കാള്‍ ഒരുപാട് പ്രായം കുറഞ്ഞ സ്ത്രീകളെ ആണുങ്ങള്‍ കല്യാണം കഴിക്കുന്നത്. വയസ്സാകുമ്പോള്‍ നോക്കാന്‍ ആള് വേണം അല്ലേ? പെണ്‍കുട്ടികള്‍ക്ക് ആഗ്രഹങ്ങളില്ലേ സ്വപ്നങ്ങള്‍ ഇല്ലേ?. പറന്നു നടക്കേണ്ട പ്രായത്തില്‍ പിടിച്ചു കൂട്ടില്‍ അടക്കുകയാണോ ചെയ്യേണ്ടത്. നമ്മള്‍ കരുതും നമ്മുടെ കുട്ടികളൊക്കെ വളര്‍ന്നു കഴിഞ്ഞാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന്. ഒരിക്കലുമില്ല. കുട്ടികള്‍ തിരിച്ചു മറുപടി പറയാന്‍ തുടങ്ങും. മക്കള്‍ പറയും ഈ അമ്മ ഓള്‍ഡ് ജനറേഷനാണ് ഒന്നും അറിയില്ല എന്ന്. കുട്ടികളെ പഠിപ്പിക്കലും അവരുടെ കുറ്റപ്പെടുത്തലും എല്ലാം കേട്ട് അവളുടെ ജീവിതം അങ്ങനെ മുന്നോട്ടു പോകും. കുട്ടികള്‍ വലുതായി കല്യാണ പ്രായം എത്തും. അപ്പോഴും കുട്ടികളുടെ കാര്യത്തില്‍ അവള്‍ക്ക് വലിയ അഭിപ്രായസ്വാതന്ത്ര്യം ഒന്നുമുണ്ടാകില്ല. ജോലിക്കൊക്കെ പോകുന്ന അമ്മമാര് ആണെങ്കില്‍ മക്കളുടെ കാര്യത്തില്‍ കാര്യത്തില്‍ ഭര്‍ത്താവിനോട് അഭിപ്രായം പറയും. എതിര്‍ക്കണ്ടതാണെങ്കില്‍ എതിര്‍ക്കുക തന്നെ ചെയ്യും. എന്നാല്‍ മറ്റു പലയിടങ്ങളിലും അവിടെ അവളുടെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയുണ്ടാകാറില്ല.
നിനക്കെന്തറിയാം വല്ല ലോകവിവരവും ഉണ്ടോ? ഇതാണ് പലപ്പോഴും ഭര്‍ത്താവില്‍ നിന്നും കേള്‍ക്കുക. കുട്ടികളുമായിട്ടുള്ള ഒരു ജനറേഷന്‍ ഗ്യാപ്പ് അതും ഒരു വലിയ പ്രശ്‌നമാണ്. പെണ്ണുങ്ങള്‍ക്ക് ജോലിയില്ലെങ്കില്‍ ഒരു നിവൃത്തിയും ഇല്ല. സ്വന്തം വീട്ടിലേക്ക് ഒരു അഞ്ചു രൂപ കൊടുക്കണം എങ്കില്‍ ഭര്‍ത്താവിന്റെ മുന്നില്‍ കൈ നീട്ടണം. സ്വന്തം ആവശ്യത്തിനു വേണമെങ്കില്‍ പോലും ഭര്‍ത്താവിന്റെ കാലുപിടിച്ചാണ് കാര്യം സാധിക്കേണ്ടി വരിക. ഭാര്യമാരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ട് കേട്ടോ അവരെ ഞാന്‍ കുറ്റം പറയുന്നില്ല. ജോലിക്ക് പോകുന്ന സ്ത്രീകള്‍ ആണെങ്കില്‍ സമാധാനം കിട്ടുമോ. ജോലിക്ക് പോകുന്നതിനു മുമ്പ് വീട്ടുജോലി ചെയ്തു തീര്‍ക്കണം. ജോലി കഴിഞ്ഞ് തിരിച്ചുവന്നാലും ഉണ്ടാവും ബാക്കി ജോലികള്‍. ഭര്‍ത്താക്കന്മാര്‍ ടിവിയുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ പാവം സ്ത്രീകള്‍ അടുക്കളയില്‍ പാത്രത്തോട് മല്ലിടുക ആവാം. കുട്ടികളെ പഠിപ്പിക്കേണ്ട ജോലിയും അമ്മമാര്‍ക്ക് തന്നെയാണ്. ഇനി ജോലി സ്ഥലത്താണെങ്കില്‍ വല്ല സമാധാനവും ഉണ്ടോ. അവിടെയും ഉണ്ടാവും വിവേചനം. സ്ത്രീകള്‍ക്ക് കൊടുക്കുന്ന ശമ്പളത്തില്‍ തുടങ്ങുന്നു അത്. ഞാന്‍ സാധാരണ ജോലിക്കാരുടെ കാര്യമാണ് ഈ പറയുന്നത്. വൈറ്റ് കോളര്‍ ജോലികള്‍ അല്ല. ഭക്ഷണം കഴിക്കാന്‍ മര്യാദയ്ക്ക് ഒരു മുറിയുണ്ടോ? ടോയ്‌ലറ്റ് സൗകര്യങ്ങള്‍ പോലും പല സ്ഥലങ്ങളിലും ഇല്ല. അവിടെയും പീഡനം ഒട്ടും കുറവല്ല.
പല സ്ത്രീകളും ഭയംമൂലമോ നാണക്കേട് മൂലമോ പുറത്തു പറയാതിരിക്കുകയാണ് പല സംഭവങ്ങളും. ഒരു ജോലി കയറ്റം കിട്ടണമെങ്കില്‍ പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം. അതാണ് സ്ഥിതി. വൈറ്റ് കോളര്‍ ജോബുകളിലും വിവേചനം ഒക്കെയുണ്ട്. പക്ഷേ സ്ത്രീകള്‍ കുറച്ചുകൂടി പ്രതികരിക്കാന്‍ ധൈര്യം കാണിക്കാറുണ്ട്. അവിടെയും സ്ത്രീകളെ കൊണ്ട് നടുവൊടിയുന്ന വരെ പണിയെടുപ്പിക്കും. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളുടെയും കാര്യമാണ് ഇവിടെ കുറിക്കുന്നത്. ഇനി മക്കള്‍ കല്യാണം കഴിഞ്ഞു കുട്ടികള്‍ ആയാലോ. കുട്ടികളെ നോക്കണ്ട ജോലി അമ്മമാര്‍ക്കാണ്. വിദേശരാജ്യങ്ങളില്‍ ഉള്ള മക്കള്‍ ഡേ കെയറില്‍ ഒരുപാട് കാശ് ചെലവാകും എന്നുള്ളതുകൊണ്ട് അമ്മമാരെ കുട്ടികളെ നോക്കാന്‍ വിദേശത്തേക്ക് കൊണ്ടു പോകുന്നുണ്ട്. പലപ്പോഴും സ്വന്തം വീട്ടില്‍ പറമ്പിലും, പുറത്തും ഒക്കെയായി സര്‍വ്വസ്വാതന്ത്ര്യത്തോടെ കഴിഞ്ഞവര്‍ വിദേശരാജ്യങ്ങളില്‍ ചെന്ന് കൂട്ടിലടച്ച കിളികളെ പോലെ പേരക്കുട്ടികളെയും നോക്കി കഴിയേണ്ട അവസ്ഥയാണ് ഉള്ളത്.
ജീവിതത്തിലെ ഏറിയ പങ്കും മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വേണ്ടി ജീവിച്ച് സ്വന്തം അഭിപ്രായങ്ങള്‍ക്ക് ഒരു വിലയുമില്ലാതെ, സ്വപ്നങ്ങള്‍ ഒന്നും പൂര്‍ത്തീകരിക്കപ്പെടാതെ ഇത്രയും കാലം ജീവിച്ച അവള്‍ക്ക് ഇനി എന്നാണ് തനിക്കായി മാത്രം സമയം ചെലവഴിക്കാന്‍ കഴിയുക. ആണുങ്ങള്‍ പറയുമായിരിക്കും ഭര്‍ത്താവിനെയും കുട്ടികളെയും നോക്കി ജീവിക്കുന്നതില്‍ അല്ലേ ഒരു പെണ്ണിന്റെ സുഖം എന്ന്. അല്ല ഒരിക്കലുമല്ല അത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. പക്ഷേ സ്ത്രീകള്‍ക്ക് അവരുടേതായ സ്വപ്നങ്ങള്‍ ഉണ്ട്. അത് പലപ്പോഴും ബലികഴി കഴിക്കപ്പെടുകയാണ്.
ഒറ്റപ്പെട്ട കഴിയുന്ന മാതാപിതാക്കളെയാണ് നമ്മള്‍ക്ക് ഇന്നത്തെ കാലത്ത് കൂടുതല്‍ കാണാന്‍ കഴിയുക. ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ ആണെങ്കിലോ . കാര്യങ്ങള്‍ കൂടുതല്‍ ദുസഹം ആയിരിക്കും. അമ്മമാര്‍ മക്കളെ സാധാരണയായി ഒന്നും അറിയിക്കില്ല. സര്‍വ്വം സഹയായി ജീവിച്ചു തീര്‍ക്കും. സ്ത്രീയാണ് എന്നും കുടുംബത്തിന്റെ വിളക്ക്.. അവള്‍ കുട്ടിയാണ്, കൗമാരക്കാരിയാണ്, ഭാര്യയാണ്, അമ്മയാണ്, മുത്തശ്ശിയാണ്. ഒരു ജീവിതത്തില്‍ അവള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്തങ്ങളാണ്. അവളുടെ സ്വപ്നങ്ങള്‍ അവളുടെതാണ്. അത് കണ്ടില്ല കേട്ടില്ല എന്ന് ഒരിക്കലും നടിക്കരുത്.
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിലും, ഇന്ത്യയുടെ സാംസ്‌കാരിക-സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള നേതാവെന്ന നിലയിലും ചരിത്രത്തില്‍ ഇടം നേടിയ ഇന്ദിരാ ഗാന്ധി, ഇന്ത്യന്‍ സംഗീത ലോകത്തിന്റെ സ്വരകോകില, തന്റെ മാസ്മരിക ശബ്ദം കൊണ്ട് ഒരു കാലഘട്ടത്തെ അതിസുന്ദരമാക്കിയ ലത മങ്കേഷ്‌കര്‍, ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറായ കിരന്‍ ബേദി, ആറുതവണ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ച മേരി കോം,'ഹ്യൂമന്‍ കമ്പ്യൂട്ടര്‍' എന്നറിയപ്പെടുന്ന,അതിവേഗ കണക്കുകൂട്ടലിലൂടെ ലോകം മുഴുവന്‍ അമ്പരപ്പിച്ച ശകുന്തള ദേവി അങ്ങനെ പല വെല്ലുവിളികളെയും അതിജീവിച്ച് ചരിത്രത്തില്‍ ഇടം നേടിയ സ്ത്രീകള്‍ ഇന്ത്യയിലുണ്ട്.
ഈ സ്ത്രീകള്‍ വെല്ലുവിളികളെ അതിജീവിച്ച് വിജയിച്ച ഉജ്ജ്വലമായ പ്രതിരൂപങ്ങളാണ്. അവരുടെ കഥകള്‍ ഇന്നത്തെ യുവജനങ്ങള്‍ക്ക് പ്രചോദനമാണ്.
പക്ഷേ എത്രപേര്‍ക്ക് ഇങ്ങനെ മുന്നേറാന്‍ കഴിയുന്നുണ്ട്? കൂടിവരുന്ന ആത്മഹത്യാ കണക്ക് അതാണ് സൂചിപ്പിക്കുന്നത്.. പലപ്പോഴും സ്ത്രീകളുടെ ശത്രുക്കള്‍ സ്ത്രീകള്‍ തന്നെയാണ്.. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ പലര്‍ക്കും അവരുടെ ജീവിതവുമായി സാദൃശ്യം തോന്നിയേക്കാം. ഇതിലെ കുറച്ചു കാര്യങ്ങള്‍ എങ്കിലും എന്റെ ജീവിതമായും ഇഴ ചേര്‍ന്നു കിടക്കുന്നുണ്ട്. നിങ്ങള്‍ കുന്നോളം ആഗ്രഹിക്കൂ, അതിനായി അധ്വാനിക്കൂ, വിജയിക്കൂ! നിങ്ങള്‍ക്ക് കഴിയില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അതിന് ചെവി കൊടുക്കാതെ വിജയിച്ച് കാണിച്ചുകൊടുക്കുക. സ്ത്രീശക്തി എന്താണെന്ന് കാലം തെളിയിക്കട്ടെ.
-ഡോ. ഇന്ദു ചന്ദ്ര
Related News