l o a d i n g

കായികം

ചാമ്പ്യന്‍സ് ലീഗില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍

മുനീര്‍ വാളക്കുട

Thumbnail

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രീതിയും ഘടനയും നവീകരിച്ച സീസണായിരുന്നു 2024 -25. 32 ടീമുകള്‍ എന്ന പരമ്പരാഗത രീതിയില്‍ നിന്ന് ടീമുകളുടെ എണ്ണം 36 ആയി ഉയര്‍ത്തുകയും, ആ ടീമുകളെ 9 വീതമാക്കി 4 പ്ലോട്ടുകളില്‍ അണിനിരത്തി നടത്തിയ മത്സരങ്ങളില്‍ ഇനിമുതല്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ്. സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ ജര്‍മ്മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്‌സണല്‍, ആസ്റ്റണ്‍വില്ല ഇറ്റലിയില്‍ നിന്നുള്ള ഇന്റര്‍ മിലാന്‍, ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാറ്റുരക്കുന്നത്. ഏപ്രില്‍ എട്ടിനാണ് മത്സരത്തിന്റെ ആദ്യ പാദം ആരംഭിക്കുന്നത്. അതില്‍ റയല്‍ മാഡ്രിഡ് ആഴ്‌സണലിനേയും ആസ്റ്റണ്‍വില്ല പി എസ് ജിയെയും ബാഴ്‌സലോണ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും ബയേണ്‍ മ്യൂണിക് ഇന്റര്‍മിലാനെയും നേരിടും.

റയല്‍ മാഡ്രിഡ് & ആഴ്സണല്‍.

ചാമ്പ്യന്‍സ് ലീഗില്‍ 15 തവണ ജേതാക്കളായ റയലും ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടില്ലാത്ത ആഴ്‌സണലും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കളിയാരാധകര്‍ തീര്‍ച്ചയായും സ്പാനിഷ് കരുത്തരുടെ കൂടെ നില്‍ക്കും. റയലിന്റെ പാരമ്പര്യവും താരനിലവാരവും അത്രയേറെ മികച്ചതാണ്. കാര്‍ലോ ആന്‍സലോട്ടിയുടെ ആവനാഴിയില്‍ വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിംങ്ഹാം, കിലിയന്‍ എംബാപ്പെ, റൊഡ്രിഗോ എന്നീ യുവരക്തങ്ങളും ഒപ്പം ലൂക്കാ മോഡ്രിച്ചിന്റെ അനുഭവസമ്പത്തും കൂടിച്ചേരുമ്പോള്‍ റയല്‍ മാഡ്രിഡിന്റെ നിര കരുത്തുറ്റതാവും. പക്ഷേ ഫുട്‌ബോള്‍ പ്രവചനങ്ങള്‍ക്ക് അതീതമാണല്ലോ. ഗണ്ണേഴ്‌സിന്റെ തന്ത്രം മെനയുന്ന മൈക്കല്‍ അര്‍ട്ടേറ്റയുടെ കൈവശവും മൂര്‍ച്ചയേറിയ അസ്ത്രങ്ങള്‍ ഏറെയുണ്ട്. ബുകായ സാക്ക, കായ് ഹാവര്‍ട്‌സ്, ഗബ്രിയേല്‍ ജീസസ്, റിക്കാര്‍ഡോ കലാഫിയോറി, വില്യം സാലിബ തുടങ്ങിയവരൊക്കെ അതില്‍ ചില പേരുകളാണ്. ലാലിഗയില്‍ ബാഴ്‌സലോണക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും പിന്നിലായി പോയ റയല്‍ മാഡ്രിഡിനെ പിടിച്ചുകെട്ടാന്‍ മൈക്കല്‍ അര്‍ട്ടേറ്റക്കും സംഘത്തിനും കഴിയുമോ എന്നത് കാത്തിരുന്ന് കാണാം. പക്ഷേ റയല്‍ മാഡ്രിഡിന്റെ പാരമ്പര്യം വലുതാണ്. ഒപ്പം നിര്‍ണായക മത്സരങ്ങളെ മറികടക്കാനുള്ള കഴിവും.

പി എസ് ജി & ആസ്റ്റണ്‍വില്ല

കിലിയന്‍ എംബാപ്പയും നെയ്മറും സാക്ഷാല്‍ ലയണല്‍ മെസ്സിയും ക്ലബ്ബ് വിട്ടതിന് ശേഷം പി എസ് ജി ഒത്തിണക്കമുള്ള മികച്ചൊരു ടീമായി മാറിയിരിക്കുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. അവര്‍ പോരാട്ട വീര്യമുള്ള ഒരു ടീമായി മാറിയിരിക്കുന്നു. റൗണ്ട് ഓഫ് 16 -ല്‍ കരുത്തരായ ലിവര്‍പൂളിനെ മലര്‍ത്തിയടിച്ചാണ് അവര്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ലൂയിസ് എന്‍ഡ്രികെ പരിശീലിപ്പിക്കുന്ന പി എസ് ജിയുടെ ബാറിനു കീഴില്‍ ഇറ്റലിയുടെ ജിയാന്‍ലൂയിഗി ഡൊണരുമ്മയാണ്. അതുതന്നെയാണ് അവരുടെ ഏറ്റവും വലിയ കരുത്തും. ഒപ്പം ഉസ്മാന്‍ ഡെമ്പലെ, വിറ്റിന്‍ഹ, ലീ കാങ് ഇന്‍, അഷറഫ് ഹക്കിമി തുടങ്ങിയ പോരാളികളും കൂടി ചേരുമ്പോള്‍, ഉനൈ എംറി തന്ത്രം മെനയുന്ന ആസ്റ്റണ്‍വില്ലക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഗോള്‍വല കാക്കാന്‍ അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് ഉള്ളത് വില്ലക്ക് ഇതുവരെ ഗുണം ചെയ്തിട്ടുണ്ട്. ഒപ്പം റാഷ്‌ഫോര്‍ഡ്, ഒല്ലി വാട്ട്കിന്‍സ് തുടങ്ങിയ മുന്നേറ്റ നിരക്കാരുള്ളതും ഉനൈ എംറിക്ക് ആശ്വാസമായേക്കാം. ആസ്റ്റണ്‍ വില്ല ഒരുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയിട്ടുണ്ട്. ഇതുവരെ ജേതാക്കളായിട്ടില്ലെങ്കിലും ഫ്രഞ്ച് ക്ലബ്ബിന്റെ ഒത്തിണക്കത്തെയും ചടുലതയെയും മറികടക്കാന്‍ വില്ലക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

ബൊറൂസിയ ഡോര്‍ട്ട്മുണ്ട് & ബാഴ്‌സലോണ

ബുണ്ടസ്ലീഗയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ആഭ്യന്തര ലീഗില്‍ തന്നെ ശരാശരി പ്രകടനം മാത്രം നടത്തുമ്പോള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? അതും ബാഴ്‌സലോണ പോലൊരു ടീമിനെതിരെ. ഏപ്രില്‍ 9 നടക്കുന്ന ആദ്യ പാദത്തില്‍ ഡോര്‍ട്ട്മുണ്ട് പരിശീലകന്‍ നിക്കോ കൊവാച് ഏത് തന്ത്രങ്ങളാവും കാറ്റലോണിയന്‍ സംഘത്തിനെതിരെ കരുതിവെച്ചിട്ടുണ്ടാവുക? കരീം അദേയ്മി, സെര്‍വൗ ഗുയിരാസി,എംറെ കാന്‍ തുടങ്ങിയ വലിയ മേല്‍വിലാസമില്ലാത്ത താരങ്ങളെ വെച്ച് ആധുനിക ഫുട്‌ബോളിലെ മിന്നും നക്ഷത്രം ലാമിന്‍ യമാലിനെയും സംഘത്തിനെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മലര്‍ത്തിയടിച്ചാല്‍ ലോക ഫുട്‌ബോളില്‍ അതൊരു പുതിയ ചരിത്രമാവും. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യത വളരെ കുറവാണ്. സ്ഥിരതയുള്ള ഫോമില്‍ കളിക്കുന്ന ബാഴ്‌സലോണ ഏകപക്ഷീയമായി സെമിഫൈനലില്‍ പ്രവേശിക്കാനാണ് കൂടുതല്‍ സാധ്യത.

ബയേണ്‍ മ്യൂണിക് & ഇന്റര്‍ മിലാന്‍

ഒരുപക്ഷേ ഈ ചാമ്പ്യന്‍സ് ലീഗിലെ ഇഞ്ചോടിഞ്ച് പോരാട്ടം ഇന്റര്‍ മിലാനും ബയേണ്‍ മ്യൂണികും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലായിരിക്കും. ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനത്തുള്ളത് വിന്‍സന്റ് കൊമ്പാനിയുടെ ബയേണ്‍ മ്യൂണിക്കാണ്. ആഭ്യന്തര ലീഗില്‍ കഴിഞ്ഞ തവണ ലെവര്‍കൂസന് മുന്നില്‍ പതറിയ ബയേണ്‍ ഇത്തവണ അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ചാമ്പ്യന്‍സ് ലീഗില്‍ അവരുടെ പ്രകടനം ശരാശരിയാണ്. ലീഗ് ഘട്ടത്തില്‍ ബാഴ്‌സലോണ, ഫെയ്‌നൂര്‍ദ്, ആസ്റ്റണ്‍വില്ല എന്നീ ടീമുകളുടെ അവര്‍ തോല്‍വി വഴങ്ങിയിരുന്നു. ഹാരി കെയ്‌നും ജമാല്‍ മുസിയാലയും ജോഷ്വ കിമ്മിച്ചും കിംഗ്സ്ലി കോമാനും അണിനിരക്കുന്ന മുന്നേറ്റനിര ഇന്റര്‍ മിലാന് തലവേദന സൃഷ്ടിക്കും. പക്ഷേ ഇന്റര്‍ മിലാന്‍ പരിശീലകന്‍ സിമോണ്‍ ഇന്‍സാഗി ഇറ്റലിയുടെ പരമ്പരാഗത ശൈലിയായ പ്രതിരോധത്തിനാവും മുന്‍തൂക്കം കൊടുക്കുക. ഡെന്‍സല്‍ ഡംഫ്രൈഡും ഫെഡറികോ ഡിമാര്‍ക്കോയും ബെഞ്ചമിന്‍ പവാര്‍ഡുമടങ്ങുന്ന ഇന്റര്‍ മിലാന്റെ പ്രതിരോധനിര ലീഗ് ഘട്ടത്തില്‍ 8 ക്ലീന്‍ഷീറ്റുകള്‍ നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ററിന്റെ പ്രതിരോധ മതില്‍ കടുപ്പമേറിയതാണ്. അതിനെ ഭേദിക്കാന്‍ ഹാരി കെയ്‌നും മുസിയാലക്കും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ഒപ്പം ലൗട്ടാരോ മാര്‍ട്ടിനെസും മാര്‍ക്കസ് തുറാമും അടങ്ങുന്ന മുന്നേറ്റനിര ബയേണ്‍ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാവും. ഇന്റര്‍ മിലാനാണ് മുന്നോട്ടുള്ള സാധ്യതകള്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ കാണുന്നത്.

ഏതായാലും ഏപ്രില്‍ ആദ്യവാരത്തോടെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ചൂടുപിടിച്ചു തുടങ്ങും.

-മുനീര്‍ വാളക്കുട

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025