വാഷിങ്ടന്‍: ഫലസ്തീന്‍ സംഘടനയായ ഹമാസിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ട്രംപ് സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുന്നു. പ്രകടനത്തിനും മറ്റും പങ്കെടുത്ത വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയാണ് യു.എസ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഇങ്ങനെ വിസ റദ്ദാക്കപ്പെടുന്നവര്‍ക്ക് സ്വയം നാടു കടക്കാനുള്ള സൗകര്യവും അമേരിക്ക ഒരുക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥി നാടു കടന്നു.
കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി രഞ്ജിനി ശ്രീനിവാസനാണ് വിസ റദ്ദാക്കപ്പെട്ടതിനു പിന്നാലെ രാജ്യം വിടാന്‍ നിര്‍ബന്ധിതയായത്. ഹമാസിന്റെ നയങ്ങളെ പിന്തുണച്ചെന്നും പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നും ആരോപിച്ചാണ് രഞ്ജനിയുടെ വിസ യുഎസ് റദ്ദാക്കിയത്. വിസ റദ്ദാക്കപ്പെട്ടതോടെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജനി അറിയിക്കുകയായിരുന്നു. അമേരിക്കയിലെ ക്യാമ്പസുകളില്‍ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രകടനവും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത വിദേശ വിദ്യാര്‍ഥികളുടെ മേല്‍ നിരീക്ഷണം ശക്തമാക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് രഞ്ജിനിക്ക് അമേരിക്ക വിടേണ്ടി വന്നത്.
കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഹമാസിനെ പിന്തുണച്ചവരില്‍ ഒരാള്‍ സ്വയം നാടുകടത്താന്‍ സിബിപി ഹോം ആപ്പ് ഉപയോഗിച്ചതില്‍ സന്തോഷമുണ്ടെന്ന് രഞ്ജിനി നാടുകടത്തപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം എക്‌സില്‍ കുറിച്ചു. യുഎസില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിച്ചത് അംഗീകാരമാണ്. അതു ദുരുപയോഗം ചെയ്ത് അക്രമത്തിനും ഭീകരതയ്ക്കും പുറകെ പോകുമ്പോള്‍ വിസ റദ്ദാക്കേണ്ടതു തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കിസ്റ്റി നോം കൂട്ടിച്ചേര്‍ത്തു.
ഹമാസിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിലുള്ള ആദ്യ അറസ്റ്റ് കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുള്ള മഹമൂദ് ഖലീല്‍ എന്ന വിദ്യാര്‍ഥിയാണ് കഴിഞ്ഞ ആഴ്ച അറസ്റ്റിലായത്. ഇത്തരം കേസിലെ അമേരിക്കയിലെ ആദ്യ അറസ്റ്റായിരുന്നു ഇത്. ഖലീലിപ്പോള്‍ ലുസിയാനയിലെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാണുള്ളത്.
Related News