കോട്ടയം: ദലിത് ചിന്തകനും എഴുത്തുകാരനും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. കോട്ടയം കല്ലറ സ്വദേശിയായ ഇദ്ദേഹം കല്ലറ എന്‍. എസ്.എസ്. ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. 1977-ല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായി റിട്ടയര്‍ ചെയ്തു.
ആത്മകഥയായ 'ദലിതന്‍' അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. അംബേദ്കര്‍: ജീവിതവും ദൗത്യവും (എഡിറ്റര്‍), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സമഗ്ര സംഭാവനകള്‍ക്കുള്ള 2020 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വചനം ബുക്‌സ് സാഹിത്യകാരനായ നാരായന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Related News