അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു പക്ഷെ ആദ്യമായി ന്യൂജേഴ്‌സിയിലെ ഒരു ക്രൈസ്തവ സഹോദരന്റെ ഭവനത്തില്‍ ഇവിടുത്തെ മുസ്ലിം കുടംബങ്ങളെ ആദരിച്ച് പരിശുദ്ധ റംസാന്‍ മാസത്തില്‍ ഹൈന്ദവ - ക്രിസ്തീയ സഹോദരങ്ങള്‍ ഒത്തു ചേര്‍ന്നു സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് അത്യന്തം ഹൃദ്യവും ആനന്ദകരവുമായ അത്യപൂര്‍വ്വ അനുഭവമായി.
നമ്മുടെ നാട്ടില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടിയുള്ള നോമ്പുതുറകള്‍ക്ക് പുറമെ പള്ളികളിലും, പൊതു സ്ഥലങ്ങളിലും നടക്കുന്ന നോമ്പ് തുറകള്‍ സര്‍വ്വ സാധാരണമാണ്. കൂടാതെ ഇതര മതസ്തരായ സഹോദരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമൂഹ ഇഫ്താറുകളും , അമുസ്ലിം സഹോദരന്മാരുടെ നേതൃത്വത്തില്‍ അവരുടെ വീടുകളിലും, ചില സ്ഥലങ്ങളില്‍ ചര്‍ച്ചുകളിലും അമ്പലങ്ങളിലും വരെ നടക്കുന്ന ചെറുതും വലുതുമായ നോമ്പ് തുറകള്‍ ഈ അടുത്ത കാലം വരെ ഒരു വാര്‍ത്തയേ ആയിരുന്നില്ല. എന്നാല്‍, ഈ കെട്ട കാലഘട്ടത്തില്‍ ആവശ്യമില്ലാത്ത ആരോപണ പ്രത്യാരോപണങ്ങളും, വാദ പ്രതിവാദങ്ങളും കാരണം നമ്മുടെ പരമ്പരാഗതമായ സ്‌നേഹവും ബഹുമാനവും ഐക്യവും ധാരണയും കുറച്ചു കൈമോശം വന്നു തുടങ്ങി എന്ന് സംശയിക്കേണ്ട ഒരു കാലഘട്ടത്തിലാണ് ഒരു അമേരിക്കന്‍ മലയാളി സുഹൃത്ത് മറ്റു അമുസ്ലിം കുടുംബങ്ങളെ കൂടി ചേര്‍ത്ത് നാട്ടിലെ പരമ്പരാഗത രീതിയില്‍ ഇഫ്താര്‍ നടത്തിയത്. ബാങ്ക് വിളിയും, നോമ്പ് തുറയും, നമസ്‌കാരവും കേരളീയ ഇഫ്താര്‍ വിഭവങ്ങള്‍ ചേര്‍ന്ന സല്‍ക്കാരവും കൂടിയാകുമ്പോള്‍ അതൊരു പുതുമ നിറഞ്ഞ നന്മയും സ്‌നേഹവും കൈകോര്‍ത്തപ്പോഴാണ് അത് സന്തോഷം പകരുന്ന വാര്‍ത്തയായി മാറുന്നത്.
കഴിഞ്ഞ വര്‍ഷം ന്യൂജേഴ്‌സിയില്‍ അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന് സമുദായ സംഘടനാ ഭേദമില്ലാതെ എല്ലാ മേഖലയിലും ഉള്ളവരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഇന്റര്‍ഫെയ്ത്ത് ഇഫ്താര്‍ സംഗമത്തില്‍ വച്ചാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ തൃശൂര്‍ സ്വദേശിയും മലയാളി വ്യവസായിയുമായ സുഹൃത്ത് അനില്‍ പുത്തഞ്ചിറ ഒരു ആശയം പരസ്യമായി പ്രകടിപ്പിച്ചത്. അടുത്ത വര്‍ഷത്തെ നോമ്പുതുറ എന്റെ വീട്ടില്‍ വച്ചായിരിക്കും എന്ന ആ പ്രഖ്യാപനം അന്ന് അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍, ഞാന്‍ നാട്ടില്‍ നിന്നും വന്ന് ഒരാഴ്ച പോലും കഴിഞ്ഞിട്ടില്ലാത്ത സമയത്ത് മാര്‍ച്ച് 9ന് ന്യൂജേഴ്‌സിയില്‍ തന്റെ വീട്ടില്‍ വച്ച് നടക്കുന്ന ഇഫ്താറിന് ക്ഷണിച്ചുകൊണ്ട് അനില്‍ പുത്തഞ്ചിറയുടെ സന്ദേശം വന്നപ്പോഴാണ് വീണ്ടും കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ ഇഫ്താര്‍ ആഗ്രഹം ഓര്‍മ്മവന്നത്.
യാത്രാദൂരവും, നാട്ടില്‍ നിന്നും വന്ന ശാരീരിക ക്ഷീണവും കണക്കിലെടുത്ത് പോകാന്‍ മടിച്ചെങ്കിലും ന്യൂജേഴ്‌സിയില്‍ തന്നെയുള്ള സുഹൃത്തും വ്യവസായിയും സഹ പ്രവര്‍ത്തകനുമായ കുണ്ടോട്ടി സ്വദേശി ഹനീഫ എരഞ്ഞിക്കലിന്റെ നിര്‍ബന്ധവും, ന്യൂയോര്‍ക്കിലെ എന്റെ അയല്‍വാസി അബ്ദുക്ക (അബ്ദു വെട്ടിക്കാട്, ആലുവ) സഹയാത്രികനായി കൂടെ വരാം എന്ന വാഗ്ദാനവും കൂടി ആയപ്പോഴും അനിലിന്റെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധവും കാരണം പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ യാത്ര ചെയ്തു നേരത്തെ തന്നെ ന്യൂജേഴ്‌സിയിലെ സുഹൃത്ത് സമദ്ക്ക നിര്‍ദ്ദേശിച്ച പ്രകാരം സൂര്യാസ്തമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ അനിലിന്റെ വിശാലമായ വീട്ടുമുറ്റത്ത് എത്തി. അപ്പോള്‍ തന്നെ ഇഫ്താര്‍ ചടങ്ങിന്റെ വലിപ്പവും പൊലിമയും ബോധ്യപ്പെട്ടു.
റംസാനോടനുബന്ധിച്ച് അനിലിന്റെ മനോഹരമായ മാന്‍ഷന്‍ മുഴുവന്‍ ദീപാലകൃതമാക്കിയിരുന്നു, അകത്തെ ചുമരുകള്‍ റംസാന്‍ സന്ദേശങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. നൂറുക്കണക്കിന് മുസ്ലിം കുടുംബങ്ങള്‍ക്ക് പുറമെ ധാരാളം അമുസ്ലിം കുടുംബങ്ങളും അമേരിക്കയിലെ ഫോമ , ഫൊക്കാന, ഡബ്ലിയു.എം.എഫ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, കാഞ്ച്, മഞ്ച്, കെ.എം.സി സി, നന്മ, ഇന്ത്യാ പ്രസ് ക്ലബ്, എം എം എന്‍ ജെ , എം.എം.പി.എ എല്ലാ പ്രമുഖ സംഘടനകളുടെയും മുതിര്‍ന്ന നേതാക്കളും മാധ്യമ പ്രവര്‍ത്തകരും എല്ലാം അടങ്ങിയ മനോഹരമായ ആള്‍ക്കൂട്ടം. അനിലിന്റെ കൂടെ തന്റെ ഹൈന്ദവ- കൃസ്ത്യന്‍ സുഹൃത്തുക്കളും, ഞങ്ങളും കൂടി ഇതില്‍ ഭാഗമാകുന്നു എന്ന് പറഞ്ഞു ഒത്തുചേര്‍ന്നപ്പോള്‍ അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ സമൂഹ നോമ്പ് തുറ ഒരു മഹാസംഭവമായി മാറുകയായിരുന്നു. മുസ്ലിം വിശ്വാസികളെ മാനിച്ചും ബഹുമാനിച്ചും പ്രാര്‍ത്ഥനയ്ക്കുള്ള ഒരുക്കത്തിലും ഭക്ഷണത്തിലും അടക്കം ഓരോ അംശത്തിലും അവര്‍ നടത്തിയ കരുതലും ശ്രദ്ധയും എടുത്തു പറയേണ്ടതാണ്. പതിവായി എപ്പോഴും ഭക്ഷണം ഒരുക്കുന്നതില്‍ അധ്വാനിക്കുന്ന മുസ്ലിം സഹോദരിമാര്‍ക്ക് വിശ്രമം പ്രഖ്യാപിച്ചു കൊണ്ട് എല്ലാവരും സ്വയം മുന്നോട്ട് വന്ന് മലബാറിലെ വിഭവസമൃദ്ധമായ നോമ്പുതുറയെ വെല്ലുന്ന വിധത്തിലുള്ള ഒരുക്കങ്ങളാണ് അവിടെ കാണാന്‍ കഴിഞ്ഞത്. അനിലിനും, ഭാര്യ റീനയ്ക്കും മകന്‍ അലനും പുറമെ അവിടെ കൂടിയ ഹൈന്ദവ-ക്രിസ്ത്യന്‍ - സിക്ക് കുടുംബാംഗങ്ങള്‍ വരെ വളരെ കരുതലോടും സ്‌നേഹാദരവുകളോടും കൂടിയായിരുന്നു വ്രതം അനുഷ്ടിച്ചു വന്ന അതിഥികളെ സ്വീകരിച്ചിരുത്തിയത്.
ഇഷാക് ഷബീറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ തുടക്കം കുറിച്ച ഇഫ്താര്‍ ചടങ്ങില്‍ ആതിഥേയന്‍ അനില്‍ പുത്തഞ്ചിറ അതിഥികള്‍ക്ക് സ്വാഗതമോതി. ഇങ്ങനെ ഒരു വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. നന്മയും കരുതലും സ്‌നേഹവും മത സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്ന അനിലിന്റെയും കുടുംബത്തിന്റെയും ഈ മാതൃക എല്ലാവരും പിന്‍ പറ്റണമെന്ന അബ്ദു സമദ് പൊനേരിയുടെ റംസാന്‍ സന്ദേശം കാലികമായിരുന്നു. തുടര്‍ന്നു നാട്ടില്‍ പങ്കെടുത്തിട്ടുള്ള സമൂഹ ഇഫ്താറുകളില്‍ നിന്നും മത സൗഹാര്‍ദ്ദ വേദികളില്‍ നിന്നും ഏറെ വേറിട്ടു നില്‍ക്കുന്ന ഒന്നാണ് അനിലിന്റെയും കുടുംബത്തിന്റെയും നേതൃത്വത്തില്‍ അമേരിക്കയിലെ അമുസ്ലിം സുഹൃത്തുക്കള്‍ ചേര്‍ന്നു സംഘടിപ്പിച്ച ഇന്നത്തെ നോമ്പ് തുറ ഹൃദ്യവും ചരിത്രപരവുമായ അനുഭവമാണ് എന്നും കലുഷിതമായ ഈ കാലഘട്ടത്തില്‍ തെറ്റിദ്ധാരണകള്‍ ധാരാളം പ്രചരിക്കുന്ന അവസരത്തില്‍ സ്‌നേഹമസൃണമായ ഇത്തരം കൂടിച്ചേരലുകളും ഇഫ്താര്‍ മീറ്റുകളും ലോകത്തിന് തന്നെ മാതൃകയാണ് എന്നും ഈയുള്ളവന്‍ (യു.എ നസീര്‍) പറഞ്ഞപ്പോള്‍ തുടര്‍ന്നു സംസാരിച്ച നേതാക്കളും ജേര്‍ണലിസ്റ്റുകളും വ്യവസായ പ്രമുഖരും ഈ വിഷയങ്ങളിലൂന്നിയാണ് സംസാരിച്ചത്.
ഫോമയുടെ മുന്‍ പ്രസിഡണ്ട് അനിയന്‍ ജോര്‍ജ്, ഫൊക്കാന മുന്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളി, ഡബ്ലിയു എം എഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ ആനി ലിബു, ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണി, ഫോമ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, ഇ മലയാളി മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ , പ്രമുഖ പൊതു പ്രവര്‍ത്തകനും വ്യവസായികളുമായ ദിലീപ് വര്‍ഗ്ഗീസ്, ഹനീഫ് എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങ് കൃത്യവും ഭംഗിയുമാക്കുന്നതില്‍ കോഴിക്കോട്ടുകാരി കൂടി ആയിട്ടുള്ള സ്വപ്ന രാജേഷ് മികവ് കാട്ടി. പരിശുദ്ധ റംസാന്‍ കാലത്ത് തങ്ങള്‍ക്ക് ഒരു ദിവസം വിശ്രമം നല്‍കി ഭംഗിയായി നോമ്പു തുറപ്പിച്ചതിന് ഷാഹിനി ഹനീഫിന്റെ നേതൃത്വത്തില്‍ മുസ്ലിം സഹോദരിമാര്‍ അനിലിനും ഭാര്യ റീനക്കും ഉപഹാരം സമ്മാനിച്ചു. മഗ് രിബ് നമസ്‌ക്കാരത്തിനു ശേഷം വിഭവസമൃദ്ധമായ ഭക്ഷണ സമയം മേമ്പോടിയായി ,' ആയിരം കാതമകലെയാണെങ്കിലും ' എന്നുതുടങ്ങുന്ന ഗാനം പ്രമുഖ ഗായകന്‍ സിജി ആനന്ദിന്റെ ഗസലും വേറിട്ട അനുഭവം സമ്മാനിച്ചു.
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഊതി പെരുപ്പിച്ചു കാട്ടി ചിലരുടെ തെറ്റായ ആരോപണങ്ങളും വിമര്‍ശനങ്ങളും സമുദായങ്ങള്‍ തമ്മില്‍ ആവശ്യമില്ലാത്ത ഒരു അകല്‍ച്ച ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം ഒത്തു ചേരലുകള്‍ മത സൗഹാര്‍ദവും ഐക്യവും സന്തോഷവും വീണ്ടെടുക്കുമെന്നും, അമേരിക്കയില്‍ തുടങ്ങി വെച്ച ഇത്തരം സൗഹാര്‍ദ കൂട്ടായ്മകള്‍ നമ്മുടെ നാട്ടിലടക്കം എല്ലാവരും പിന്തുടരണമെന്നും പരിപാടിയില്‍ ആദ്യാവസാനം പങ്കു ചേര്‍ന്ന പ്രമുഖ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനും, ഇ മലയാളി ചീഫ് എഡിറ്റുമായ ജോര്‍ജ് ജോസഫ് യൂ ട്യൂബ് ബ്ലോഗില്‍ വ്യക്തമാക്കി. കൂടുതല്‍ ഉണര്‍വും ഐക്യവും സുരക്ഷിത ബോധവും പകര്‍ന്ന ഒരു ചടങ്ങായിരുന്നു പ്രിയ സുഹൃത്ത് അനിലിന്റെ ഈ നോമ്പുതുറ സംഗമം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം കൂടിച്ചേരലുകള്‍ ഉണ്ടാവണമെന്നും എല്ലാവര്‍ഷവും നമുക്ക് ഇത് തുടരാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെയുമാണ് അവിടെനിന്ന് എല്ലാവരും പിരിഞ്ഞത്.
-യു.എ നസീര്‍ ന്യൂയോര്‍ക്ക്
Related News