ഒട്ടാവ: കാനഡയെ ഇനി മാര്‍ക്ക് കാര്‍നി നയിക്കും. ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായി ലിബറല്‍ പാര്‍ട്ടി നേതാവായും കാനഡയുടെ 24ാം പ്രധാനമന്ത്രിയായും കാര്‍നിയെ പ്രഖ്യാപിച്ചു. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറാണിദ്ദേഹം. ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്റയാണു കാര്‍നിയുടെ വിജയം പ്രഖ്യാപിച്ചത്.
ട്രൂഡോയുടെ പിന്‍ഗാമിയായി ലിബറല്‍ പാര്‍ട്ടി നേതാവാകാന്‍ സാധ്യതയുള്ളവരില്‍ മുന്നിലായിരുന്നു കാര്‍നി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിടാന്‍ പറ്റിയ മികച്ച രാഷ്ട്രീയക്കാരനും ധനകാര്യ വിദഗ്ധനുമായാണു കാര്‍നിയെ കാനഡക്കാര്‍ കാണുന്നത്. 2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായും 2011 മുതല്‍ 2018 വരെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ലെ സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെടാതെ കാനഡയെ പിടിച്ചു നിര്‍ത്തിയതും ഇദ്ദേഹമായിരുന്നു.
വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് കാനഡ ആഗ്രഹിക്കുന്നതെന്ന്് കാര്‍നി വ്യക്തമാക്കി. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല. അദ്ദേഹത്തെ വിജയിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യുഎസ് കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related News