ജയ്പൂര്‍: ഐ ലീഗില്‍ ഗോകുലം കേരളക്ക് ജയം. എവേ മത്സരത്തില്‍ രാജാസ്ഥാന്‍ എഫ്.സിയെയാണ് ഗോകുലം വീഴ്ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മലബാറിയന്‍സിന്റെ ജയം. മുന്നേറ്റതാരം താബിസോ ബ്രൗണിന്റെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഗോകുലം മികച്ച ജയം നേടിയത്. 45,80 മിനുട്ടുകളിലായിരുന്നു ബ്രൗണിന്റെ ഗോളുകള്‍. അവസാന മത്സരത്തില്‍ ലജോങ്ങില്‍ നിന്നേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ജയിക്കുക എന്ന തീരുമാനത്തോടെയായിരുന്നു ഗോകുലം കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ് കളിച്ച ഗോകുലം രാജസ്ഥാന് മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാല്‍ പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ലഭിച്ച അവസരത്തിലെല്ലാം കൗണ്ടര്‍ അറ്റാക്കുമായി രാജസ്ഥാനും ഗോകുലത്തിന്റെ ഗോള്‍മുഖത്ത് എത്തിക്കൊണ്ടിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഗോള്‍ നേടി ഗോകുലം ലീഡ് നേടി. താബിസോ ബ്രൗണിന്റെ വകയായിരുന്നു ആദ്യ ഗോള്‍.
ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ഗോകുലം രണ്ടാം പകുതിയുടെ തുടക്കത്തില്‍ മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 57ാം മിനുട്ടില്‍ അതുല്‍ ഉണ്ണികൃഷ്ണനിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ട് ഗോള്‍ ലീഡ് നേടിയതോടെ രാജസ്ഥാന് മേല്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ഗോകുലത്തിന് പിന്നീട് കാര്യങ്ങള്‍ അനായാസമായിരുന്നു. 80ാം മിനുട്ടില്‍ ഗോകുലം താരം തൊടുത്ത ഷോട്ട് പോസ്റ്റ് തട്ടി തെറിക്കുകയായിരുന്നു. തൊട്ടു മുന്‍പിലുണ്ടായിരുന്ന ബ്രൗണ്‍ റീ ബോണ്ട് വന്ന പന്ത് അനായാസം വലയിലെത്തിച്ചു. സ്‌കോര്‍ 3-0. പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം 3 -0 എന്ന സ്‌കോറിന് അവസാനിച്ചു.
18 മത്സരത്തില്‍ നിന്ന് 28 പോയിന്റുള്ള ഗോകുലം പട്ടികയില്‍ നാലാം സ്ഥാനത്ത് തിരിച്ചെത്തി. ഇത്രയും മത്സരത്തില്‍നിന്ന് 24 പോയിന്റുള്ള രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമുണ്ട്. 17ന് നാംമധാരിയില്‍ വച്ച് നാംധാരി എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ ലീഗിലെ അടുത്ത മത്സരം
കുതിപ്പ് തുടര്‍ന്ന് ഗോകുലം വനിതാ ടീം
ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം കേരള. ഇന്നലെ നടന്ന എവേ മത്സരത്തില്‍ നിത ഫുട്ബോള്‍ ക്ലബിനെയാണ് ഗോകുലം തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ലീഗിലെ ഗോകുലം കേരളയുടെ തുടര്‍ച്ചയായ നാലാം ജയമായിരുന്നു ഇന്നലത്തേത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടാന്‍ ഗോകുലത്തിനായി. രണ്ടാം മിനുട്ടില്‍ ശുഭാങ്കിയായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച ഗോകുലം പിന്നീട് എതിര്‍ ടീമിന്റെ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ പലപ്പോവും നിര്‍ഭാഗ്യം കൊണ്ട് ഗോള്‍ നഷ്ടപ്പെട്ടു. നിതയുടെ മുന്നേറ്റങ്ങളെയെല്ലാം മധ്യനിരയില്‍ ശില്‍ക്കി ദേവിയുടെ നേതൃത്വത്തിലുള്ള നിര തകര്‍ത്തുകൊണ്ടിരുന്നു.
അവസാന നിമിഷങ്ങളില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍. മധ്യനിര താരം ശില്‍ക്കി ദേവിയായിരുന്നു രണ്ടാം ഗോള്‍ നേടിയത്. പിന്നീട് നിതക്ക് തിരിച്ചുവരവുനുള്ള സമയം ഉണ്ടായിരുന്നില്ല. ഏഴ് മത്സരത്തില്‍നിന്ന് 17 പോയിന്റുള്ള ഗോകുലം പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഈസ്റ്റ് ബംഗാള്‍ ഒന്നാംസ്ഥാനത്തുമുണ്ട്. ഏഴു മത്സരം കളിച്ച ഗോകുലം അഞ്ച് എണ്ണത്തില്‍ ജയിക്കുകയും രണ്ട് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഈ മാസം 15ന് ഒഡിഷയില്‍ വച്ച്' ഒഡിഷ'എഫ്.സിക്കെതിരേയാണ് വനിതകളുടെ ലീഗിലെ അടുത്ത മത്സരം.
Related News