'കുട്ടിക്കൊലയാളി കാട്ടാളന്മാരുടെ നാട് 'എന്ന ശ്രീര്‍ഷകത്തില്‍ ശ്രീ.കാരൂര്‍ സോമന്‍ എഴുതിയ ഒരു ലേഖനം വായിക്കുവാനിടയായി. ഇത് ഏതുനാടാണാവോ എന്ന ജിജ്ഞാസയില്‍ വായന തുടര്‍ന്നു. കാരണം ഈ കാലഘട്ടത്തില്‍ പല നാടുകളിലും, വീടുകളിലും, സമൂഹങ്ങളിലും കണ്ടുവരുന്ന ഭയാനകമായ ഒരു പ്രതിഭാസമാണ് കുട്ടിക്കൊലയാളിക്കാട്ടാളന്മാരുടെ വിളയാട്ടം.
ഈ ലേഖനം ഒരു സമൂഹത്തിന്റെ വികാരവിചാരങ്ങളെ അതിന്റെ എല്ലാ ഹൃദയത്തുടിപ്പകളോടും കൂടി ഒപ്പിയെടുത്ത്, സമൂഹമനസ്സാക്ഷിക്കുമുമ്പില്‍, വിചിന്തനത്തിന് വിഷയമാക്കി, കറുത്ത മഷിയില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ലേഖനം മനസ്സിരിത്തി വായിച്ചാല്‍ മലയാളികളായ എല്ലാ മലയാളികളും മൂക്കത്ത് വിരല്‍ വെച്ച് ചോദിച്ചു പോകും:
നമുക്ക് ഇതെന്തു പറ്റി ?
ശ്രീ.കാരൂര്‍ സോമന്‍ എഴതുന്നു:
'വിദ്യാര്‍ത്ഥിജീവിതത്തിന്റെ ദാരുണവും ഭയാനകവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ് പലപ്പോഴായി വിദ്യാകേന്ദ്രങ്ങളില്‍നിന്ന് പുറത്ത് വരുന്നത്'.
കേരളത്തില്‍ നടക്കുന്ന അന്യായ അന്ധതകളെ പ്രവാസലോകത്തുനിന്ന് എപ്പോഴും തുറന്നെഴുതുന്ന സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖനാണ് ശ്രീ.കാരൂര്‍ സോമന്‍. ലേഖനം വായിച്ചപ്പോള്‍ എനിക്കും ചിലത് കൂട്ടിച്ചേര്‍ക്കണമെന്ന് തോന്നി....
വിനോദസഞ്ചാരവകുപ്പ് അനുഗ്രഹിച്ചാശീര്‍വദിച്ച് നല്‍കിയ'ദൈവത്തിന്റെ സ്വന്തം നാട്' ചെകുത്താന്റെ വിഹാരഭൂമിയായി മാറുകയാണോ? അതെ, ദൈവത്തിന്റെ നാട്ടില്‍ ചെകുത്താനുപോലും ചെത്തി നടക്കാമെന്നുള്ള ഒരവസ്ഥയില്‍ എത്തിനില്‍ക്കുകയണോ ഈ തലമുറ ?
കേരളത്തെക്കുറിച്ച് നന്മകള്‍ പറയാനേറെയുണ്ടെങ്കിലും ചില വിരോധാഭാസങ്ങള്‍ നിരത്തിവയ്ക്കുവാന്‍ കഴിയും. ശ്രീ.കാരൂര്‍ സോമന്‍ ചൂണ്ടിക്കാട്ടിയതുപോലെ, ചില അഗ്‌നിപര്‍വ്വതങ്ങള്‍ സമൂഹത്തില്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ആ പൊട്ടിത്തെറിയുടെ കുത്തൊഴുക്കില്‍പ്പെട്ട് എത്രയെത്ര യുവതീയുവാക്കളാണ് പഠനത്തിനും അന്നസമ്പാദനത്തിനുവേണ്ടി നാടുവിട്ടോടി അലഞ്ഞുതിരിയുന്നത്? എന്തുകൊണ്ടാണ് സമീപഭാവിയില്‍ കേരളമൊരു വൃദ്ധസദനമായി മാറുമെന്ന് അറിവുള്ളവര്‍ ആവലാതിപ്പെട്ടിട്ടും ആ ദിശയില്‍ ഒരാശയ രൂപീകരണമുണ്ടാവാത്തത് ?
നിര്‍വികാരതയുടെ നീര്‍ച്ചുഴിയില്‍പ്പെട്ടുഴലുന്നവരുടെ നേര്‍ക്കാഴ്ച്ചയാണോ ഈ നിസ്സംഗതയെന്ന് ആശ്ചര്യപ്പെടുന്നു. കേരളത്തിന് സാക്ഷരതയില്‍ ഒന്നാം സ്ഥാനം. എന്നിട്ടും ആത്മഹത്യയില്‍ മുമ്പില്‍ ത്തന്നെ. പെണ്‍വാണിഭത്തില്‍ കുപ്രസിദ്ധിയും. സ്ത്രീപീഡനത്തിലോ മുന്‍പന്തിയില്‍. ഈ അടുത്തകാലത്തായി കലാലയങ്ങളില്‍ നടക്കുന്ന കൊടുംക്രൂരതകളുടെ ദൃശ്യശ്രവണമാധ്യമങ്ങളില്‍ക്കുടിയുള്ള വെളിപ്പെടുത്തലുകള്‍....ശ്രീ.കാരൂര്‍ ഓര്‍മ്മപ്പെടുത്തുന്നത് നോക്കുക.
'അച്ചടക്കവും അനുസരണയും വിദ്യാപീഠങ്ങളില്‍നിന്ന് മാത്രമല്ല, സ്വന്തം വീടുകളില്‍നിന്നും ഉണ്ടാ കണം'. ശ്രീ.കാരുരിനെ ശക്തിപ്പെടുത്തുന്ന വാക്കുകളാണ് വൈക്കം സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാള വിഭാഗം അധ്യാപകനും, വകുപ്പ് അധ്യക്ഷനും, കളമശ്ശേരി സോഷ്യല്‍ സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പലു മായിരുന്ന പ്രൊഫസര്‍ സിറിയക് ചോലങ്കേരി അദ്ദേഹത്തിന്റെ 'അകക്കണ്ണ്' എന്ന പുസ്തകത്തില്‍ പ്രശ്‌ന കുടുംബങ്ങളേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. 'മാതാപിതാക്കളെ ദൈവമായി കരുതുന്ന മക്കളും, മക്കളെ ദൈവമായി കരുതുന്ന ഭവനങ്ങളും പ്രശ്‌നഭവനങ്ങളാണ്. 'മാതാപിതാക്കളും മക്കളും, മക്കളും മാതാപിതാക്കളും തമ്മില്‍ ഒരു അനുവദനീയവും അര്‍ഹിക്കുന്ന തുമായ അകല്‍ച്ച അനിവാര്യമാണ്. അങ്ങനെയുള്ള കുടുംബങ്ങളില്‍നിന്നേ പ്രകാശം പരക്കുകയുള്ളൂ. അദ്ദേഹം ഒരു ഉദാഹരണം കൂടി നല്‍കുന്നുണ്ട്. അടുപ്പില്‍ വിറക് കുത്തിനിറച്ചാല്‍ പുക മാത്രം. വിറകുകള്‍ക്കിടയില്‍ അല്പം വിടവുണ്ടാക്കിയാല്‍ തീ ആളിക്കത്തും. എന്നാല്‍ ഈ അകല്‍ച്ച അധികമോ കുറവോ ആയാല്‍ തീ കത്തുകയുമില്ല. ഇതുതന്നെയാണ് വീടുകളുടേയും സ്ഥിതി.
അറിയപ്പെടുന്ന എഴുത്തുകാരനും സാഹിത്യകാരനുമായ ശ്രീ.അജിത് കൂവോട് തന്റെ 'കേരളം ലഹരിയിലമരുമ്പോള്‍' എന്ന ലേഖനത്തില്‍ 'ഒരു സമൂഹത്തിന്റെ അമിത സ്വാതന്ത്ര്യബോധം സാമൂഹ്യ തിന്മകളിലേക്ക് വഴി തെളിക്കാ'മെന്ന് നിരീക്ഷിക്കുകയുണ്ടായി.അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കന്നതും ശ്രദ്ധേയമാണ്. 'നമുക്ക് നമ്മുടെ മക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ട് തിരിച്ചറിവിനായി തിരിഞ്ഞു നടക്കാം'. പുരോഗതിയെന്നാല്‍ ഓട്ടമത്സരമല്ലെന്നും, ഇടയ്ക്കിടെ വിശ്രമവും വേണ്ടിവന്നാല്‍ ഒരു തിരിഞ്ഞുനടത്തവും അനുവാര്യമാണെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്.
'കേരളമൊരു ഭ്രാന്താലയ'മെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദനും ശ്രീ.കാരുരിന്റേയും ശ്രീ കൂവോടിന്റേയും നിഗമനങ്ങളോട് യോജിക്കാതിരിക്കില്ല. ഗാന്ധിജിയും മദര്‍തെരേസയും മനമുരുകി കരയാനും സാധ്യതയുണ്ട്. കണ്ണീര്‍ക്കടലായിത്തീരുമോ കേരളമെന്ന് സഹ്യന്റെ ഹൃദയവും ഉരുകുന്നുണ്ടാകും...
ഭാരതം ജന്മം നല്‍കി, അഹിംസാസിദ്ധാന്തമേകി പുണ്യഭൂമിയില്‍പ്പിറന്ന ശ്രീബുദ്ധനും കേരളത്തിന്റെ കാലടിയില്‍ ജനിച്ച ആദിശങ്കരനായ ലോകശങ്കരനും കേരളത്തിന്റെ കാലടികളിടറാതെ കാത്തു കൊള്ളുമെന്ന ഒരു ഉറപ്പ് നമുക്ക് കാത്തുസൂക്ഷിക്കാം നമ്മുടെ ഹൃദയങ്ങളില്‍.എങ്കിലും.
പരശുരാമനെറിയണം വീണ്ടുമൊരുമഴുയിവിടെ...
പിഴുതെടുത്തെറിയണം പഴുത്തൊലിക്കും വൃണങ്ങളെ.
നന്മനിറഞ്ഞവരുടേതാകട്ടെ നാളികേരത്തിന്റെ നാട്.
Related News