കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരളക്ക് തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഷില്ലോങ് ലജോങ് എഫ്.സിയോടായിരുന്നു ഗോകുലം തോല്‍വി വഴങ്ങിയത്. ആവേശം അലതല്ലിയ മത്സരത്തില്‍ 3-4 എന്ന സ്‌കോറിനായിരുന്നു മലബാറിയന്‍സിന്റെ തോല്‍വി. മത്സരത്തിന്റെ ഒന്‍പതാം മിനുട്ടില്‍ താബിസോ ബ്രൗണിന്റെ ഗോളില്‍ ഗോകുലം മുന്നിലെത്തിയെങ്കിലും പിന്നീട് അടിയും തിരിച്ചടിയുമായി മത്സരത്തിലുടനീളം ഗോളുകളായിരുന്നു. അധികം വൈകാതെ ഗോള്‍ മടക്കി ലജോങ് മത്സരത്തിലേക്ക് തിരിച്ചു വന്നു. 14ാം മിനുട്ടില്‍ ഫ്രാങ്കി ബുവാമിലൂടെ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കി. മത്സരം സമനിലയിലായതോടെ ഇരു ടീമുകള്‍ക്കും ആവേശം വര്‍ധിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയിലാക്കി.
രണ്ടാം പകുതിയിലായി ബാക്കി ഗോളുകളെല്ലാം പിറന്നത്. 50ാം മിനുട്ടില്‍ ബൗമ വീണ്ടും ഗോള്‍ നേടി ലജോങ്ങിനെ മുന്നിലെത്തിച്ചു. എന്നാല്‍ അധികം വൈകാതെ താബിസോ ബ്രൗണിന്റെ ഗോളില്‍ ഗോകുലം സമനില പിടിച്ചു. 85ാം മിനുട്ടില്‍ ലജോങ് മൂന്നാം ഗോളും നേടി ഗോകുലത്തെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ പകരക്കാരനായി കളത്തിലെത്തി മഷൂര്‍ ഷരീഫിലൂടെ ഗോള്‍ നേടി ഗോകുലം വീണ്ടും സമനില പിടിച്ചു. 88ാം മിനുട്ടിലായിരുന്നു മഷൂറിന്റെ ഗോള്‍ പിറന്നത്. എന്നാല്‍ മത്സരത്തിന്റെ അവസാന മിനുട്ടില്‍ ഗോകുലത്തിന്റെ ബോക്സിന് മുന്നില്‍ നിന്ന് ലഭിച്ച ഫ്രീ കിക്ക് വലയിലാക്കിയതോടെ ലജോങ് ജയിച്ചു കയറുകയായിരുന്നു. പിന്നീട് ഗോള്‍ തിരിച്ചടിക്കാന്‍ മലബാറിയന്‍സിന് സമയം ലഭിക്കാതിരുന്നതോടെ ലജോങ്ങിനോട് തോല്‍വി വഴങ്ങുകയായിരുന്നു. 17 മത്സരത്തില്‍നിന്ന് 25 പോയിന്റുള്ള ഗോകുലം പട്ടികയില്‍ ആറാം സ്ഥാനത്തേക്കിറങ്ങി. മാര്‍ച്ച് ഒന്‍പതിന് എവേ മത്സരത്തില്‍ രാജ്സ്ഥാന്‍ യുനൈറ്റഡിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
Related News