ലൊസാഞ്ചലസ്: 97ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം അടക്കം നാലു പുരസ്‌കാരങ്ങള്‍ നേടി അനോറ. അനോറയിലൂടെ മികച്ച സംവിധായകന്‍ ഉള്‍പ്പെടെ 3 പുരസ്‌കാരം കരസ്ഥമാക്കിയ ഷോണ്‍ ബെക്കറാണ് അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ ഏറ്റവും തിളങ്ങിയത്. സംവിധാനത്തിനു പുറമെ അവലംബിത തിരക്കഥ, എഡിറ്റിങ് തുടങ്ങിയവയിലാണ് ബെക്കറുടെ മറ്റ് പുരസ്‌കാരങ്ങള്‍.
മികച്ച നടി-നടന്മാര്‍ക്കുള്ള പുരസ്‌കാരം അഡ്രിയന്‍ ബ്രോഡിയും മൈകി മാഡിസണും കരസ്ഥമാക്കി. ദ ബ്രൂട്ട്‌ലിസ്റ്റിലൂടെയാണ് അഡ്രിയാന്‍ ബോഡിയുടെ നേട്ടമെങ്കില്‍ അനോറയിലെ പ്രകടനത്തിനാണ് മൈകി മാഡിസണെ തേടി അംഗീകാരമെത്തിയത്. അഡ്രിയാന്‍ ബ്രോഡിയുടെ രണ്ടാമത് ഓസ്‌കര്‍ നേട്ടമാണിത്.
ദ ബ്രൂട്ട്‌ലിസ്റ്റിലൂടെ ലോല്‍ ക്രൗളി മികച്ച ഛായഗ്രഹകനായി മാറിയപ്പോള്‍ ഇതേ ചിത്രത്തിലെ തന്നെ സംഗീതം നിര്‍വ്വഹിച്ച ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് മികച്ച സംഗീതജ്ഞനുള്ള പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണത്തെ പുരസ്‌കാര വിതരണം ആരംഭിച്ചത്. 'എ റിയല്‍ പെയ്ന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കീറന്‍ കള്‍ക്കിന്‍ മികച്ച സഹനടനുള്ള അവാര്‍ഡ്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം എമിലിയ പെരസ് എന്ന ചിത്രത്തിലൂടെ സോയി സല്‍ദാന നേടി. പുരസ്‌കാരം ഏറ്റുവാങ്ങക്കൊണ്ട് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ വിമര്‍ശനവും അവര്‍ നടത്തി.
ഫോട്ടോ: ഷോണ്‍ ബെക്കര്‍, മൈകി മാഡിസണ്‍, അഡ്രിയന്‍ ബ്രോഡി.
Related News