l o a d i n g

സാംസ്കാരികം

ജാതിയും കുലബോധവും തിരിച്ചുവരുന്നതായും സുരേഷ് ഗോപിയെ പോലുള്ളവരുടെ ഇക്കാര്യത്തിലെ പങ്ക് വലുതെന്നും 'ചില്ല' റിയാദ്

Thumbnail

റിയാദ്: കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ നിരാകരിച്ചുകൊണ്ട് ജാതിമേന്മയിലും കുലമഹിമയിലും അധിഷ്ഠിതമായ പൊതുബോധം ശക്തിപ്പെടുകയാണെന്ന് ചില്ലയുടെ പ്രതിമാസ വായന ചര്‍ച്ചാവേദി അഭിപ്രായപ്പെട്ടു. ജാതി, കുലം, പൊതുബോധം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മലയാളിയുടെ ജനപ്രിയ മേഖലകളില്‍ വരെ ഈ പൊതുബോധം ആധിപത്യം പുലര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി അടക്കമുള്ളവര്‍ ഒട്ടും ചരിത്ര-സാമൂഹ്യബോധമില്ലാതെ തട്ടിവിടുന്ന ജാതി-കുലമേന്മാ വാദങ്ങള്‍ സാധാരണക്കാരിലേക്ക് എളുപ്പം എത്തുന്നുണ്ടെന്ന വിലയിരുത്തലുണ്ടായി.

സംവാദത്തിന് മുന്നോടിയായി മൂന്ന് പുസ്തകാവതരണങ്ങള്‍ നടന്നു. പ്രശസ്ത ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യ രചിച്ച 'ഗോഡ് ആസ് പൊളിറ്റിക്കല്‍ ഫിലോസഫര്‍: ബുദ്ധാസ് ചലഞ്ച് ടു ബ്രാഹ്‌മണിസം' എന്ന കൃതിയുടെ സവിശേഷമായ ചിന്തകള്‍ പങ്കുവച്ചുകൊണ്ട് ജോണി പനംകുളം വായനാവതരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ബുദ്ധനെയും നാരായണ ഗുരുവിനെയുമെല്ലാം അവതാരങ്ങളാക്കി, ദൈവങ്ങളാക്കി മാറ്റുന്ന ഇക്കാലത്ത് മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തെ നിര്‍വചിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായ ബുദ്ധന്റെ ചിന്തകള്‍ ഇളയ്യയുടെ കൃതിയിലൂടെ ജോണി സദസുമായി പങ്കുവച്ചു. ജാതി വ്യവസ്ഥയെ വിമര്‍ശിച്ച ബുദ്ധന്‍ താഴ്ന്ന ജാതിക്കാരെ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും സ്ത്രീകള്‍ക്ക് സംഘത്തില്‍ മാന്യമായ സ്ഥാനം നല്‍കുകയും അവരില്‍ ചിലരെ തന്റെ വിശ്വസ്ത ഉപദേശകരാക്കി മാറ്റുകയും ചെയ്തു. ജനാധിപത്യത്തിന്റെ പുരാതനമായ പ്രയോഗങ്ങള്‍ ബുദ്ധന്റെ സാമൂഹ്യ ഇടപെടലുകളില്‍ നമുക്ക് കാണാന്‍ സാധിക്കും. ബുദ്ധനെ വെറുമൊരു ആത്മീയതത്വജ്ഞാനിയാക്കി ചുരുക്കുകയല്ല, മറിച്ച് വലിയ സാമൂഹ്യചാലകശക്തിയാക്കി സാര്‍ത്ഥകമായ ആഖ്യാനം നല്‍കുകയാണ് ഇളയ്യ ചെയ്യുന്നതെന്ന് ജോണി വിശദീകരിച്ചു.

ഇന്ത്യയിലെ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും സമാധാന-നീതി പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ എഴുതിയ 'ഫാറ്റല്‍ ആക്സിഡന്റ്‌സ് ഓഫ് ബെര്‍ത്ത്' എന്ന കൃതിയുടെ വൈകാരികമായ തലങ്ങള്‍ എം. ഫൈസല്‍ സദസ്സില്‍ അവതരിപ്പിച്ചു. മതം, ജാതി. ലിംഗം എന്നിവ പ്രശ്‌നവല്‍ക്കരിക്കെപ്പെടുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ മന്ദര്‍ ഇടപെട്ട നിരവധി സംഭവങ്ങളില്‍ ചിലതാണ് ഈ പുസ്തകത്തിലുള്ളത്.

മതങ്ങളില്‍ മുസ്ലീം, സിഖ് വിഭാഗങ്ങള്‍, ജാതികളില്‍ ദളിതുകള്‍, ലിംഗങ്ങളില്‍ സ്ത്രീ, ഭിന്നലിംഗക്കാര്‍ എന്നിവര്‍ എപ്പോഴും അപകടകരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണെന്ന് പുസ്തകം അടിവരയിടുന്നു. സിഖ് വിരുദ്ധ കലാപത്തില്‍ തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാ പുരുഷന്മാരെയും നഷ്ടപ്പെട്ട ലച്മി കൗര്‍, രാജസ്ഥാനിലെ നിമോദയില്‍ ദൈവപ്രതിഷ്ഠ നടത്തിയതിന് പീഡിപ്പിക്കപ്പെട്ട ദലിതനായ കൃഷന്‍ ഗോപാല്‍, ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട നസീബ് ഷെയ്ഖ്, വീടുവിട്ടിറങ്ങി ഒടുവില്‍ യാചകനായി തെരുവില്‍ അലയേണ്ടിവന്ന തമിഴനായ മാരിയപ്പന്‍, ഭര്‍ത്താവില്‍ നിന്ന് എയ്ഡ്‌സ് എന്ന മഹാരോഗം പിടിപെട്ട് ഒടുവില്‍ ഏറ്റവും ദയനീയമായി മരണത്തെ പുല്‍കിയ സുശീല, അഹമ്മദാബാദില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ തുടങ്ങി ജാതിമേധാവിത്വത്തിന്റെ ഇരയായി ഒടുവില്‍ ആത്മഹത്യയിലേക്ക് നീങ്ങിയ പ്രതിഭാസമ്പന്നനായ രോഹിത് വെമുലവരെയുള്ളവരുടെ ജീവിതത്തിലെ നൈതികതയുടെ പ്രശ്‌നവല്‍ക്കരണത്തെ വൈകാരികമായും വസ്തുതാപരമായും അവതരിപ്പിക്കുകയാണ് മന്ദര്‍.

അനീതികൊണ്ടും വിവേചനം കൊണ്ടും ഹിംസകൊണ്ടും വെറുപ്പ് കൊണ്ടും വിഭജിക്കപ്പെട്ട ഇന്ത്യയുടെ വര്‍ത്തമാനം പറയുകയാണ് എഴുത്തുകാരന്‍. ഭീതിയില്‍ കനത്തുനില്‍ക്കുന്ന വാര്‍ത്തമാനകാലത്തെ ഹൃദയത്തിന്റെ ആഴത്തില്‍ കൊത്തുന്ന സംഭവങ്ങളുടെ വിവരണങ്ങള്‍ ഫൈസല്‍ പങ്കുവച്ചു.

സുരേഷ് ലാല്‍ അവതരിപ്പിച്ചത് സുനില്‍ പി. ഇളയിടം എഴുതിയ 'മൈത്രിയുടെ ലോകജീവിതം' എന്ന കൃതിയുടെ വായനാനുഭവമാണ്. സാഹോദര്യം, മൈത്രി എന്നീ ആശയങ്ങളെ നമ്മുടെ സാമൂഹ്യ ചരിത്ര വിചാര ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ പരിശോധിക്കുകയാണ് ഈ പുസ്തകം. ശ്രീനാരായണഗുരു, ഡോക്ടര്‍ അംബേദ്കര്‍, ഗാന്ധിജി എന്നിവര്‍ മുതല്‍ ഡോക്ടര്‍ പ്രദീപന്‍ പാമ്പിരിക്കുന്ന് വരെയുള്ള ചിന്തകരെ മുന്‍നിര്‍ത്തിയാണ് പുസ്തകം വിശകലനം നടത്തുന്നത്.

ഇന്ത്യന്‍ ബ്രാഹ്‌മണ്യത്തിന്റെ സഹജമായ താര്‍ക്കികയുക്തി ഇന്നും ആധിപത്യം പുലര്‍ത്തുന്ന നമ്മുടെ സമൂഹത്തില്‍, സൗമ്യവും ശക്തവുമായ സ്വരത്തില്‍, 'വാദിയ്ക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന ഗുരുവാക്യം കൊണ്ട് മറുപടി നല്‍കുന്ന ഈ കൃതിയുടെ വായന പ്രസക്തമാണെന്ന് സുരേഷ് ലാല്‍ അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തു നിന്നുകൊണ്ട്, സംസ്‌കാരത്തിന്റെ പ്രക്രിയാപരതയെ വിശദീകരിയ്ക്കാനും അതിലെ നൈതികതയുടെ അംശങ്ങളെ കണ്ടെത്താനുമുള്ള ശ്രമങ്ങളാണ്, 'മൈത്രിയുടെ ലോകജീവിത'ത്തെ ശ്രദ്ധേയമാക്കുന്നത്. സമൂഹം കലയില്‍ പ്രവര്‍ത്തിക്കുന്നതു പോലെ കല സമൂഹത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കലയുടേയും സാമൂഹികജീവിതത്തിന്റെയും അടിസ്ഥാനം 'നൈതികത' എന്ന ഒറ്റ ഉത്തരമായിരിക്കണമെന്നും ഈ കൃതി പറയുന്നു.

ജോമോന്‍ സ്റ്റീഫന്‍ വായനകളുടെ അവലോകനം നടത്തി. ചര്‍ച്ചയില്‍ വിപിന്‍ കുമാര്‍, സരസന്‍ ബദിയ, റസൂല്‍ സലാം, സബീന എം. സാലി, റഫീഖ് പന്നിയങ്കര, ഷഹീബ വി.കെ, നജീം കൊച്ചുകലുങ്ക്, അനിത്ര ജ്യോമി എന്നിവര്‍ പങ്കെടുത്തു. നാസര്‍ കാരക്കുന്ന് സംവാദം മോഡറേറ്റ് ചെയ്തു. റഫീഖ് പന്നിയങ്കരയുടെ 'പ്രിയപ്പെട്ടൊരാള്‍' എന്ന നോവല്‍ ഷഹീബക്ക് നല്‍കിക്കൊണ്ട് സബീന എം സാലി പരിപാടിയില്‍ പ്രകാശനം ചെയ്തു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025