ജിദ്ദ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് സൗദി അറേബ്യയുടെ ആതിഥേയത്തില്‍ കൊടിയേറി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി പ്രഗത്ഭരായ ഗോള്‍ഫ് കളിക്കാരുടെ സാനിധ്യത്തിലുള്ള ജി സി സി ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ജിദ്ദയിലെ റോയല്‍ ഗ്രീന്‍സ് ക്ലബ്ബില്‍ വെച്ചാണ് തുടക്കമിട്ടത്.
ടൂര്‍ണമെന്റ്‌റ് സൗദി ഗോള്‍ഫ് ഫെഡറേഷന്‍ ഓഫീസ് ഡയറക്ടര്‍ അബീര്‍ അല്‍ജഹ്നി ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അബീര്‍ അല്‍ജഹ്നി ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള കായിക സഹകരണം വര്‍ദ്ധിപ്പിക്കുന്ന ഒരു വലിയ പരിപാടി സൗദിയുടെ സ്ഥാപക ദിനാഘോഷങ്ങളോട് അനുബന്ധിച്ചായതിലെ ഇരട്ടി സന്തോഷം രേഖപ്പെടുത്തി. അതോടൊപ്പം ആഗോള ഗോള്‍ഫ് ഭൂപടത്തില്‍ മേഖലയുടെ സ്ഥാനം ഉറപ്പിക്കുന്നതില്‍ ജിദ്ദയില്‍ നടക്കുന്ന ടൂര്‍ണമെന്റിന് വലിയ സ്ഥാനമായിരിക്കും നേടുകയെന്നും ചൂണ്ടിക്കാട്ടി.
27 -ാമത് ജിസിസി പുരുഷ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ്, 16-ാമത് യൂത്ത് ചാമ്പ്യന്‍ഷിപ്പ് എന്നീ മത്സരങ്ങളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഗോള്‍ഫിന്റെ വളര്‍ച്ച പ്രതിഫലിപ്പിക്കുന്ന മത്സരാധിഷ്ഠിത അന്തരീക്ഷത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ സുല്‍ത്താനേറ്റ്, സൗദി അറേബ്യ എന്നിവയെ പ്രതിനിധീകരിക്കുന്ന ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഓരോ രാജ്യത്തെയും പുരുഷ - യുവജന വിഭാഗങ്ങളിലെ ഏറ്റവും പ്രമുഖരായ ഗോള്‍ഫ് താരങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
രാജ്യം സ്ഥാപക ദിനാഘോഷങ്ങളില്‍ മുഴുകിക്കഴിയുന്ന പശ്ചാത്തലത്തില്‍ തുടക്കം കുറിക്കുന്ന ഗള്‍ഫ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് ആവേശം ഇരട്ടിപ്പിച്ചിരിക്കുകയാണ്. കായിക മത്സരവും രാജ്യത്തിന്റെ പുരാതന ചരിത്രത്തിന്റെയും കായിക മേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ നേട്ടങ്ങളുടെയും ആഘോഷവും ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നു.
പ്രാദേശിക, രാജ്യാന്തര തലങ്ങളില്‍ രാജ്യത്തിന്റെ സ്ഥാനം മുമ്പില്ലാത്ത വിധം ഉന്നതിയിലേക്ക് കുതിച്ചു ചാട്ടം നടത്തി കൊണ്ടിരിക്കുമ്പോള്‍ കായിക രംഗവും അതില്‍ ഉള്‍പ്പെടുന്നു എന്ന സന്ദേശവും ഒരു മേഖലാ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ മറനീങ്ങുകയാണ്.
ഉദ്ഘാടന ചടങ്ങില്‍ സൗദി ഗോള്‍ഫ് ഫെഡറേഷനില്‍ നിന്നും ഗള്‍ഫ് ഫെഡറേഷനുകളില്‍ നിന്നുമുള്ള നിരവധി കായിക താരങ്ങളും ഉദ്യോഗസ്ഥരും കളിക്കാരും ആരാധകരും ആവേശപൂര്‍വം പങ്കാളികളായി. കായിക ബോധത്തിന്റെ ആത്മാവ് തുടിച്ചു നിന്ന ഉത്സവാന്തരീക്ഷത്തില്‍, പങ്കെടുക്കുന്ന എല്ലാ ടീമുകളും അവരവരുടെ രാജ്യത്തിന്റെ പതാകക്ക് കീഴില്‍ നടത്തിയ അരങ്ങേറ്റം ഗള്‍ഫ് ഐക്യത്തിന്റെ പ്രതിദ്ധ്വനി കൂടിയായി. പരമ്പരാഗത കലാപരിപാടികളും അരങ്ങേറി.
Related News