വാഷിങ്ടണ്‍: അമേരിക്കയുടെ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഡയറക്ടറായി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭഗവത് ഗീതയില്‍ കൈവച്ചാണ് കാഷ് പട്ടേല്‍ സത്യ പ്രതിജ്ഞ ചെയ്തത്. വാഷിങ്ടണില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയാണ് പുതിയ എഫ്.ബി.ഐ ഡയറക്ടര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സഹോദരി നിഷ, ജീവിത പങ്കാളി അലക്‌സസ് എന്നിവരും കാഷ് പട്ടേലിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഒമ്പതാമത്തെ എഫ്.ബി.ഐ ഡയറക്ടറായ കാഷ് പട്ടേല്‍, തനിക്ക് ഈ അവസരം നല്‍കിയതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് നന്ദി അറിയിച്ചു. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണിതെന്നും ഭരണഘടനക്ക് അനുസൃതമായി എഫ്.ബി.ഐയെ നയിക്കുമെന്നും കാഷ് പട്ടേല്‍ വ്യക്തമാക്കി. സാധാരണ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന ഒരു ഇന്ത്യന്‍ യുവാവിന് എഫ്.ബി.ഐയുടെ തലപ്പത്ത് എത്താന്‍ സാധിച്ചത് അമേരിക്ക നല്‍കുന്ന സാധ്യതകളുടെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും തെളിവാണെന്നും കാഷ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
38,000 ജീവനക്കാരുള്ള എഫ്.ബി.ഐയുടെ വാര്‍ഷിക ബജറ്റ് 11 ബില്യന്‍ ഡോളറാണ്. തന്ത്രപ്രധാനമായ ഏജന്‍സിയുടെ ചുമതല ഇനി ട്രംപിന്റെ വിശ്വസ്തനായ നിയമ വിദഗ്ധനായ കാഷ് പട്ടേലിനായിരിക്കും. 1980 ഫെബ്രുവരി 25 ന് ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയില്‍ ജനിച്ച കാഷ് പട്ടേല്‍ റിച്ച്മണ്ട് സര്‍വകലാശാലയില്‍നിന്ന് ബിരുദവും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് രാജ്യാന്തര നിമയത്തില്‍ ബിരുദാന്തര ബിരുദവും നേടിയിട്ടുണ്ട്.
Related News