l o a d i n g

സാംസ്കാരികം

ചിലങ്കയില്‍ വിസ്മയം, നടനമുദ്ര വിരിയിച്ച് ജിദ്ദയുടെ ഡോക്ടര്‍ നിറഞ്ഞാടി

35 കൊല്ലത്തിനു ശേഷം ഭരതനാട്യം അവതരിപ്പിച്ച് കൈയടി നേടിയ ഡോ. ഇന്ദുചന്ദ്ര തന്റെ നൃത്താനുഭവം പങ്കുവെക്കുന്നു

Thumbnail

35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഞാന്‍ ചിലങ്ക അണിഞ്ഞു. ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ആ കുട്ടിക്കാലത്തിലേക്ക് മനസ്സ് ചെന്നെത്തി. ആദ്യമായി ഞാന്‍ നൃത്തം പഠിക്കുന്നത് നാലാം വയസ്സിലാണ്. അന്നെനിക്ക് നൃത്തം ഇഷ്ടമായിരുന്നോ എന്ന് ചോദിച്ചാല്‍ കൃത്യമായി ഒരു മറുപടി പറയാന്‍ കഴിയില്ല. എന്റെ മമ്മിയുടെ വലിയ ആഗ്രഹമായിരുന്നു ഞാന്‍ നൃത്തം ചെയ്തു കാണണം എന്നുള്ളത്. അതുകൊണ്ട് എന്നെ വളരെ ചെറുപ്പത്തിലെ തന്നെ നൃത്തം പഠിപ്പിച്ചു. മോഹന ചന്ദ്രന്‍ മാഷ് ആയിരുന്നു ആദ്യ ഗുരു. നാടോടി നൃത്തവും സെമി ക്ലാസിക്കലുമാണ് അന്ന് പഠിച്ചത്. അരമണ്ഡലം നില്‍ക്കാത്തതിന് മാഷ് വഴക്കു പറഞ്ഞപ്പോള്‍ മൂത്രമൊഴിച്ചത് ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല. ഡാന്‍സ് പ്രാക്ടീസ് കാരണം കാലും മുട്ടും ഒക്കെ വേദന എടുക്കുമായിരുന്നു.

എന്റെ അരങ്ങേറ്റം അഞ്ചാം വയസ്സിലായിരുന്നു. വലിയ ഉദ്ദേശ്വരം മഹാദേവര്‍ ക്ഷേത്രത്തില്‍. കാളിയമര്‍ദ്ദനമാണ് ആദ്യം അവതരിപ്പിച്ചത്. സ്റ്റേജില്‍ ഞാന്‍ ഡാന്‍സ് ചെയ്യുന്ന സമയത്ത് ആളുകള്‍ സ്റ്റേജില്‍ കയറിവന്ന് രൂപയൊക്കെ കയ്യില്‍ വെച്ചു തന്നു. അന്ന് നൃത്തം ചെയ്തവരില്‍ ഏറ്റവും ചെറിയ കുട്ടി ഞാന്‍ തന്നെയായിരുന്നു. കാളിയന്റെ പുറത്ത് കയറിയുള്ള കൃഷ്ണന്റെ നൃത്തം ആളുകള്‍ക്ക് വളരെ ഇഷ്ടമായി. പിന്നെ ചെയ്തത് ശിവതാണ്ഡവ മായിരുന്നു. ഞാനും വാമനന്‍ മാമന്റെ മകള്‍ പ്രീജയും ചേര്‍ന്നാണ് ആ നൃത്തം അവതരിപ്പിച്ചത്. ഞാനായിരുന്നു ശിവന്‍. പിന്നെ ഒരുപാട് അമ്പലങ്ങളില്‍ സ്‌കൂളുകളില്‍ ഞാന്‍ നൃത്തം അവതരിപ്പിച്ചു.

ആ ഒരു കാലം വളരെ മനോഹരമായ ഒന്നായിരുന്നു. മിക്കവാറും പരിപാടി തുടങ്ങുക രാത്രി 10 മണിക്ക് ശേഷം ആയിരിക്കും. പുലര്‍ച്ചെ 4 5 മണി വരെ പരിപാടി നീണ്ടുപോകും. ഈ സമയം സ്റ്റേജിന്റെ ബാക്കിലുള്ള പുല്‍പ്പായയില്‍ കിടന്നാണ് നര്‍ത്തകരുടെ ഉറക്കം. നമ്മുടെ പരിപാടി തുടങ്ങുന്നതിന് ഒരു 10 മിനിറ്റ് മുമ്പ് വിളിച്ചെഴുന്നേല്‍പ്പിക്കും. പിന്നെ ഒരു ചെറുപഴമോ അല്ലെങ്കില്‍ നേന്ത്രപ്പഴമോ കഴിക്കാന്‍ തരും. ഇതാണ് പതിവ് രീതി. ഫുള്‍ മേക്കപ്പിലാണ് കേട്ടോ ഉറക്കം. അന്നൊന്നും ആരെങ്കിലും വന്ന് ഉപദ്രവിക്കും എന്നൊന്നും ആര്‍ക്കും ഭയമുണ്ടായിരുന്നില്ല. ഗ്രീന്‍ റൂമില്‍ ബാലെ ട്രൂപ്പിന്റെ ആളുകളും മറ്റുമൊക്കെയായി ആണുങ്ങളും പെണ്ണുങ്ങളും ധാരാളം ഉണ്ടാവുമായിരുന്നു. അന്ന് ആണും പെണ്ണും ആയിരുന്നില്ല നൃത്തം ചെയ്തിരുന്നത്, കലാകാരന്മാര്‍ ആയിരുന്നു. നര്‍ത്തകരുടെ ഇടയില്‍ ഒന്നും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടായിരുന്നില്ല. ഞങ്ങളെയൊക്കെ ഒരുക്കിയിരുന്നത് മേക്കപ്പ് മാന്‍മാരായിരുന്നു. കൂട്ടത്തില്‍ ഏറ്റവും ചെറിയ ആള്‍ ഞാന്‍ ആയതുകൊണ്ട് തന്നെ എവിടെ ചെന്നാലും ഒരുപാട് മാമന്മാരുടെയും മാമിമാരുടെയും അമ്മൂമ്മമാരുടെയും ഒക്കെ സ്‌നേഹം എനിക്ക് ആവോളം കിട്ടിയിരുന്നു.

അന്നൊന്നും നൃത്തം ചെയ്യുന്ന കുട്ടികള്‍ ഒരുപാടൊന്നും ഉണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു നൃത്ത പരിപാടികള്‍ക്ക് പോയിരുന്നത്. എന്റെ മമ്മിക്ക് കലയോട് വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ നാടകങ്ങളും നൃത്ത പരിപാടികളും, കഥകളിയും ഒക്കെ കാണാന്‍ എന്നെ കൊണ്ടുപോകുമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴും എനിക്ക് ഇതൊക്കെ വളരെ ഹരം തരുന്ന ഒന്ന് തന്നെയാണ്. മമ്മിയുടെ നിര്‍ബന്ധത്തില്‍ ആണ് നൃത്ത പഠനം തുടങ്ങിയതെങ്കിലും പിന്നെപ്പിന്നെ ഞാന്‍ നൃത്തത്തെയും അഭിനയത്തെയും സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ന് ഇതിനോടൊക്കെ എന്തെന്നില്ലാത്ത ഒരു അഭിനിവേശം എനിക്കുണ്ട്.
അന്നൊക്കെ ടാഗോര്‍ തിയേറ്ററില്‍ ജയഭാരതിയുടെയും ശാന്തികൃഷ്ണയുടെയും ഒക്കെ നൃത്ത പരിപാടികള്‍ അരങ്ങേറുമായിരുന്നു. മമ്മിക്ക് അതൊക്കെ ഇഷ്ടമായിരുന്ന തുകൊണ്ടുതന്നെ എന്നെയും അതൊക്കെ കാണാന്‍ കൊണ്ടുപോകുമായിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കണം കലയോട് ഇന്നുള്ള എന്റെ അഭിനിവേശം.

അന്നൊക്കെ കഥകളി കണ്ടു കണ്ടു പുലര്‍ച്ചയാകുമ്പോഴേക്കും സ്റ്റേജിന്റെ മുന്‍പില്‍ മമ്മിയുടെ മടിയില്‍ തലചായ്ച്ചുറങ്ങും. കീചകവധവും, കംസ നിഗ്രഹവും ഒക്കെ അന്നത്തെപ്പോലെ ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. പിന്നെ ശ്രീ സാംബശിവന്റെ കഥാപ്രസംഗം, അത് ഒന്നു പോലും ഞാന്‍ കാണാതെ വിട്ടിട്ടില്ല. മാമ്പഴം, ക്ലിയോപാട്ര അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. അദ്ദേഹത്തിന്റെ കഥാപ്രസംഗം ഉണ്ടെങ്കില്‍ ഉത്സവപ്പറമ്പില്‍ ഇരിക്കാന്‍ സ്ഥലം കിട്ടിയിരുന്നില്ല. എത്ര മനോഹരമായിട്ടായിരുന്നു അദ്ദേഹം കഥകള്‍ അവതരിപ്പിച്ചിരുന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് കഥാപ്രസംഗം എന്തെന്ന് പോലും അറിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ മക്കള്‍ക്കൊന്നും ഇതേക്കുറിച്ച് യാതൊരു രൂപവുമില്ല എന്ന് മാത്രമല്ല ഇതൊന്നും കാണാനും കേള്‍ക്കാനും ഇഷ്ടവുമല്ല. നാടകവും കഥകളിയും കഥാപ്രസംഗവും ഒക്കെ ഇന്നത്തെ ന്യൂജനറേഷനില്‍ നിന്നും ഒരുപാട് അകലം ഉണ്ട്. മൂന്നുമണിക്കൂര്‍ ഒക്കെ മതിലിന്റെ മുകളില്‍ കയറിയിരുന്ന് പരിപാടികള്‍ കണ്ട സമയങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ ഒരു കാലം. ഇന്നത്തെ ജനറേഷന്‍ തന്ത വൈബ് എന്ന് ഓമനപ്പേരില്‍ വിളിക്കുന്നതൊക്കെ ഇന്നും മനസ്സിന്റെ കോണില്‍ എരിഞ്ഞു കൊണ്ടിരിക്കുന്നു. ഈ തന്ത വൈബ് എന്ന് പറയുന്നതൊക്കെ നമ്മള്‍ക്കൊക്കെ ഒരു നൊസ്റ്റാള്‍ജിയ ആണെന്ന് ന്യൂജന് അറിയില്ലല്ലോ.


പല സ്റ്റേജ് പരിപാടികളിലും പങ്കെടുക്കുമായിരുന്നെങ്കിലും മത്സരവേദികളില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല അതിനൊരു കാരണവും ഉണ്ട്. ഒരു പ്രാവശ്യം സ്‌കൂള്‍ യുവജനോത്സവത്തില്‍ ഞാന്‍ ഭരതനാട്യം മത്സരത്തില്‍ പങ്കെടുത്തു. അന്ന് എന്റെ മമ്മി മറ്റുചില കുട്ടികളുടെ രക്ഷിതാക്കള്‍ കാശുകൊടുത്ത് വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നത് നേരിട്ട് കണ്ടു. അതിനുശേഷം ഒരിക്കലും ഒരു മത്സരത്തിലും എന്നെ പങ്കെടുപ്പിച്ചിട്ടില്ല. പിന്നെ മത്സരങ്ങള്‍ക്ക് വേണ്ടി അല്ല മമ്മി എന്നെ നൃത്തം പഠിപ്പിച്ചത്. മമ്മിയുടെ സാക്ഷാത്കരിക്കപ്പെടാത്ത മോഹങ്ങളില്‍ ഒന്നായിരുന്നു നൃത്ത പഠനം. അത് എന്നിലൂടെ പൂര്‍ത്തീകരിക്കാന്‍ ആണ് മമ്മി ആഗ്രഹിച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ കൈവെക്കാത്ത മേഖലകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതില്‍ ബാലേയും പെടും. തിരുവനന്തപുരം ഹോളി എന്‍ജല്‍സ് കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു BLATS എന്നായിരുന്നു ആ ഗ്രൂപ്പിന്റെ പേര്. ബിന്ദു, ലക്ഷ്മി ,ആന്‍സിയ, ട്രീസ, സന്ധ്യ. ഇവരായിരുന്നു അതിലെ അംഗങ്ങള്‍. ഞങ്ങളെല്ലാവരും കൂടിയായിരുന്നു ആ ബാലെ അവതരിപ്പിച്ചത്. 8 നിലയില്‍ പൊട്ടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു ബാലേക്കുള്ള സെറ്റപ്പ് ഒന്നും അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അതായിരുന്നു കാരണം.

ഞാന്‍ ആദ്യം പറഞ്ഞപോലെ മോഹന ചന്ദ്രന്‍ മാഷ് ആയിരുന്നല്ലോ ഗുരു. പിന്നെ കോഴിക്കോട് മമ്മിക്കു ട്രാന്‍സ്ഫറായി പോയപ്പോള്‍ സിന്ധു ശേഖര്‍ എന്ന മാഷ് ആയി ഭരതനാട്യം ഗുരു. ആ മാഷ് തന്നെയാണ് ആദ്യകാലത്ത് സിനിമാ നടന്‍ വിനീതിനെയും നൃത്തം പഠിപ്പിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ തളി ക്ഷേത്രത്തിലും കോഴിക്കോട് ബീച്ച് സ്‌കൂളിലും ഒക്കെ നൃത്ത പരിപാടികള്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോള്‍ മാഷ് മാസത്തിലൊരിക്കല്‍ തിരുവനന്തപുരത്ത് വന്ന് രണ്ടു ദിവസം താമസിച്ച് ഭരതനാട്യം പഠിപ്പിച്ചിട്ട് കോഴിക്കോട്ടേക്ക് മടങ്ങും. അത് ആയിരുന്നു പതിവ്. ആദ്യം അരങ്ങേറ്റം ചെയ്ത വലിയ ഉദ്ദേശം മഹാദേവര്‍ ക്ഷേത്രത്തില്‍ തന്നെയായിരുന്നു ഭരതനാട്യം അരങ്ങേറ്റവും. അന്നൊക്കെ കോയമ്പത്തൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമൊക്കെയാണ് ഭരതനാട്യം ഡ്രസ്സും ആഭരണങ്ങളും ഒക്കെ എടുത്തിരുന്നത്. എനിക്കും അതുപോലെ തന്നെ മമ്മി മദ്രാസില്‍ നിന്നുമാണ് ഡ്രസ്സ് ഒക്കെ എടുത്തത്. അന്നത്തെ ആഭരണങ്ങളൊക്കെ അതിമനോഹരമായിരുന്നു. അതുപോലെതന്നെയായിരുന്നു ഡ്രസ്സും. അന്നത്തെ ആഭരണങ്ങളുടെയും ഡ്രസ്സിന്റെയും ഒന്നും ഭംഗി ഇപ്പോഴത്തെ വേഷവിധാനങ്ങള്‍ക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അന്ന് അതായത് അരങ്ങേറ്റ ദിവസം എന്റെ മാഷും ഒരു നാടോടി നൃത്തം അവതരിപ്പിച്ചിരുന്നു. ആമിന താത്താന്റെ പൊന്നുമോളാണ് എന്ന ഗാനത്തിനായിരുന്നു നിര്‍ത്തം വെച്ചത്. കുറച്ചുകാലം കഴിഞ്ഞ് മാഷ് സോണല്‍ മാന്‍സിങ്ങിന്റെ ഗ്രൂപ്പിലേക്ക് പോയി. അതോടെ മാഷിന്റെ കീഴിലുള്ള എന്റെ നൃത്ത പഠനം അവസാനിച്ചു.

പിന്നെ വന്നത് കഥകളിയാചാര്യന്‍ ശ്രീ ഗോപിനാഥന്റെ ശിഷ്യനായിരുന്നു. ആ മാഷിന്റെ ഭരതനാട്യം സ്‌റ്റൈല്‍ ഞാന്‍ പഠിച്ചതില്‍ നിന്നും കുറച്ച് വ്യത്യസ്തമായിരുന്നു. എന്നാലും കുറെ നാള്‍ അദ്ദേഹത്തിന്റെ കീഴില്‍ നൃത്ത പഠനം തുടര്‍ന്നു. പിന്നെ പത്താം ക്ലാസ് ആലപ്പുഴയില്‍ ആയിരുന്നു. അതോടെ ഭരതനാട്യം പഠനം നിര്‍ത്തി. പക്ഷേ സ്‌കൂളില്‍ നാടകവും മോണോ ആക്റ്റും സമൂഹ നൃത്തവും എല്ലാം ഞാന്‍ അവതരിപ്പിച്ചു. അന്ന് ഞാന്‍ അവിടെ സ്‌കൂള്‍ മിനിസ്റ്റര്‍ ആണ്. ആ കൊല്ലം ആദ്യമായി തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിലേക്ക് സ്ഥലം മാറി ചെന്നിട്ടും സ്‌കൂള്‍ ഇലക്ഷനില്‍ നിന്ന് ജയിച്ചാണ് ഞാന്‍ സ്‌കൂള്‍ മിനിസ്റ്റര്‍ ആയത്. അതൊക്കെ ഒരു രസമുള്ള കാലഘട്ടമായിരുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സംവിധായകന്‍ ഫാസില്‍ ,'എന്നെന്നും കണ്ണേട്ടന്റെ 'എന്ന സിനിമ എടുക്കുന്നത്. ആ സിനിമയില്‍ നായികയായി എന്നെ സമീപിച്ചതാണ്. പക്ഷേ എന്റെ മമ്മി സിനിമ മേഖലയിലേക്ക് എന്നെ വിടാന്‍ ഒട്ടും താല്പര്യം കാണിച്ചില്ല. പിന്നെ സിനിമാനടന്‍ എം ജി സോമന്‍ (മമ്മിയുടെ അമ്മാവന്‍) അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അതുകൊണ്ട് എന്തായി? സിനിമ മേഖലയ്ക്ക് ഒരു നല്ല നായികയെ നഷ്ടപ്പെട്ടു. തമാശയാണേ. ആരും ട്രോളരുത്. പിന്നെയാണ് ഞങ്ങളുടെ സ്‌കൂളിലെ തന്നെ സോണിയ ജി നായരെ ആ സിനിമയിലേക്ക് സെലക്ട് ചെയ്തത്. അങ്ങനെ നല്ലൊരു അവസരം എനിക്ക് അന്ന് നഷ്ടമായി. നഷ്ടമെന്ന് ഞാന്‍ അതിനെ ഒരിക്കലും പറയില്ല, കാരണം സംഭവിക്കാനുള്ളത് സംഭവിക്കും.

എന്തിനും ഒരു കാരണമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ വഴി മറ്റൊന്നായിരുന്നു. അന്ന് ചിലപ്പോള്‍ സിനിമയിലേക്ക് പോയിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഒരു ഡോക്ടറാകുമായിരുന്നില്ല. ഞാന്‍ ഇപ്പോഴത്തെ എന്റെ ജോലിയെ ഒത്തിരി ഇഷ്ടപ്പെടുന്നു. ഇതാണ് എന്റെ വഴി. പിന്നെ ഡിഗ്രി തൃശ്ശൂരില്‍ സെന്റ്‌മേരിസ് കോളേജില്‍ ചെയ്യുമ്പോള്‍ പി സി തോമസ് മാഷിന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു ഒരു പരിപാടികളിലും പങ്കെടുക്കരുത് എന്ന്. എന്‍ട്രന്‍സ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി മറ്റൊന്നിലേക്കും ശ്രദ്ധ പോകരുത് എന്ന് മാഷ് നിര്‍ദ്ദേശിച്ചു. അതുകൊണ്ട് എന്താ, ആ രണ്ടു വര്‍ഷക്കാലം., മനോഹരമായ ക്യാമ്പസ് കാലത്ത് ഒരു പരിപാടികളിലും പങ്കെടുത്തില്ല. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ കയറിയതിനു ശേഷം ഗ്രൂപ്പ് ഡാന്‍സ് ഒപ്പന അങ്ങനെ ഒരുപാട് പരിപാടികളില്‍ പങ്കെടുക്കാന്‍ പറ്റി. മെഡിക്കല്‍ യൂത്ത് ഫെസ്റ്റിവലുകളിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കോഴിക്കോട് വെച്ചുള്ള യുവജനോത്സവത്തില്‍ കോഴിക്കോട്ടുകാരെ ഒപ്പനയില്‍ തോല്‍പ്പിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഞങ്ങള്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. അതുകാരണം അന്ന് അവിടെ കുറെ പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. വിധികര്‍ത്താക്കള്‍ ചിരിയില്‍ മയങ്ങി മാര്‍ക്ക് കൊടുത്തു എന്നാണ് കോഴിക്കോട് ടീമിലെ ആളുകള്‍ പറഞ്ഞത്.

മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഗിറ്റാര്‍ പഠനം തുടങ്ങിയത്. ഗിറ്റാറിന്റെ അരങ്ങേറ്റം മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെയായിരുന്നു. പിന്നെ എപ്പോഴോ ആ പഠനം മുടങ്ങി. ഒരുപാട് ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ജീവിതം. കുറെ പേരുടെ മുഖങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഞാന്‍ ഒത്തിരി സ്‌നേഹിച്ച എന്റെ പ്രിയ കൂട്ടുകാരി ഷീല. ഇന്നൊരുപാട് ദൂരെയാണ് എങ്കിലും ആ നല്ല കാലം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അതുപോലൊരു കൂട്ടുകാരി പിന്നെ എന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. രാഖി കെട്ടിക്കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ച ഫസല്‍, പിന്നെ ഉണ്ണി, ഷാജി, ഷമീല്‍. അടുത്ത ബാച്ചിലെ നൗഷാദ്, സുധീഷ്, സുനില്‍ ശര്‍മിള. ഇവരോടൊപ്പം ആണ് ഞങ്ങള്‍ സ്റ്റഡി ടൂറിന് പോയത്. ഈ സുഹൃത്തുക്കളെ കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് ഉണ്ട്. ഈ കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ സ്‌നേഹിച്ചവരും എന്നെ സ്‌നേഹിച്ചവരും ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. ഒത്തിരി സംഭവബഹുലമായിരുന്നു അവിടുത്തെ ക്യാമ്പസ് ലൈഫ്. എല്ലാം തുറന്നെഴുതാന്‍ ഒരിക്കലും കഴിയില്ല എന്നതുകൊണ്ടും, പലര്‍ക്കും വിഷമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടും അതൊന്നും ഞാന്‍ ഇവിടെ കുറിക്കുന്നില്ല. എന്റെ മനസ്സിന്റെ കോണില്‍, ഓര്‍മ്മയുടെ സിന്ദൂരച്ചെപ്പില്‍ അതെന്നും ഭദ്രമായിരിക്കും.

പിന്നെ ഞാന്‍ നൃത്തം ചെയ്യുന്നത് പിജി പഠനകാലത്താണ്. റഷ്യയില്‍ വെച്ച് ഞാന്‍ പഠിച്ച കോളേജിലും, പുറത്ത് ചില പരിപാടികളിലും ഞാന്‍ സെമി ക്ലാസിക്കലും സിനിമാറ്റിക് നൃത്തവും പലപ്രാവശ്യം അവതരിപ്പിച്ചു. ചയ്യ ചയ്യ, സറക്കുവെച്ചിരിക്കെ, രാക്ഷസി, ദില്‍സേ അങ്ങനെ കുറെ നല്ല പാട്ടുകള്‍ക്ക് ഞാന്‍ നൃത്തം അവതരിപ്പിച്ചു. പഠനത്തിലും ആ കാലഘട്ടത്തില്‍ ഞാന്‍ ഒട്ടും മോശമായിരുന്നില്ല. പിജി തീസസ് സെമിനാര്‍ റഷ്യന്‍ ഭാഷയില്‍ അവതരിപ്പിച്ച് ഞാന്‍ സമ്മാനം നേടി. ബെസ്റ്റ് ഔട്ട് ഗോയിങ് പിജി സ്റ്റുഡന്റ് എന്ന അവാര്‍ഡ് നേടിയാണ് ഞാന്‍ ആ കലാലയം വിട്ടത്. അതുകഴിഞ്ഞ് പിന്നെ നൃത്തം ചെയ്യുന്നത് സൗദിയില്‍ വന്ന് ജെ എന്‍ എച്ച് ഹോസ്പിറ്റലിലെ പരിപാടികള്‍ക്ക് മാത്രമായി ഒതുങ്ങി. അതും സിനിമാറ്റിക് മാത്രം. ഇതിനിടയില്‍ എന്റെ ജീവിതത്തില്‍ ഒരുപാട് സംഭവങ്ങള്‍ അരങ്ങേറി. അതൊക്കെ എഴുതാന്‍ തുടങ്ങിയാല്‍ വോളിയം വണ്‍ ടു ത്രീ എന്നു പറഞ്ഞ് അങ്ങനെ നീണ്ടുപോകും പുസ്തകങ്ങളുടെ നിര. അതുകൊണ്ട് നൃത്തത്തെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഇവിടെ കുറിക്കുന്നുള്ളൂ.

ഇതിനിടയില്‍ കണ്ണീരിന്റെ നനവുകള്‍ ഉണ്ട്. നീറുന്ന ഓര്‍മ്മകള്‍ ഉണ്ട്. നഷ്ടസ്വപ്നങ്ങള്‍ ഉണ്ട്. സഹായിക്കാന്‍ ആരുമില്ലാതെ പകച്ചുനിന്ന അവസരങ്ങളുണ്ട്. ചതിയും വഞ്ചനയും ഉണ്ട്. ഹൃദയം നുറുങ്ങുന്ന വേദനയും, മരവിച്ച മനസ്സുമായി നിന്ന സമയങ്ങളും ഉണ്ട്. കുറ്റപ്പെടുത്തലും പരിഹാസവുമായി വന്ന ആളുകളുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ ഇങ്ങനെ ആയിരിക്കണം അല്ലെങ്കില്‍ ഒരു ഡോക്ടര്‍ എന്നു പറഞ്ഞാല്‍ നൃത്തവും കലയും ഒന്നും പാടില്ല എന്നു കരുതുന്ന ഒരു സമൂഹം ഇപ്പോഴും ഇവിടെയുണ്ട്.

ഇപ്പോള്‍ ഞാന്‍ എന്റെ പഴയ ആഗ്രഹങ്ങളൊക്കെ പൊടിതട്ടിയെടുക്കുകയാണ്. മുടങ്ങിപ്പോയ നൃത്ത പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്. 35 കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ ഈ കഴിഞ്ഞ ദിവസമാണ് ചിലങ്ക അണിഞ്ഞത്. ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ടായിരുന്നു. നൃത്തത്തോട് മുഴുവനായി നീതിപുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാലും ഒരു തുടക്കം എന്ന നിലയില്‍ കുറച്ചൊക്കെ ഭംഗിയാക്കാന്‍ കഴിഞ്ഞിട്ടും ഉണ്ട്. ഇനിയും ഭരതനാട്യം എനിക്ക് അവതരിപ്പിക്കണം. ഒരു പ്രായം കഴിഞ്ഞാല്‍ ഇതൊന്നും ചെയ്യാന്‍ പാടില്ല എന്ന് കരുതുന്നവര്‍ക്കുള്ള ഒരു മറുപടിയും കൂടിയാണത്. ഞാന്‍ യോഗ പഠിക്കാന്‍ പോകുന്നുണ്ട്. ഒരു കൊല്ലത്തോളം ആയി ഇപ്പോള്‍ ആഴ്ചയില്‍ മൂന്നുദിവസം വെച്ച് ചെയ്യുന്നുണ്ട്. തുടക്കത്തില്‍ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും മോശമില്ലാതെ ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. നമ്മുടെ സ്വപ്നങ്ങള്‍ നമ്മുടേത് മാത്രമാണ്. ആ സ്വപ്നങ്ങള്‍ക്ക് പിറകെ പോകാന്‍ വയസ്സ് ഒരു വിലങ്ങു തടി അല്ല. വയസ്സ് എന്നത് വെറും ഒരു നമ്പര്‍ മാത്രമാണ് എന്ന് തെളിയിച്ച ഒരുപാട് മഹാന്മാര്‍ ഈ ലോകത്ത് ഉണ്ട്. അവരില്‍ നിന്നും നമുക്ക് പ്രചോദനം സ്വീകരിക്കാം.

ചെറിയ ചെറിയ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മനസ്സിന്റെ കോണില്‍ ഒതുക്കി ജീവിക്കുന്ന എന്റെ സുഹൃത്തുക്കളോട് ഒരു വാക്ക്. ജീവിതയാത്രയില്‍ നമ്മള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയുണ്ടാവാം. അത് യാത്രകള്‍ ആവാം കലയാവാം എഴുത്താവാം. എന്തുതന്നെ ആയിക്കൊള്ളട്ടെ. അതിനു പ്രായം ഒരിക്കലും ഒരു തടസ്സം ആവുന്നില്ല. ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളാണ് നമ്മുടെ സ്വര്‍ഗ്ഗം. നമ്മള്‍ സന്തോഷിക്കുമ്പോള്‍ നമ്മുടെ ചുറ്റുമുള്ള വരും സന്തോഷിക്കുന്നു. നിരുത്സാഹപ്പെടുത്താന്‍ ഒരുപാട് പേരുണ്ടാവും. അതിന് ചെവി കൊടുക്കാന്‍ നിന്നാല്‍ നമുക്ക് അതിനെ സമയം കാണുകയുള്ളൂ. നമ്മുടെ ചെറിയ ആഗ്രഹങ്ങളും അഭിരുചികളും പിന്തുടരാന്‍ സമയം കണ്ടെത്തുക. ഇത്രയും പ്രായമൊക്കെ ആയില്ലേ ഇനിയെന്ത് കല എന്ന് ഒരിക്കലും ചിന്തിക്കാതിരിക്കുക. നമ്മുടെ അഭിരുചികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അത് ഇന്നുതന്നെ തുടങ്ങുക. 60-ാം വയസ്സില്‍ ഒരു ചിത്രകാരനായ പിക്കാസോ, 70-ാം വയസ്സില്‍ പുസ്തകങ്ങള്‍ എഴുതിയ റഷ്യന്‍ എഴുത്തുകാരി ലിയോണ്‍ ടോള്‍സ്റ്റോയ്, 80-ാം വയസ്സില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ച വ്യവസായ പ്രമുഖര്‍ എല്ലാവരും പ്രായം ഒരു തടസ്സമല്ലെന്നത് തെളിയിക്കുന്നു.

നമ്മള്‍ നമ്മളുടെ ഇഷ്ടങ്ങള്‍ പിന്തുടരുമ്പോള്‍ ലോകം നമ്മള്‍ക്കായി ഒരു വേദിയാകും. ഹൃദയത്തില്‍ തിളക്കമുള്ള ആഗ്രഹങ്ങളുമായി, ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും മുന്നേറാന്‍ എല്ലാവര്‍ക്കും കഴിയട്ടെ. 35 വര്‍ഷങ്ങള്‍ക്കു മുമ്പ് അഴിച്ചുവെച്ച ചിലങ്ക ഇന്ന് എനിക്ക് അണിയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതിന്റെ ക്രെഡിറ്റ് 80ാം വയസ്സിലും കവിത എഴുതുന്ന, നൃത്തം ചെയ്യുന്ന, നീന്തല്‍ കുളത്തില്‍ നീന്തുന്ന എന്റെ മമ്മിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഒരു കുന്നോളം സ്‌നേഹം മനസ്സില്‍ ഒതുക്കി മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന, കൊച്ചു മക്കളെ വാനോളം സ്‌നേഹിക്കുന്ന എന്റെ മമ്മിക്ക് ഞാനിത് സമര്‍പ്പിക്കുന്നു.

Photo Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025