കൊച്ചി: 'അമ്മ' മുന്‍ ഭാരവാഹിയും നടനുമായ ജയന്‍ ചേര്‍ത്തലക്കെതിരെ നിര്‍മാതാക്കളുടെ സംഘടന. തങ്ങള്‍ക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ജയന്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. രണ്ടു ദിവസം മുന്‍പാണ് ജയന്‍ ചേര്‍ത്തല നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത്. അഭിനേതാക്കള്‍ പണിക്കാരെ പോലെ ഒതുങ്ങി നില്‍ക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോയിയേഷന്റെ നിലപാടെന്നും എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ടെന്നും ജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
താരങ്ങളാണ് സിനിമയ്ക്ക് നഷ്ടമുണ്ടാക്കുന്നതെന്ന നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ പരാമര്‍ശം സത്യവിരുദ്ധമായ കാര്യമാണെന്നായിരുന്നു ജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സുരേഷ് കുമാറിന്റെ മകള്‍ നടിയല്ലേ? അവര്‍ കോടികള്‍ മേടിച്ചാണല്ലോ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപ കുറച്ച് അവര്‍ ഒരു സിനിമ ചെയ്തതായിട്ട് നമ്മുടെ അറിവില്‍ ഇല്ലല്ലോ എന്നും ജയന്‍ ചേര്‍ത്തല ചോദിച്ചിരുന്നു. താരങ്ങളുടെ കച്ചവട മൂല്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കണം. മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത അഭിനേതാക്കള്‍ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയത് 'അമ്മ' ആണെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. നിര്‍മാതാക്കളുടെ അനിഷ്ടത്തിനിടയാക്കിയത് ഇതാണ്.
Related News